മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്തു; എസ്‌ഐക്ക് മര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പേരൂര്‍ക്കട എസ്‌ഐ നന്ദകൃഷ്ണനെ കുടപ്പനക്കുന്ന് ജംഗ്ഷനില്‍ വെച്ച് നാലംഗ സംഘം ആക്രമിക്കുക ആയിരുന്നു. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം. എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. നൈറ്റ് പട്രോളിംഗിനിറങ്ങിയതായിരുന്നു എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം. കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കള്‍ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് ചോദിച്ചു. എന്നാല്‍ അത് വെളിപ്പെടുത്താന്‍ യുവാക്കള്‍ തയ്യാറായില്ല. ഇതേ ചൊല്ലി തര്‍ക്കമുണ്ടാകുകയും യുവാക്കള്‍ എസ്‌ഐ. നന്ദകൃഷ്ണനെ മര്‍ദിക്കുകയുമായിരുന്നു.

Top