കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷം, പഴയ ഗ്രൂപ്പുകൾ സജീവം, സുധാകരനും സതീശനും നേരിടുന്നത് വൻ വെല്ലുവിളി

കേരളത്തിലെ കോൺഗ്രസിനെ സെമി കേഡറാക്കികൊണ്ട് ഭരണം പിടിക്കാനെത്തിയ കെ. സുധാകരൻ വി.ഡി സതീശൻ കൂട്ടുകെട്ട് നനഞ്ഞപടക്കമായാണ് ഇപ്പോൾ മാറിയിരിക്കുന്നത്. സെമി കേഡർ സ്വപ്നം കണ്ടവർ തന്നെയാണ് കേരളത്തിലെ കോൺഗ്രസ്സിലെ ഗ്രൂപ്പ് വൈരവം ആളിക്കത്തിച്ചിരിക്കുന്നത്. മലപ്പുറത്തെ കോൺഗ്രസ്സിലെ വിഭാഗീയത ഇതിൽ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

പിണറായി സർക്കാരിന് ഭരണതുടർച്ചയുണ്ടായ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസിൽ. ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല ദ്വയത്തിൽ നിന്നും കോൺഗ്രസിന്റെ കടിഞ്ഞാൺ കെ. സുധാകരൻ വി.ഡി സതീശൻ കൂട്ടുകെട്ട് പിടിച്ചെടുത്തിരുന്നത്. കോൺഗ്രസിന്റെ രക്ഷകനെന്ന പേരിലാണ് കെ.സി വേണുഗോപാൽ ഇടപെട്ട് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സഥാനത്തേക്ക് ഉയർത്തികൊണ്ടുവന്നിരുന്നത്. ഇതിനായി നാടുനീളെ ഫ്‌ളക്‌സുകളും സോഷ്യൽ മീഡിയ കാമ്പയിനുകളും വരെയുണ്ടാക്കുന്ന സഹചര്യവുമുണ്ടായി. രക്ഷക പരിവേക്ഷത്തിലായിരുന്നു സുധാകരന്റെ സ്ഥാനരോഹണം നടന്നിരുന്നത്. അങ്ങനെ നടത്തി എന്നു പറയുന്നതാകും ശരിയാവുക.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, യു.ഡി.എഫിന് 19 സീറ്റിന്റെ തിളക്കമാർന്ന വിജയം നേടിക്കൊടുത്തിരുന്നത് കേരളത്തിലെ കോൺഗ്രസിലെ ഉമ്മൻചാണ്ടി ചെന്നിത്തല നേതൃത്വമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്ന് കെ.പി.സി.സി പ്രസിഡന്റ്. പിന്നീട് മുല്ലപ്പള്ളിയെ മാറ്റിയായിരുന്നു പകരക്കാരനായി സുധാകരനെത്തിയിരുന്നത് എന്നതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പിന്തുണച്ചിരുന്നത് രമേശ് ചെന്നിത്തലയെ ആയിരുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനായ ടി. സിദ്ദിഖ് ആകട്ടെ ആ നിർണ്ണായക ഘട്ടത്തിൽ വി.ഡി സതീശനൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. എന്നിട്ടു പോലും കൂടുതൽ എം.എൽ.എമാരുടെ പിന്തുണയും ചെന്നിത്തലയ്ക്കായിരുന്നു. എന്നാൽ നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുള്ള നേതാവിനെ പ്രതിപക്ഷനേതാവാക്കുക എന്ന കോൺഗ്രസിലെ കീഴ്‌വഴക്കം തന്നെ അട്ടിമറിച്ച് ഇവിടെയും കെ.സി വേണുഗോപാലിന്റെ പിന്തുണയിൽ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്.ഈ രണ്ട് നിയമനങ്ങളും എ-ഐ ഗ്രൂപ്പുകളെ ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു എന്നതും വ്യക്തമാണ്.സുധാകരനെയും സതീശനെയും കെ.സി വേണുഗോപാലിന്റെ പ്രേരണയിൽ ഹൈക്കമാന്റ് നൂലിൽ കെട്ടിയിറക്കി എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.

കെ.പി.സി.സി പ്രസിഡന്റായ ഉടൻ തന്നെ, സുധാകരൻ വീമ്പിളക്കിയത് കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്നതായിരുന്നു. സതീശനാകട്ടെ ബൂത്ത് കമ്മിറ്റി എന്ന കോൺഗ്രസിന്റെ അടിസ്ഥാനഘടകത്തെ തന്നെ മാറ്റി വാർഡ്തലങ്ങളിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുക എന്ന ആശയവും കൊണ്ടുവന്നു. കോൺഗ്രസിനെ സെമി കേഡറാക്കാനും എല്ലാ വർഡുകളിലും യൂണിറ്റ് കമ്മറ്റികൾ സ്ഥാപിക്കാനുമാണ് സതീശനും സുധാകരനും ശ്രമിച്ചിരുന്നത്. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ രണ്ടര വർഷം പിന്നിട്ട സുധാകരന് കോൺഗ്രസിനെ സെമി കേഡറാക്കാൻ പോയിട്ട് പാർട്ടി പുനസംഘടനപോലും പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.കെ.പി.സി.സിക്ക് വർക്കിങ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും മാത്രമേ ഇതുവരെയായിട്ടും നോമിനേറ്റ് ചെയ്തിട്ടുള്ളൂ. നൂറോളം സെക്രട്ടറിമാരെ നിയമിക്കാൻപോലും ഇനിയും കഴിഞ്ഞിട്ടില്ല.

ഡി.സി.സി പ്രസിഡന്റ്മാരെ പ്രഖ്യാപിച്ചെങ്കിലും മറ്റു ഡി.സി.സി ഭാരവാഹികളെ ഇതുവരെ നിയമിച്ചിട്ടില്ല. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്‌തെങ്കിലും പുതിയ ഭാരവാഹികളായിട്ടുമില്ല. അതായത് വീരശൂര പരാക്രമിയായി മുല്ലപ്പള്ളിയിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിച്ചുവാങ്ങിയ സുധാകരന് രണ്ടര വർഷമായിട്ടും പാർട്ടി പുനസംഘടനപോലും പൂർത്തീകരിക്കാൻ കഴിയാത്ത ദയനീയ അവസ്ഥയാണുള്ളത്. സതീശനാവട്ടെ കോൺഗ്രസ്സ് യൂണിറ്റു കമ്മറ്റികളുടെ കാര്യം മിണ്ടാൻപോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇതോടെ കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി തന്നെ ഉപേക്ഷിച്ച നിലയിലാണുള്ളത്.

ഇതിനിടെ പുരാവസ്തു തട്ടിപ്പുകാരനായ വ്യാജ ഡോക്ടർ മോൺസൺ മാവുങ്കലിനടുത്ത് കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ചികിത്സക്ക്‌പോയ വിവരം പുറത്തായതും പിന്നീട് തട്ടിപ്പു കേസിൽ സുധാകരൻ പ്രതിയായതുമെല്ലാം കോൺഗ്രസിനെ നാണം കെടുത്തിയ സംഭവങ്ങളാണ്. ഹൈക്കോടതി മുൻ കൂർജാമ്യം നൽകിയതിനാൽ മാത്രമാണ് സുധാകരൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടിരുന്നത്. പുരാവസ്തു തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സുധാകരനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതും കോൺഗ്രസ്സിന് നാണക്കേടായ സംഭവമാണ്.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതോടെ, പുനസംഘടനയിലൂടെ പാർട്ടി പിടിക്കാനുള്ള നീക്കമാണ് സുധാകരനും സതീശനും ചേർന്ന് നടത്തിയിരുന്നത്.

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നൽകിയ എ ഗ്രൂപ്പ് നോമിനികളുടെ പേരുകൾ പോലും വെട്ടി പകരം എ ഗ്രൂപ്പിൽ നിന്നും അടർത്തിയെടുത്തവരെ വെയ്ക്കുന്ന ചതിയാണ് ആദ്യം ചെയ്തിരുന്നത്. മലപ്പുറത്ത് ഉമ്മൻചാണ്ടി പറഞ്ഞ ആര്യാടൻ ഷൗക്കത്തിനെ വെട്ടി നിരത്തിയാണ് പകരം പഴയ ‘എ’ ഗ്രൂപ്പുകാരനായ വി.എസ് ജോയിയെ നിയമിച്ചിരുന്നത്. കോട്ടയത്തടക്കം ഉമ്മൻചാണ്ടിയുടെ നോമിനിയെ വെട്ടിമാറ്റി തിരുവഞ്ചൂരിന്റെ നോമിനിയെയാണ് വച്ചിരുന്നത്. പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും അവസരം നൽകുകയാണെന്ന് പറഞ്ഞ ശേഷം വയനാട്ടിൽ വയോധികനായ മുൻ എം.എൽ.എ എൻ.ഡി അപ്പച്ചനെയും ഇടുക്കിയിൽ സി.പി മാത്യുവിനെയുമാണ് നിയമിച്ചിരുന്നത് എന്നതും നാം ഓർക്കേണ്ടതുണ്ട്.

ഡി.സി.സി പ്രസിഡന്റുമാരുടെ പുനസംഘടനയിൽ തഴയപ്പെട്ടതോടെ കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പാണ് ആദ്യം വേണ്ടതെന്നാണ് അന്ന് ആര്യാടൻ മുഹമ്മദ് പ്രതികരിച്ചിരുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ കേരളത്തിലെ പാർട്ടി നേതൃത്വം ‘എ’ ഗ്രൂപ്പ് പിടിക്കുമെന്നായതോടെ, സുധാകര- സതീശൻ ദ്വയം ആ നീക്കത്തിനും പാരവെക്കുകയാണുണ്ടായത്.ഡി.സി.സി പ്രസിഡന്റുമാരെ നിയമിച്ചതിലെ ചതിയെതുടർന്ന് “കെ.പി.സി.സി മെമ്പർമാരുടെ പേരുകൾ പട്ടികയായി എഴുതിതരുന്നില്ലെന്നും അവരുടെ പേരുകൾ താൻ പറയാമെന്നും എ.ഐ.സി.സിക്ക് നൽകുന്നതിന് മുമ്പ് പട്ടികകാണിക്കണമെന്നും സാക്ഷാൽ ഉമ്മൻചാണ്ടി തന്നെ പറയേണ്ട സാഹചര്യവും തുടർന്നുണ്ടായി. ഇക്കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെയും ഉമ്മൻചാണ്ടി അറിയിച്ചിരുന്നു. പിന്നീട് സുധാകരനും സതീശനും താരീഖ് അൻവറും ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നതാണ്. കോഴിക്കോട് ചിന്തശിബിർ ദിവസം പട്ടികനൽകാമെന്നാണ് അവർ ഉമ്മൻചാണ്ടിയെ അറിയിച്ചിരുന്നത്.

ഇതോടെ ആരോഗ്യപ്രശനങ്ങൾ അവഗണിച്ചും ഉമ്മൻചാണ്ടി ചിന്തൻ ശിബിരിനെത്തിയെങ്കിലും പട്ടിക മാത്രം കൈമാറപ്പെട്ടില്ല. തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ അടുത്തദിവസം ശിബിരിനെത്താനാവില്ലെന്നും കെ.സി ജോസഫിന് പട്ടിക കാണിച്ചുകൊടുത്താൽ മതിയന്നുമുള്ള നിലപാടാണ് ഉമ്മൻചാണ്ടി സ്വീകരിച്ചിരുന്നത്. പക്ഷേ കെ.സി ജോസഫിനെപ്പോലും കാണിക്കാതെ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പു നിർദ്ദേശിച്ചവരെയും കൂട്ടത്തോടെ വെട്ടി പകരക്കാരെ തിരുകിക്കയറ്റിയാണ് കെ.പി.സി.സി നേതൃത്വം മെമ്പർമാരെ പ്രഖ്യാപിച്ചിരുന്നത്. ഈ അവഗണനയിൽ പ്രതിഷേധിച്ച ഉമ്മൻചാണ്ടി കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിർദ്ദേശിക്കുന്ന കെ.പി.സി.സി യോഗത്തിന് പോലും എത്താതിരുനതും കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ മറ്റൊരു വേറിട്ട സംഭവമാണ്.

ബംഗളൂരിൽ ചികിത്സയിലിരിക്കെ അവസാനമായി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നത് മുൻ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ലത്തീഫ് എന്നിവർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നതായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി മരണപ്പെട്ട് ഇതുവരെയായിട്ടും ആ നടപടി പിൻവലിക്കാൻപോലും നേതൃത്വം തയ്യാറായിട്ടില്ല. സുധാകരൻ സതീശൻ സഖ്യം രണ്ടുവർഷം കൊണ്ട് നേരിട്ടിരിക്കുന്നത് യു.ഡി.എഫ് സിറ്റിങ് സീറ്റിലെ രണ്ട് ഉപതെരഞ്ഞെടുപ്പുകളെയാണ്. പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാതോമസായിരുന്നു സ്ഥാനാർത്ഥി. ഇവിടെ പി.ടി തോമസിനോടുള്ള നാട്ടുകാരുടെ സ്‌നേഹവും സഹതാപകരംഗവുമായിരുന്നു കോൺഗ്രസിന് മികച്ച വിജയം നേടിക്കൊടുത്തിരുന്നത്.

ഉമ്മൻചാണ്ടിയുടെ മരണ ശേഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയോടുള്ള നാട്ടുകാരുടെ സ്‌നേഹവായ്പാണ് ചാണ്ടി ഉമ്മനും തുണയായിരുന്നത്. യാഥാർത്ഥ്യം ഇതാണെന്നിരിക്കെ ഈ രണ്ടിടത്തും വിജയശിൽപികളാകാൻ ചാനൽ കാമറയ്ക്കു മുന്നിൽ മത്സരിച്ചിരുന്നത് സുധാകരനും സതീശനും ആയിരുന്നു. പുതുപ്പള്ളി ഫലപ്രഖ്യാപനത്തെ തുടർന്നു ഇവർ തമ്മിൽ നടത്തിയ കിടമത്സരം കോൺഗ്രസുകാരെ പോലും നാണം കെടുത്തുന്നതായിരുന്നു. ക്രഡിറ്റടിക്കാൻ നടത്തിയ നീക്കം ഇരുവരും തമ്മിലുള്ള ഭിന്നതയിലാണിപ്പോൾ കലാശിച്ചിരിക്കുന്നത്. ഇതേ തുടർന്ന് സുധാകരനും സതീനും തമ്മിലുള്ള തർക്കമാണ് ആദ്യം തീർക്കേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തകസമിതി അംഗവുമായ എ.കെ ആന്റണിക്ക് തന്നെ തുറന്നടിക്കേണ്ടിയും വന്നിരുന്നു. തമ്മിൽ ഐക്യമില്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്തണമെന്നാണ് ആന്റണി ആവശ്യപ്പെട്ടിരുന്നത്. “നിങ്ങൾക്ക് എന്ത് തോന്നിയാലും എനിക്ക് പ്രശ്‌നമില്ലെന്നും” ഇരുവരോടുമായി ആന്റണി വ്യക്തമാക്കുകയുമുണ്ടായി.

ഒന്നിച്ചു നിൽക്കുമ്പോഴും, അടുത്ത മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നംകാണുന്ന സതീശനും സുധാകരനും തമ്മിലുള്ള കിടമത്സരവും ഇപ്പോൾ നാൾക്കുനാൾ ശക്തമായി കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശൻ ഗ്രൂപ്പ് യോഗം ചേർന്നപ്പോൾ എന്താണ് നടക്കുന്നതെന്നറിയാൻ, സുധാകരൻ സംഘാടനാചുമതലയുളള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനെയാണ് അവിടേക്കയച്ചിരുന്നത്. രാധാകൃഷ്ണനെ കണ്ടതോടെ യോഗം അവസാനിപ്പിച്ച് നേതാക്കൾ സ്ഥലംവിടുന്ന കാഴ്ചയും പിന്നീട് രാഷ്ട്രീയ കേരളം കണ്ട കാഴ്ച തന്നെയാണ്. തന്നെ കാണാനെത്തിയ നേതാക്കളുമായി സംസാരിച്ചതാണെന്നായിരുന്നു ഇതിൽ സതീശന്റെ വിശദീകരണമുണ്ടായിരുന്നത്. എന്നാൽ ഈ വാദം സാധാരണ കോൺഗ്രസ്സ് അനുഭാവികൾ പോലും വിശ്വസിച്ചിട്ടില്ലന്നതാണ് യാഥാർത്ഥ്യം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമ പ്രകാരം, അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്.

എന്നാൽ കോൺഗ്രസിൽ- 1992ന് ശേഷം ഇതുവരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. മെമ്പർഷിപ്പ് ചേർത്തി റിട്ടേണിങ് ഓഫീസർമാരെ വരെ നിയമിച്ച ശേഷം സമവായത്തിൻ നോമിനേഷൻ നടത്തുകയാണ് അവരുടെ പതിവ് രീതി. അതു കൊണ്ടു തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയല്ല കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കുന്നത്. ഏതെങ്കിലും കോൺഗ്രസ് അംഗം കോടതിയെ സമീപിച്ചാൽ സുധാകരന്റെ പ്രസിഡന്റ് സ്ഥാനം അതോടെ തെറിക്കും. രണ്ടാം പിണറായി സർക്കാരിനെതിരെ നിരവധി അവസരങ്ങൾ വീണുകിട്ടിയിട്ടും നട്ടെല്ലുള്ള ഒരു സമരം നടത്താൻ പോലും കോൺഗ്രസിന് കഴിയാത്തത് സുധാകരന്റെ കഴിവുകേടായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

കെ.പി.സി.സി പ്രസിഡന്റ്മാർ തിരുവനന്തപുരത്തു നിന്നും കാസർഗോട്ടേക്ക് നടത്തുന്ന സമരജാഥയാണ് കോൺഗ്രസിന്റെ പ്രധാന സമരപരിപാടിയായി മാറാറുള്ളത്. പാർട്ടി ഫണ്ട് പിരിവും താഴെ തട്ട് മുതൽ സംഘടനയെ ചലിപ്പിക്കലുമൊക്കെ ഈ സംസ്ഥാന യാത്രവഴിയാണ് നടക്കാറുള്ളത് മാസങ്ങൾ മാത്രം കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതലയിലിരുന്ന എം.എം ഹസൻ വരെ സംസ്ഥാന ജാഥ നടത്തിയിട്ടുണ്ട്. എന്നാൽ രണ്ടര വർഷമായിട്ടും സുധാകരൻ ഇതുവരെ സംസ്ഥാനതല സമരയാത്രക്ക് ഒരുങ്ങിയിട്ടില്ല. പലതവണ കെ.പി.സി.സി യോഗത്തിൽ ചർച്ചയുണ്ടാകുകയും കെ.പി.സി.സി തന്നെ പ്രസിഡന്റിന്റെ സംസ്ഥാന യാത്ര പ്രഖ്യാപിച്ചിട്ടും യാത്ര മാത്രം നടന്നിട്ടില്ല.

കോൺഗ്രസ്സ് ജാഥയ്ക്കു പകരം, യു.ഡി.എഫ് ജാഥയുണ്ടാകുമെന്നാണ് നേതൃത്വം ഇപ്പോൾ അവകാശപ്പെടുന്നത്.കെ.സുധാകരന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ, മുഴുവൻ സമയവും പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകാൻ സാധിക്കാത്തതാണ്, നിലവിലെ കോൺഗ്രസിലെ പ്രധാന പ്രതിസന്ധിക്ക് കാരണം. കോഴിക്കോട് ജില്ലയിലെ കോൺഗ്രസിന്റെ രണ്ടാം നിര നേതാവായിരുന്ന കെ. ജയന്തിനെയാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിന്റെ അറ്റാച്ചഡ് ജനറൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനു പകരം ജയന്താണിപ്പോൾ കാര്യങ്ങളെല്ലാം നടപ്പാക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് എം.പിയുമായ എം.കെ രാഘവനടക്കമുള്ള മുതിർന്ന നേതാക്കളോടൊക്കെ, ഇതിനകം തന്നെ ജയന്ത് ഇടഞ്ഞിട്ടുമുണ്ട്.

ഏറ്റവും ഒടുവിൽ ആര്യാടൻ ഫൗണ്ടേഷന്റെ മലപ്പുറത്തെ പലസ്തീൻ ഐക്യദാർഡ്യ റാലി വിലക്കിയതും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിക്ക് നീങ്ങിയതും ജയന്തിന്റെ ഇടപെടലാണെന്നും പരാതി ഉയർന്നിട്ടുണ്ട്. എ.പി അനിൽകുമാർ എം.എൽ.എയും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും ജയന്തിനെ ഉപയോഗിച്ചാണ് നോട്ടീസ് അയപ്പിച്ചതെന്നാണ് കോൺഗ്രസിലെ തന്നെ അണിയറ സംസാരം. കോൺഗ്രസിന്റെ പോഷക സംഘടനയല്ലാത്ത ആര്യാടൻ ഫൗണ്ടേഷൻ പാർട്ടി നിലപാടിനനുസരിച്ച് പരിപാടി നടത്തിയാൽ എങ്ങിനെ വിലക്കാനാകുമെന്നാണ് ഇതിനോട് മുതിർന്ന നേതാക്കൾ പോലും പ്രതികരിച്ചിരിക്കുന്നത്.

കെ.പി.സി.സിയിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി ഒഴികെ അറ്റാച്ചഡ് ജനറൽ സെക്രട്ടറി എന്ന തസ്തിക നാളിതുവരെയായി ഉണ്ടായിട്ടില്ല. സുധാകരൻ അതും നടപ്പാക്കി കഴിഞ്ഞു. ഈ തസ്തികയെ “വീടുകളിലെ അറ്റാച്ചഡ് ബാത്ത്‌റൂം പോലെയൊരു സംവിധാനമാണെന്നാണ് ” കോൺഗ്രസ്സ് നേതാക്കൾ പരിഹസിക്കുന്നത്.പുതുപ്പള്ളി വിജത്തിന്റെ അവകാശവാദത്തിനായി മൈക്ക് സ്വന്തമാക്കാനുള്ള കിടമത്സരം ചാനൽകാമറയിലൂടെ നാട്ടുകാരറിഞ്ഞതോടെ നാണംകെട്ട വി.ഡി സതീശൻ ഇപ്പോൾ കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളിൽ പഴയ പോലെ ഇടപെടുന്നുമില്ല.

കോൺഗ്രസ് സംഘടനയെ ശക്തമാക്കാൻ സുധാകരനും സതീശനും എല്ലാ ജില്ലകളിലും നേതൃയോഗങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഒരു ജില്ലയിൽപ്പോലും ബൂത്ത് കമ്മിറ്റികൾപോലും രൂപീകരിക്കാൻ ഇവർക്കു കഴിഞ്ഞിട്ടില്ല. നേതാക്കളുടെ ചേരിപ്പോര് തീർക്കാൻപോലും ഇരുവർക്കും കഴിയുന്നില്ലന്നതാണ് യാഥാർത്ഥ്യം. നേതാക്കളെ കുറ്റപ്പെടുത്തി കയ്യടി പ്രസംഗംവാങ്ങി മടങ്ങുകയാണ് ഇരുവരും ചെയ്യുന്നതെന്നാണ് പ്രവർത്തകരും ആരോപിക്കുന്നത്.

സി.പി.എമ്മാവട്ടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥക്ക് ശേഷം എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത റാലികളും പൊതുസമ്മേളനങ്ങളും നടത്തി കരുത്താർജിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും എൽ.ഡി.എഫ് റാലിയും പൊതുസമ്മേളനങ്ങളും പൂർത്തിയാക്കിയ ഇടതുപക്ഷം നവകേരളസദസുമായി മന്ത്രിസഭയൊട്ടാകെ നിയോജകമണ്ഡലം തലങ്ങളിലേക്കെത്തുകയുമാണ്. യു.ഡി.എഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗിനെപ്പോലും പലസ്തീൻ വിഷയത്തിൽ റാലിക്ക് ക്ഷണിച്ചതും സി.പി.എമ്മിന്റെ തന്ത്രപരമായ രാഷ്ട്രീയ നിലപാടാണ്.

” സാങ്കേതികമായാണ് റാലിയിൽ പങ്കെടുക്കാൻ സാധിക്കാത്തെന്നും സി.പി.എമ്മിന്റെ ക്ഷണത്തിന് നന്ദിപറയുന്നുവെന്നുമായിരുന്നു ” ഇതിനോടുള്ള ലീഗിന്റെ പ്രതികരണം. ഇതും കോൺഗ്രസ്സിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു.മുതിർന്ന ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറിനുനേരെ മോശം പദപ്രയോഗം നടത്തിയ കെ. സുധാകരനോടുള്ള അനിഷ്ടം സുധാകരൻ പാണക്കാട് സന്ദർശനം നത്തിയിട്ടുപോലും ലീഗിൽ അവസാനിച്ചിട്ടില്ല.

കേരള കോൺഗ്രസ് എം മുന്നണിവിട്ടതോടെ തെക്കൻജില്ലകളിൽ ക്രിസത്യൻ ന്യൂനപക്ഷത്തിന്റെ പിന്തുണ നഷ്ടപ്പെട്ട യു.ഡി.എഫിനെ സംബന്ധിച്ച് ലീഗിന്റെ ഈ പിണക്കം മലബാറിലെ മുസ്ലീം വോട്ടുബാങ്കിലും വലിയ വിള്ളൽ വീഴ്ത്താൻ തക്ക ശേഷിയുള്ളതാണ്. ലീഗുകൂടി കൈവിട്ടാൽ കേരള രാഷ്ട്രീയത്തിൽ രണ്ടക്കംപോലും തികക്കാൻ കഴിയാത്ത ഈർക്കിൽപാർട്ടിയായാണ് കോൺഗ്രസ് മാറുക. നേതാക്കളെ ഭയപ്പെടുത്തുന്നതും ഈ വസ്തുത തന്നെയാണ്.

EXPRESS KERALA VIEW

Top