മുസ്ലീം ലീഗ് വർഗ്ഗീയ പാർട്ടിയല്ലന്ന് പ്രഖ്യാപിച്ച് സി.പി.ഐ ദേശീയ നേതൃത്വവും

തിരുവനന്തപുരം: ലീഗ് വർഗീയ പാർട്ടിയല്ലെന്ന നിലപാട് പ്രഖ്യാപിച്ച് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം രംഗത്ത്. മതനിരപേക്ഷ നിലപാടാണ് ലീഗ് പിന്തുടരുന്നത്. ലീഗിന് പലപ്പോഴും ചാഞ്ചാട്ടമുണ്ടായിട്ടുണ്ടെങ്കിലും വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

എൽ.ഡി.എഫിലേക്ക് വരുന്ന കാര്യത്തിൽ നിലപാട് പറയേണ്ടത് മുസ്‍ലിം ലീഗ് നേതൃത്വമാണ്. അതേസമയം, സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടത്തുന്നത് അപക്വമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരം ചർച്ചകൾ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയതയെയും മതമൗലികവാദത്തെയും എതിർക്കുന്ന ​പ്രസ്ഥാനമെന്ന നിലക്ക് മുസ്‍ലിം ലീഗിന്റെ നിലപാടുകൾ ശരിയാണ് എന്ന അഭിപ്രായമാണ് പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി​ ഗോവിന്ദൻ പറഞ്ഞു. ഗവർണർ പദവി കാവി വൽകരിക്കുന്ന വിഷയവും വിഴിഞ്ഞത്ത് മന്ത്രിക്കെതിരായ വർഗീയ പരമാർശത്തിന്റെ വിഷയവും മതേതരമായ ഉള്ളടക്കത്തോടെ കാണാനും കാര്യങ്ങൾ അവതരിപ്പിക്കാനും ലീഗിന് സാധിച്ചിട്ടുണ്ട്.

ഗവർണറുടെ വിഷയത്തിൽ കോൺഗ്രസ് നിലപാട് പിന്നീട് മാറ്റേണ്ടി വന്നത് യു.ഡി.എഫിൽ പ്രശ്നമാവുമെന്നതുകൊണ്ടാണ്. ലീഗിന്റെ ഇത്തരം നിലപാടുകളെ പത്രസമ്മേളനത്തിൽ സ്വാഗതം ചെയ്തതാണ്. അല്ലാതെ ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതല്ല. കേവലം പ്രസ്താവനകളിലൂടെയല്ല ഇടതുപക്ഷത്തേക്ക് ആരെയും ക്ഷണിക്കുന്നത്. ഭാവി തെരഞ്ഞെടുപ്പുകളിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അതത് ഘട്ടങ്ങളിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Top