പൃഥ്വിരാജ് ബ്ലെസ്സി ചിത്രം ‘ആടുജീവിത’ത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കി അണിയറപ്രവര്‍ത്തകര്‍

കൊച്ചി: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ 2024 ഏപ്രില്‍ 10 മുതല്‍ തീയറ്ററുകളിലേക്കെത്തും. ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ ആരാധകര്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചെയ്യേണ്ടത് ഇത്രമാത്രം ചിത്രത്തിന്റെ ഫാന്‍മേഡ് പോസ്റ്റര്‍ ഒരുക്കി ഫാന്‍ ആര്‍ട് ഇവന്റില്‍ പങ്കെടുക്കുക.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതലേ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പോസ്റ്ററുകളെല്ലാം വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ഇതിനോടകം ഒത്തിരി ഫാന്‍മേഡ് പോസ്റ്ററുകള്‍ വന്നിട്ടുണ്ടെങ്കിലും ഫാന്‍ ആര്‍ട് ഇവന്റിലൂടെ ആരാധകര്‍ക്കായ് ഒരു പ്രത്യേക അവസരം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ പോസ്റ്ററുകള്‍ നിര്‍മ്മിച്ചവര്‍ക്കും ഈ ഇവന്റില്‍ പങ്കെടുക്കാം. നിങ്ങളുടെ ആകര്‍ഷകമായ പോസ്റ്ററുകള്‍ thegoatlifeposter@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് അയക്കേണ്ടത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായ സിനിമയാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സുനില്‍ കെ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീകര്‍ പ്രസാദ് കൈകാര്യം ചെയ്യും.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയുമാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. മികവുറ്റ നിര്‍മ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, വേറിട്ട ഭാവപ്രകടനങ്ങള്‍ തുടങ്ങിയ വന്‍ പ്രത്യേകതകളോടെ എത്തുന്ന ഈ ചിത്രം അണിയറ പ്രവര്‍ത്തകരുടെ അഞ്ച് വര്‍ഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ ആടുജീവിതം എന്ന നോവല്‍ പറയുന്നത്.

Top