അസം-മിസോറം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ് നടത്തി

ന്യൂഡല്‍ഹി: സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന അസം-മിസോറം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ് നടത്തി. മിസോറാമിലേക്കുള്ള റോഡിലെ തടസം നീക്കിയെങ്കിലും ട്രക്കുകള്‍ ഇനിയും ഓടാന്‍ ആരംഭിച്ചിട്ടില്ല. നിരവധി ട്രക്കുകളാണ് അസമിലെ അതിര്‍ത്തി ഗ്രാമമായ ധോലായില്‍ ഇപ്പോഴും നിര്‍ത്തിയിട്ടിരിക്കുന്നത്.

സംഘര്‍ഷം ആരംഭിച്ചതോടെ ത്രിപുരയില്‍ നിന്നാണ് മിസോറമിലേക്കുള്ള അവശ്യസാധനങ്ങള്‍ എത്തുന്നത്. മിസോറമിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് അസം സര്‍ക്കാര്‍ സംസ്ഥാനത്തുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മിസോറാം ആവശ്യപ്പെട്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സിആര്‍പിഎഫിനെ വിന്യസിച്ചിരിക്കയാണ്.

അസമില്‍ നിന്നുള്ള അക്രമികള്‍ റെയില്‍ ട്രാക്കുകള്‍ എടുത്തുമാറ്റിയതും ദേശീയപാത 306 തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ ഗതാഗതത്തെ ആകെ ബാധിച്ചെന്നാണ് മിസോറാം സര്‍ക്കാരിന്റെ ആരോപണം. ഇത് പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top