സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം; മുല്ലപ്പള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അഴിമതി ആരോപണങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം ഉപയോഗിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു തുടക്കം കുറിച്ചതു കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേര്‍ന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ടു വീണുകിട്ടിയ അവസരം സിപിഎം ഉപയോഗിക്കുകയാണ്. പെരിയ ഇരട്ടക്കൊലയുടെ പ്രതികാരമാണ് വെഞ്ഞാറമ്മൂട്ടില്‍ നടന്നതെന്നാണു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പെരിയ ഇരട്ടക്കൊല നടത്തിയതു സിപിഎമ്മാണെന്ന് ഇതിലൂടെ സമ്മതിച്ചിരിക്കുകയാണ്. പെരിയ സംഭവത്തിനു ശേഷം കോണ്‍ഗ്രസ് ഏതെങ്കിലും സിപിഎം ഓഫീസുകള്‍ തകര്‍ത്തതു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു.

പൊലീസും അന്വേഷണവുമല്ല അക്രമരാഷ്ട്രീയം അവസാനിപ്പിക്കാനുള്ള വഴി. സിപിഎം ആയുധം താഴെ വെയ്ക്കാന്‍ അണികള്‍ക്കു നിര്‍ദേശം കൊടുത്താല്‍ കേരളത്തില്‍ അക്രമ രാഷ്ട്രീയം അവസാനിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top