പലസ്തീന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തി ക്യൂബന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും

ഹവാന: പലസ്തീന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹവാനയിലെ യുഎസ് എംബസിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കി ക്യൂബന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ് കാനല്‍ ഹവാനയില്‍ പലസ്തീന്‍ അനുകൂല മാര്‍ച്ചിന് നേതൃത്വം നല്‍കി. ആയിരങ്ങളാണ് പലസ്തീന് അനുകൂലമായി തെരുവിലിറങ്ങിയത്. സ്വതന്ത്ര പലസ്തീന്‍ ആവശ്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്. പ്രധാനമന്ത്രി മാനുവല്‍ മാരേറോയും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. മാരകമായ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രയേലിന്റേത് വംശഹത്യയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗാസ മുനമ്പില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പായി. ഇന്ന് രാവിലെ ഏഴ് മുതലാണ് വെടി നിര്‍ത്തല്‍ ആരംഭിച്ചത്. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേല്‍ തങ്ങളുടെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

 

Top