വന്‍ തോതില്‍ നിക്ഷേപം നടത്തിയ കടലാസ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസ്

ന്യൂഡല്‍ഹി : നോട്ടുനിരോധിച്ചതിനു ശേഷം വന്‍തോതില്‍ നിക്ഷേപം നടത്തിയ രണ്ട് ലക്ഷത്തിലേറെ കടലാസ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസ്.

കള്ളപ്പണക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ട് കമ്പനീസ് ആക്ട് പുതുക്കിയാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുന്നത്.

പുതിയ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 അനുസരിച്ച് 2,17,239 കമ്പനികളെ കടലാസ് കമ്പനികളായി കണ്ട് സെപ്റ്റംബറില്‍ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.

അടുപ്പിച്ച് മൂന്നു വര്‍ഷങ്ങളില്‍ ബാലന്‍സ് ഷീറ്റ്, ആദായ നികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്തവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കമ്പനികള്‍ക്കെതിരെ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താനാണു നീക്കം.

ദീര്‍ഘകാലമായി ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താതെ കള്ളപ്പണം വെളുപ്പിക്കാനും മറ്റ് അനധികൃത പണമിടപാടുകള്‍ക്കുമായി നിലനില്‍ക്കുന്ന കമ്പനികളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കമ്പനികളിലേക്കു വന്‍തോതില്‍ എത്തിയ നിക്ഷേപത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതനുസരിച്ചാണു കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന നാലര ലക്ഷത്തോളം പേരെ അയോഗ്യരാക്കിയിരിക്കുന്നത്.

ഈ കമ്പനികളുടെയും ഡയറക്ടര്‍മാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഉടനെ മരവിപ്പിക്കും.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 5,800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4,600 കോടിയോളം രൂപയുടെ നിക്ഷേപമെത്തി.

ഇതില്‍ 4,552 കോടിയും വൈകാതെ പിന്‍വലിക്കപ്പെട്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.

13 ബാങ്കുകളില്‍നിന്നുള്ള വിവരം ശേഖരിച്ചാണു കടലാസ് കമ്പനികളുടെ ഇടപാടുകള്‍ വിലയിരുത്തിയത്.

Top