‘സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജര്‍’: ചെന്നിത്തല

chennithala

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജരെന്നും കിന്‍ഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്പനിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം വിദേശ മദ്യ നിര്‍മാണത്തിനായി തൃശൂരിലെ ശ്രീചക്ര ഡിസ്റ്റിലറിക്ക് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതായി വ്യക്തമായി. സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ സാധ്യതയുമുണ്ടെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2017 നവംബര്‍ 13നാണ് എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ശ്രീചക്ര ഡിസ്റ്റിലറീസിന് അനുമതി നല്‍കിയത്. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറുടെ മുന്നറിയിപ്പ് അവഗിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top