സ്വാധീനമില്ലാത്ത ഘടകകക്ഷികളുടെ സമ്മര്‍ദ്ദം സി.പി.എം അവഗണിക്കണം

ടതുപക്ഷത്തിരുന്ന് വലതുപക്ഷ സ്വഭാവം കാണിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതുപോലെ തന്നെ ഇടതുപക്ഷത്തിന് തന്നെ ബാധ്യതയായ പാര്‍ട്ടിയാണ് എന്‍.സി.പി. ഈ രണ്ടു പാര്‍ട്ടികളുമാണ് ചുവപ്പ് രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ വില്ലന്‍മാര്‍. ഒരു ബസില്‍ ആളെ കയറ്റാനുള്ള ശേഷി പോലും ഇല്ലാത്ത പാര്‍ട്ടിയാണ് കേരളത്തിലെ എന്‍.സി.പി. ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് ഭരണം പിടിക്കാനുള്ള ശേഷി സി.പി.ഐക്ക് ഇന്നുമില്ല. എന്നിട്ടും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളും നാല് ലോകസഭ സീറ്റുകളുമാണ് സി.പി.എം ഈ പാര്‍ട്ടിക്ക് വിട്ടു കൊടുത്തിരുന്നത്.

യു.ഡി.എഫിലെ പ്രബല പാര്‍ട്ടിയായ മുസ്ലീം ലീഗിന് കോണ്‍ഗ്രസ്സ് നല്‍കാത്ത പരിഗണനയാണിത്. 24 നിയമസഭ സീറ്റുകളിലും രണ്ട് ലോകസഭ സീറ്റുകളിലുമാണ് മുസ്ലീംലീഗ് നിലവില്‍ മത്സരിച്ചു വരുന്നത്. ലീഗില്ലാതെ കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫ് എന്ന മുന്നണിക്ക് തന്നെ നിലനില്‍പ്പില്ല. മലബാറിലെ ലീഗിന്റെ ശക്തിയാണ് ഭരണം കിട്ടുമെന്ന യു.ഡി.എഫ് പ്രതീക്ഷക്ക് പോലും അടിസ്ഥാനം. ഇവിടെ ലീഗ് സഹായമില്ലെങ്കില്‍ ഒറ്റ സീറ്റില്‍ പോലും കോണ്‍ഗ്രസ്സ് ജയിക്കുകയില്ല. തെക്കന്‍ ജില്ലകളിലും ചില മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ലീഗിന്റെ ഒരു ‘കൈ’ സഹായം കോണ്‍ഗ്രസ്സിന് അനിവാര്യവുമാണ്.

ഇത്തവണ, 30 സീറ്റ് ആവശ്യപ്പെട്ട് വിലപേശാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് തന്നെ സി.പി.ഐക്ക് സി.പി.എം നല്‍കുന്ന പരിഗണനയാണ്. സര്‍ക്കാറില്‍ 4 മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പുമടക്കം ആറ് കാബിനറ്റ് റാങ്കുകളുമാണ് സി.പി.ഐക്കുള്ളത്. ഒരിക്കലും അവരുടെ ശക്തയ്ക്ക് അനുസരിച്ചുള്ള പരിഗണനയല്ല ഇത്. ഇത്രയും വിട്ടുവീഴ്ച സി.പി.എം ചെയ്യുമ്പോള്‍ അടങ്ങി ഇരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സി.പി.ഐ കാണിക്കണമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത്തരം ഒരു സമീപനം സി.പി.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പിണറായി സര്‍ക്കാറിനെതിരായി നിരവധി അഭിപ്രായ പ്രകടനങ്ങളാണ് സി.പി.ഐ നടത്തിയിരിക്കുന്നത്. തങ്ങള്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാറാണെന്ന ബോധമില്ലാതെയായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങളെല്ലാം.

സി.പി.ഐ നേതാക്കളുടെ ഈ നിലപാട് പലപ്പോഴും പ്രതിപക്ഷത്തിനാണ് ഗുണം ചെയ്തിരുന്നത്. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ വേറിട്ട ഒരു ഇമേജ് കിട്ടുമെന്ന രീതിയിലാണ് ചില സി.പി.ഐ നേതാക്കള്‍ ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഇരിക്കുന്ന ‘കൊമ്പ് ‘മുറിക്കുന്ന ഏര്‍പ്പാടാണിത്. സി.പി.എം കൈവിട്ടാല്‍ കേരള രാഷ്ട്രീയത്തില്‍ ബിഗ് സീറോയാണ് സി.പി.ഐ. ഇതാണ് നേതാക്കള്‍ മറന്നു പോകുന്നത്. ഇപ്പോള്‍ സി.പി.ഐയുടെ ‘ചൊറിച്ചില്‍’ കേരള കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ടാണ്. ജോസ്.കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തുന്നതിനെയാണ് സി.പി.ഐ ഭയപ്പെടുന്നത്. ഇടതുപക്ഷത്തെ മൂന്നാം പാര്‍ട്ടിയായി ഒതുക്കപ്പെടുമോ എന്ന ആശങ്കയാണ് ഇതിനു കാരണം. ജോസ്.കെ മാണി വിഭാഗത്തെ സി.പി.ഐ ചെറുതാക്കി ചിത്രീകരിക്കുന്നതും അതു കൊണ്ട് തന്നെയാണ്.

ഏറ്റവും ഒടുവില്‍ സി.പി.ഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി പരസ്യ പ്രസ്താവന നടത്തിയതും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പ്രതികരിച്ചിരിക്കുന്നത്. സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മനസ്സിലിരിപ്പ് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ഇത്തരം ഒരു പ്രസ്താവന നടത്തിയ ഈ ശശിധരന്‍ ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കില്ലെന്നതും നാം ഓര്‍ക്കണം.

അഹങ്കാരവും ധാര്‍ഷ്ട്യവും ഒഴിവാക്കി യാഥാര്‍ത്ഥ്യത്തിലേക്കാണ് സി.പി.ഐ നേതൃത്വം വരേണ്ടത്. ഇടതുപക്ഷത്തെ കരുത്ത് എന്നു പറഞ്ഞാല്‍ അത് പ്രധാനമായും സി.പി.എമ്മിന്റെ കരുത്ത് തന്നെയാണ്. ഈ ശക്തിയുടെ ഏഴയലത്ത് എത്താനുള്ള ശേഷി സ്വപ്നത്തില്‍ പോലും സി.പി.ഐക്കില്ല. മുന്നണിയിലെ മറ്റെല്ലാ പാര്‍ട്ടികള്‍ ഒരിമിച്ചാല്‍ പോലും അത് സാധ്യവുമല്ല. കാരണം ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ കടലാസ് പുലികള്‍ മാത്രമാണ്. സി.പി.എമ്മിന്റെ ഔദാര്യത്തില്‍ മാത്രം ജയിക്കുന്നവരാണിവര്‍. അതുകൊണ്ട് വലിയ കേമത്തരം ആരും തന്നെ വിളമ്പേണ്ടതില്ല.

ജോസ്.കെ മാണിയുടെ കേരള കോണ്‍ഗ്രസ്സ് സി.പി.ഐയേക്കാള്‍ കരുത്തര്‍ തന്നെയാണ്. ജനസ്വാധീനമാണ് ശക്തി അളക്കാനുള്ള അളവുകോലെങ്കില്‍ പി.ജെ.ജോസഫ് വിഭാഗത്തിന് ഇത്രത്തോളം ശക്തിയില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. അവസരവാദികളായ നേതാക്കളുടെ കൂട്ടമായാണ് ജോസഫ് വിഭാഗം ഇപ്പോള്‍ അധപതിച്ചിരിക്കുന്നത്. ജോസ്.കെ.മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അത് വലിയ നേട്ടമാണുണ്ടാക്കുക. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചില മണ്ഡലങ്ങളിലും ജോസ് വിഭാഗം നിര്‍ണ്ണായക ശക്തിയാണ്. വടക്കന്‍ കേരളത്തിലെ മലയോര ജില്ലകളില്‍ പോലും ഈ വിഭാഗത്തിന് സ്വാധീനമുണ്ട്. ഇത്തരം ശക്തികേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സി.പി.ഐക്കില്ലെന്നതും ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

സി.പി.ഐ ശക്തി അവകാശപ്പെടുന്ന കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ പോലും നിലവിലെ ആ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണ്. സി.പി.എമ്മിന്റെ വോട്ടുകളാണ് ഈ ജില്ലകളില്‍ പോലും സി.പി.ഐയെ പിടിച്ചു നിര്‍ത്തുന്നത്. ഇതെല്ലാം മറന്ന് ജോസ്.കെ മാണി വിഭാഗത്തെ എതിര്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്ന സമീപനമല്ല. രാഷ്ട്രീയത്തില്‍ അടവുനയങ്ങള്‍ക്കാണ് പ്രസക്തി. പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചയ്ക്ക് ആദ്യം ശക്തമാക്കേണ്ടത് മുന്നണിയെയാണ്. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ്സ് എത്തുന്നതോടെ ഇടതുപക്ഷത്തിന്റെ കരുത്താണ് കൂടുക. ഇതിനു വേണ്ടി ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാനാണ് സി.പി.ഐയും തയ്യാറാകേണ്ടത്. അര്‍ഹതപ്പെടാത്ത സീറ്റുകള്‍ വിട്ടു നല്‍കാന്‍ സി.പി.ഐ തയ്യാറാകണം.

പുതുതായി മുന്നണിയിലേക്ക് വരുന്ന പാര്‍ട്ടിയ്ക്ക് എല്ലാ സീറ്റുകളും സി.പി.എം മാത്രം വിട്ടു കൊടുക്കുക എന്നത് നടപ്പുള്ള കാര്യമല്ല. അങ്ങനെ പറയാന്‍ സി.പി.ഐക്ക് യാതൊരു അവകാശവുമില്ല. ഇനിയും സി.പി.ഐ ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ മുന്നണിയില്‍ നിന്നു തന്നെ സി.പി.ഐയെ പുറത്താക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫില്‍ ഒരു ബര്‍ത്ത് പോലും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല. ഉള്ള സീറ്റുകള്‍ വീതം വയ്ക്കുന്നതിനെ ചൊല്ലി ഇപ്പോഴേ യു.ഡി.എഫില്‍ കടിപിടിയാണ്. 25 സീറ്റ് വിട്ടു നല്‍കിയ സി.പി.എമ്മിന്റെ വിശാല മനസ്സ് സങ്കല്‍പ്പിക്കാന്‍ പോലും യു.ഡി.എഫ് നേതൃത്വത്തിന് കഴിയുകയില്ല.

നിലനില്‍പ്പിനുള്ള പോരാട്ടമാണ് ലീഗും കോണ്‍ഗ്രസ്സും നടത്തി വരുന്നത്. ഉള്ള സീറ്റുകള്‍ പോലും തികയാത്തിടത്ത് പുതിയ ‘ഭാരം’ അവര്‍ ഒരിക്കലും ചുമക്കുകയില്ല. ഇതെല്ലാം തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തെ ഘടകകക്ഷികളോട് നിലപാട് കടുപ്പിക്കുകയാണ് സി.പി.എം ചെയ്യേണ്ടത്. എന്‍.സി.പിക്ക് വിട്ടു നല്‍കിയ സീറ്റുകളുടെ കാര്യത്തിലും പുനര്‍വിചിന്തനം അനിവാര്യമാണ്. ഒരു മന്ത്രി സ്ഥാനം ഉള്‍പ്പെടെ മൂന്ന് എം.എല്‍.എമാരാണ് എന്‍.സി.പിക്ക് നിലവിലുള്ളത്. ഇതില്‍ കുട്ടനാട്ടില്‍ നിന്നും വിജയിച്ച തോമസ് ചാണ്ടി അടുത്തയിടെ അന്തരിക്കുകയുണ്ടായി. മന്ത്രി എ.കെ ശശീന്ദ്രനും, മാണി സി കാപ്പനുമാണ് നിലവിലെ എന്‍.സി.പി എം.എല്‍.എമാര്‍.

ഇപ്പോള്‍ പാല മണ്ഡലം വിട്ടു നല്‍കില്ലന്ന് പറയുന്ന മാണി സി കാപ്പന്‍ ഒറ്റക്ക് മത്സരിച്ചാല്‍ പൊടിപോലും കാണുകയില്ല. സി.പി.എമ്മിന്റെ പിന്തുണയില്‍ ജയിച്ചിട്ട് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്ന രീതിയല്ല. കാപ്പനെ അനുനയിപ്പിക്കാന്‍ രാജ്യസഭ സീറ്റ് നല്‍കാമെന്ന വാഗ്ദാനവും ഞെട്ടിപ്പിക്കുന്നതാണ്. ഒരു ഈര്‍ക്കിള്‍ പാര്‍ട്ടിക്ക് ഇത്തരമൊരു പരിഗണന ഒരിക്കലും സി.പി.എം നല്‍കരുത്. ലോക താന്ത്രിക് ജനതാദളിന് രാജ്യസഭ സീറ്റ് നല്‍കിയത് തന്നെ വലിയ വീഴ്ചയാണ്.എന്‍.സി.പിക്ക് കൂടി സീറ്റ് വിട്ടു നല്‍കുക എന്ന് പറയുന്നത് ആത്മഹത്യാപരം തന്നെയാണ്.

സി.പി.എം രാജ്യസഭയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കേണ്ട കാലഘട്ടത്തില്‍, ‘മൗനി ബാബ’മാരെ ഒരിക്കലും പാര്‍ട്ടി സൃഷ്ടിക്കരുത്. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വവും തയ്യാറാകണം. അര്‍ഹതപ്പെട്ട സീറ്റുകള്‍ക്കപ്പുറം ആര്‍ക്കും ഒരു സീറ്റു പോലും അധികം നല്‍കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അതായിരിക്കും ഏറ്റവും വലിയ മണ്ടത്തരമായി മാറുക.

Top