അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍ നടക്കും

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍ നടക്കും. ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തില്‍ പൊതു ദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്ക് സംസ്‌കാരം നടക്കും.

ഇന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

 

Top