യു.പി ‘ജ്ഞാൻ വാപി’ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് സി.പി.എം

ടുത്ത വർഷമാണ്, ബി.ജെ.പിയെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ‘മിനി ഇന്ത്യ’ എന്നറിയപ്പെടുന്ന ഉത്തർപ്രദേശിൽ, 2022-ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, കേന്ദ്ര സർക്കാറിനും അതി നിർണ്ണായകമാണ്.80 ലോക്സഭ സീറ്റുകൾ ഉള്ള ഈ സംസ്ഥാനമാണ്, കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്.നരേന്ദ്ര മോദിയെ ലോക്സഭയിൽ എത്തിച്ച സംസ്ഥാനമെന്ന നിലയിലും, ഉത്തർപ്രദേശിന് വലിയ പ്രാധാന്യമുണ്ട്. ജാതി ശക്തികളുടെ ശക്തികേന്ദ്രങ്ങൾ തകർത്താണ്, കാവി രാഷ്ട്രീയം ഇവിടെ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. അതിന്, ഹിന്ദുത്വവാദവും, രാമക്ഷേത്ര വിവാദങ്ങളുമെല്ലാം, കാവിപ്പടക്ക് ഏറെ സഹായ കരമായിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്,നിലവിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനം നടന്നു വരികയാണ്. ഈ സാഹചര്യത്തിൽ, ഇനി ഒരു വിവാദത്തിനും തൽക്കാലം സ്കോപ്പില്ല. യോഗിയുടെ ഭരണവും കർഷക സമരവും, ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പു കൂടിയാണ് യു.പിയിൽ നടക്കാനിരിക്കുന്നത്. യോഗി ആദിത്യനാഥിന്, തുടർ ഭരണം അനിവാര്യമായ തെരഞ്ഞെടുപ്പു കൂടിയാണിത്. സകല സംവിധാനങ്ങളും ഒരുക്കി ഇപ്പോൾ തന്നെ ബി.ജെ.പി ഇതിനായുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. യോഗിക്ക് എതിരാളിയായി പ്രിയങ്ക ഗാന്ധിയെ തന്നെ, കോൺഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. പ്രതിപക്ഷ ഏകീകരണത്തിനുള്ള സാധ്യതയും, സംഘപരിവാർ മുന്നിൽ കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ, പുതിയ ‘ആയുധമാണ്’ പ്രതിരോധത്തിനായി ബി.ജെ.പി തേടുന്നത്.

 

വാരാണസി ജ്ഞാന്‍വാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത്, മുമ്പ് ക്ഷേത്രമായിരുന്നോ എന്നു പരിശോധിക്കാന്‍, ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട്, പര്യവേക്ഷണത്തിനു ഉത്തരവിട്ട, വാരാണസി സിവില്‍ കോടതി നടപടി, പരിവാറിനെ സംബന്ധിച്ച് വലിയ പിടിവള്ളി തന്നെയാണ്. അവരാകട്ടെ, അത് ശരിക്കും ഉപയോഗ പ്പെടുത്താനുള്ള നീക്കത്തിലുമാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ്, പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പരാതി പരിഗണിക്കവെയായിരുന്നു, കോടതി, സര്‍വേ നടത്താന്‍ നിര്‍ദേശി ച്ചിരിക്കുന്നത്. സര്‍വ്വെയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും, അതില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്നും, കോടതി ഉത്തരവിട്ടിട്ടുണ്ട്. പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ധനെ, സര്‍വ്വെയുടെ നിരീക്ഷകനായി നിയമിക്കണമെന്നും, ഇതേ കോടതി വിധിയിൽ തന്നെ നിർദ്ദേശി ച്ചിട്ടുണ്ട്. തര്‍ക്കമുന്നയിച്ച ആരാധനാലയം, എന്തെങ്കിലും തരത്തിലുള്ള പൊളിച്ചുമാറ്റലുകള്‍ക്കോ കൂട്ടിച്ചേര്‍ക്ക ലുകള്‍ക്കോ വിധേയപ്പെട്ടതാണോയെന്നും, മതഘടന വ്യക്തമാക്കുന്ന ഓവര്‍ലാപ്പിംഗ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ്, കോടതിയുടെ മറ്റൊരു നിര്‍ദ്ദേശം. തര്‍ക്കസ്ഥലത്ത് പള്ളി പണിയുന്നതിന് മുമ്പേ, ഏതെങ്കിലും ഹിന്ദു ക്ഷേത്രം പണിതിട്ടുണ്ടോയെന്ന കാര്യത്തിലും, വ്യക്തത വരുത്തണമെന്നും, കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

1664ല്‍, പ്രദേശത്തുണ്ടായിരുന്ന ഒരു ഹിന്ദുക്ഷേത്രം പൊളിച്ചാണ്, മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ്, മുസ്‌ലീം മസ്ജിദ് പണിതതെന്നാണ്, 1991-ൽ, കോടതിയ്ക്ക് ലഭിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. കോടതി നിർദ്ദേശിച്ച പ്രകാരം പരിശോധന നടക്കട്ടെ എന്ന നിലപാടാണ്, ബി.ജെ.പി ഭരണകൂടവും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
സംഘ പരിവാർ നേതാക്കളല്ല, കോടതിയാണ് ഇതു സംബന്ധമായ ഉത്തരവ് നൽകിയിരിക്കുന്നതെന്നാണ്, ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ, ഈ നടപടിക്കെതിരെ ശക്തമായാണ് സി.പി.എം രംഗത്ത് വന്നിരിക്കുന്നത്. “നിയമവ്യവസ്ഥയുടെ ലംഘനമാണെന്നാണ് ” സിപിഎം പൊളിറ്റ്ബ്യൂറോയുടെ പ്രതികരണം. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍, ആരാധനാലയ പ്രത്യേക വ്യവസ്ഥനിയമം, അതായത്, സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സിൽ, അനുശാസിക്കുന്നുണ്ടെന്നാണ്, സി.പി.എം ചൂണ്ടിക്കാട്ടുന്നത്. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍, ഉയര്‍ന്ന നീതിപീഠം ഉടന്‍ ഇടപെടണമെന്നും, സി.പി.എം പിബി പ്രസ്താവനയിൽ ആവശ്യ പ്പെട്ടിട്ടുണ്ട്. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം, മുസ്ലിങ്ങള്‍ കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപി ക്കണമെന്നാണ്, അഭിഭാഷകന്‍ വിജയ് ശങ്കര്‍ റസ്‌തോഗിയും, മറ്റു നാലുപേരും നല്‍കിയ ഹര്‍ജിയിൽ ആവശ്യ പ്പെട്ടിരിക്കുന്നത്. അതേസമയം, പര്യവേക്ഷണം നടക്കുമ്പോള്‍, മുസ്ലിങ്ങളുടെ നമസ് തടസ്സപ്പെടാന്‍ പാടില്ലന്നും, കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് അസാധ്യമാണെന്ന് വന്നാല്‍, നമസിന് ബദല്‍സംവിധാനം സമിതി ഒരുക്കണമെന്നും, കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് പര്യവേക്ഷണം നടത്തേണ്ടത്. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നല്‍കരുതെന്നും, കോടതി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പര്യവേക്ഷണം സംബന്ധിച്ച്, മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഈ ഉത്തരവിൽ നിര്‍ദേശിച്ചിട്ടുണ്ട്.

 

അതേസമയം, കോടതി ഉത്തരവിനെതിരെ രംഗത്ത് വന്ന സി.പി.എം നിലപാടിനെ, രൂക്ഷമായ ഭാഷയിലാണ് സംഘപരിവാർ നേതാക്കൾ വിമർശിച്ചിരിക്കുന്നത്. എന്നാൽ, കീഴ്ക്കോടതി ഉത്തരവ്, ഉയർന്ന നീതി പീഠം ഇടപെട്ട് റദ്ദാക്കണമെന്ന ആവശ്യത്തിൽ, ഇപ്പോഴും ഉറച്ചു നിൽക്കുന്നതായാണ്, സി.പി.എം നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്. ഈ ആവശ്യം മുൻ നിർത്തി ഹർജി നൽകുന്ന കാര്യവും, പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. സർവ്വേയുടെ പേരിൽ, ബി.ജെ.പിക്ക് ‘വിളവെടുപ്പിനുള്ള’ ഒരവസരവും നൽകില്ലന്നതാണ്, സി.പി.എം നിലപാട്. കോൺഗ്രസ്സ് ഉൾപ്പെടെ, ഈ വിഷയത്തിൽ അന്തംവിട്ടു നിൽക്കുമ്പോഴാണ്, ശക്തമായ നിലപാടുമായി, സി.പി.എം കേന്ദ്ര നേതൃത്വം തന്നെ രംഗത്തു വന്നിരിക്കുന്നതെന്നതും, ശ്രദ്ധേയമാണ്.

Top