കോൺഗ്രസ്സിൽ ഇപ്പോൾ തലമുറ മാറ്റം അനിവാര്യമാക്കിയത് സി.പി.ഐ (എം)

കോൺഗ്രസ്സിൽ തലമുറമാറ്റം സംഭവിച്ചതിന് വി.ഡി സതീശൻ യഥാർത്ഥത്തിൽ നന്ദി രേഖപ്പെടുത്തേണ്ടത് ഇടതു പക്ഷത്തിനോടാണ്. മന്ത്രിസഭയിൽ ഉൾപ്പെടെ പുതുമുഖങ്ങളെ കൊണ്ടു വന്നും യുവത്വത്തിന് പരിഗണന കൊടുത്തും കമ്യൂണിസ്റ്റു പാർടികൾ കൊണ്ടുവന്ന സമൂലമായ മാറ്റമാണ് കോൺഗ്രസ്സിലും ഇപ്പാൾ മാറ്റത്തിന് വഴിവച്ചിരിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും സ്വീകരിച്ചിരിക്കുന്ന നിലപാട്  5 വർഷം കഴിഞ്ഞാലും കോൺഗ്രസ്സിൻ്റെ പ്രതീക്ഷ തകർക്കുമെന്ന് കണ്ടാണ് ഈ മാറ്റം. യുവ കോൺഗ്രസ്സ് എം.എൽ.എമാരും വി.എം സുധീരനുമാണ് സതീശനു വേണ്ടി പൊരുതിയിരിക്കുന്നത്. തങ്ങളുടെ നിലപാട് അവർ കൃത്യമായി തന്നെയാണ് ഹൈക്കമാൻ്റിനെയും അറിയിച്ചിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി ഉറച്ച നിലപാടെടുക്കാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ചതും ഈ സമ്മർദ്ദമാണ്. കെ.സി വേണുഗോപാലിനു പോലും ഈ നിലപാടിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നത് അടുത്ത ‘ഊഴം’ പ്രതീക്ഷിക്കുന്ന കെ.സിക്കും വലിയ പ്രഹരം തന്നെയാണ്. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടിയാണ് ഇതോടെ തകർന്നിരിക്കുന്നത്. ‘എ’ ഗ്രൂപ്പിലും ‘ഐ’ ഗ്രൂപ്പിലും വലിയ ഭിന്നതയാണ് നിലവിലുള്ളത്. രണ്ട് വിഭാഗത്തിലെയും യുവ എം.എൽ.എമാർ സതീശനൊപ്പമാണ് അടിയുറച്ച് നിൽക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റുകളും തൂത്തുവാരിയ യു.ഡി.എഫ് എം.പിമാരും സതീശൻ്റെ പുതിയ നിയോഗത്തിൽ ഹാപ്പിയാണ്. മുസ്ലീംലീഗ്, ആർ.എസ്.പി തുടങ്ങിയ ഘടക കക്ഷികളും വി.ഡി സതീശന് ആശംസ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

സതീശൻ്റെ വരവ് ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് രമേശ് ചെന്നിത്തലക്കാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി കൂടിയാണ് ഇപ്പോൾ ത്രിശങ്കുവിലായിരിക്കുന്നത്. ഇനി എന്ത് എന്നത് ചെന്നിത്തലക്ക് മുന്നിലുള്ള വലിയ ചോദ്യം തന്നെയാണ്. സതീശൻ ഹൈക്കമാൻ്റ് നോമിനിയായതിനാൽ പുതിയ ശാക്തിക ചേരിയാണ് രൂപപ്പെടാൻ പോകുന്നത്. കോൺഗ്രസ്സ് ഗ്രൂപ്പ് മാനേജർമാരുടെ ചങ്കിടിപ്പിക്കുന്ന കാര്യമാണിത്. ഏത്  വിഷയമായാലും അത് വ്യക്തമായി പഠിച്ചു മാത്രം അവതരിപ്പിക്കുന്ന നേതാവാണ് വി.ഡി സതീശൻ. സർക്കാറിൻ്റെ നല്ല പ്രവർത്തികളെ അഭിനന്ദിക്കാനും സതീശൻ മടികാട്ടാറില്ല. അടുത്തയിടെ അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖവും ഏറെ ശ്രദ്ധേയമായിരുന്നു.

മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും സമയത്ത് മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രതികരണമാണ് സതീശനെ അത്ഭുതപ്പെടുത്തിയിരുന്നത്. താൻ വിളിക്കുമ്പോഴൊക്കെ അദ്ദേഹം തന്നെ ഫോണെടുക്കും. അതല്ലെങ്കിൽ 10 മിനിറ്റിനകം തിരിച്ചുവിളിക്കുമെന്നും സതീശൻ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. പറയുന്ന കാര്യം വളരെ ശ്രദ്ധയോടെ കേട്ട ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഉടനെ തന്നെ സതീശനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ഇടപെടൽ തീർച്ചയായും തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സതീശൻ തുറന്നു പറഞ്ഞിരിക്കുന്നത്.

ഏത് വിഷയമാണെങ്കിലും മുഖ്യമന്ത്രിയോട് സംസാരിച്ചാൽ ‘യെസ്’ എന്നോ ‘നോ’ എന്നോയുള്ള ഒരു മറുപടി ഉടൻ ഉണ്ടാകും. ‘നോ’ എന്നാണു പറയുന്നതെങ്കിൽ അതിന്റെ കാരണവും വ്യക്തമായി തന്നെയാണ് പറയുക. യെസ് ആണെങ്കിൽ ‘അതു ഗൗരവമുള്ള കാര്യമാണ്. അതു ശരിയാണ് എന്നു പറയുക മാത്രമല്ല വേണ്ട നടപടികളും പെട്ടന്നു തന്നെ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കും. എന്തായാലും മുഖ്യമന്ത്രിയെ വിളിച്ചാൽ ഒരു തീരുമാനം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലന്ന് വ്യക്തമാക്കിയ സതീശൻ ഈ പ്രവർത്തി തനിക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണെന്നും തുറന്നു പറയുകയുണ്ടായി.

ചെന്നിത്തലയെ പോലെ ആരോപണങ്ങൾ മാത്രം മുഖമുദ്രയാക്കി പ്രവർത്തിക്കാനല്ല ക്രിയാത്മകമായ ഇടപെടലാണ് നിയുക്ത പ്രതിപക്ഷ നേതാവും ആഗ്രഹിക്കുന്നത്. അതായത് സർക്കാറിനെ കണ്ണടച്ച് വിമർശിക്കാനില്ലന്നത് വ്യക്തം. അതേസമയം തെറ്റുകൾ കണ്ടാൽ ശക്തമായി പ്രതികരിക്കുകയും ചെയ്യും. സതീശൻ്റെ പക്വമായ ഈ നിലപാടിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിരുപാധിക പിന്തുണയാണ് മഹാമാരിയുടെ ഈ പുതിയ കാലത്ത് സതീശൻ സർക്കാറിന് ഉറപ്പു നൽകിയിരിക്കുന്നത്. ജനകീയനായ മുഖ്യമന്ത്രിയെ നേരിടാൻ ജനകീയമായ ഇടപെടലുകൾ തന്നെ പ്രതിപക്ഷ നേതാവിനും ഇനി നടത്തേണ്ടി വരും. അതിൻ്റെ തുടക്കം കൂടിയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. അതേസമയം പ്രതിപക്ഷ നേതാവായതോടെ
2026 – ൽ യു.ഡി.എഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയാണ് രാഷ്ട്രീയ നിരീക്ഷകരും നിലവിൽ നോക്കി കാണുന്നത്.

പ്രതിപക്ഷ നേതാവിനു ശേഷം കെ.പി.സി.സി അദ്ധ്യക്ഷനും യു.ഡി.എഫ് കൺവീനറും മാറുന്നതോടെ കോൺഗ്രസ്സിലെ തലപ്പത്തെ മാറ്റം പൂർണ്ണമാകും. ഇക്കാര്യത്തിലും ഹൈക്കമാൻഡ് തന്നെ ധാരണയിലെത്തിയിട്ടുണ്ട്. കെ സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാനാണ് ആലോചന യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് പി.ടി തോമസും മുരളീധരനുമാണ് പരിഗണനയിലുള്ളത്. അതേസമയം താഴെ തട്ടുമുതൽ പാർട്ടിയിൽ പുനസംഘടന വേണമെന്ന കാര്യത്തിൽ കോൺഗ്രസ്സ് യുവ എം.എൽ.എമാരും ഉറച്ചു നിൽക്കുകയാണ്. സി.പി.എമ്മിനെ പോലെ കേഡർ സംവിധാനം നടപ്പില്ലങ്കിലും അച്ചടക്കം പരമാവധി നടപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം.ഇതിനു കൂടി ഹൈക്കമാൻ്റ് വഴങ്ങുന്നതോടെ ഗ്രൂപ്പ് നേതാക്കളാണ് ശരിക്കും പുറംതള്ളപ്പെടുവാൻ പോകുന്നത്. കാലം കാത്തുവച്ച കാവ്യനീതിയാണിത്.

Top