ജനങ്ങള്‍ക്കു വേണ്ടാത്ത ഐഎംഎ പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നെന്ന് സിപിഐ

cpi

തിരുവനന്തപുരം: പാലോട് ഐഎംഎ മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തില്‍ പൊട്ടിത്തെറിച്ച് സിപിഐ ജില്ലാ നേതൃത്വം രംഗത്ത്. ജനങ്ങള്‍ക്കു വേണ്ടാത്ത പ്ലാന്റിന് സര്‍ക്കാര്‍ എന്തിന് വാശിപിടിക്കുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ ആരാഞ്ഞു.

പ്ലാന്റിന് വേണ്ടി തീരുമാനിച്ചിരിക്കുന്ന സ്ഥലം കൃഷിഭൂമിയാണെന്നും, ഇവിടെ നിര്‍മ്മാണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിപിഐ ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജനവികാരം മനസ്സിലാക്കണമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.

നേരത്തെ, പാലോട് ഐഎംഎ മാലിന്യ പ്ലാന്റിനെതിരെ റവന്യൂ വകുപ്പും രംഗത്തു വന്നിരുന്നു. സ്ഥലത്ത് പ്ലാന്റ് നിര്‍മ്മാണത്തിന് നിയമ തടസ്സമുണ്ടെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആകെയുള്ള 6.80 ഏക്കറില്‍ അഞ്ച് ഏക്കറും പാടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജനവാസമില്ലെന്ന ഐഎംഎ റിപ്പോര്‍ട്ടും റവന്യൂ വകുപ്പ് തള്ളി. രണ്ട് പട്ടികജാതി കോളനികളും 40 കുടുംബങ്ങളും പ്രദേശത്ത് വസിക്കുന്നുണ്ടെന്നും, കണ്ടല്‍ക്കാടും നീരുറവകളുമുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top