പ്രസിഡന്റ് പദവി വ്യവസ്ഥയിൽ വിമർശനം, ചൈനയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്

china

ബെയ്‌ജിംഗ് : ചൈനീസ് പ്രസിഡന്റ് പദവിയിൽ ഒരാൾക്ക് രണ്ടുവട്ടം മാത്രമേ സ്ഥാനത്തിരിക്കാൻ കഴിയുള്ളുവെന്നുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥയിൽ പുതിയ ഭേദഗതി നടപ്പാക്കാൻ നിര്‍ദേശിച്ചതിനു പിന്നാലെ ചൈനയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്.

കമ്മ്യൂണിസ്റ് പാർട്ടിയുടെ പുതിയ നീക്കം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ സെന്‍സര്‍ നടപടി സ്വീകരിച്ചത്. സിനാ വീബോ മൈക്രോബ്ലോഗിന് ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഷി ചിൻപിങ്ങിന് ഇഷ്ടമുള്ള കാലമത്രയും അധികാരത്തിൽ തുടരാൻ വഴിയൊരുക്കുന്നതാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ പുതിയ നീക്കം.

തുടർച്ചയായി രണ്ടു വട്ടത്തിലധികം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കരുതെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ശുപാർശ ഇന്നു നടക്കുന്ന പാർട്ടി പ്ലീനം അംഗീകരിക്കും. ഇതോടെ ഷി ചിൻപിങ് (64) ആധുനിക ചൈനയിലെ ഏറ്റവും ശക്തനായ നേതാവായി മാറും. 2023 ലാണു ഷി ചിൻപിങ്ങിന്റെ രണ്ടാം വട്ട കാലയളവു പൂർത്തിയാകുന്നത്.

എന്നാല്‍, പാര്‍ട്ടിയുടെ ഈ നീക്കത്തിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ആശങ്ക ഉയര്‍ന്നെങ്കിലും ചൈന അതിനെ അവഗണിക്കുകയായിരുന്നു. പ്രതിന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ശക്തവും സുസ്ഥിരവുമായ നേതൃത്വം വേണമെന്നാണ് പാര്‍ട്ടിയുടെ വാദം.

Top