നാലിടത്ത് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലത്ത് പാര്‍ട്ടി ദേശീയ- സംസ്ഥാന കൗണ്‍സില്‍ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിക്കും. നാട്ടികയില്‍ സി.സി. മുകുന്ദന്‍, ഹരിപ്പാട് ആര്‍.സജിലാല്‍, പറവൂരില്‍ എം.ടി.നിക്‌സണ്‍ എന്നിവരും മത്സരിക്കും. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളില്‍ 21 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രണ്ടില്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുന്ന ജില്ലകളില്‍ ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ്- കൗണ്‍സില്‍ യോഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ചടയമംഗലത്ത് ചിഞ്ചുറാണിക്ക് നറുക്കുവീണത്. സിപിഐ പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന വിമര്‍ശനവും കാരണമായി. നേരത്തെ പ്രഖ്യാപിച്ച 21 സ്ഥാനാര്‍ഥികളില്‍ ഒരു വനിത മാത്രമാണ് ഉണ്ടായിരുന്നത് (വൈക്കം: സി.കെ. ആശ). ഇതോടെ സിപിഐ സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ടു വനിതകളായി.

അതേസമയം, നാട്ടികയില്‍ സീറ്റിങ് എംഎല്‍എ ഗീതാ ഗോപിയെ ഒഴിവാക്കിയാണ് സി.സി. മുകുന്ദനെ സ്ഥാനാര്‍ഥിയാക്കിയത്. 2 തവണ ഇവിടെ വിജയിച്ച ഗീതാ ഗോപി എംഎല്‍എയുടെ പേര് ജില്ലാ എക്‌സിക്യൂട്ടീവ് നല്‍കിയ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഗീതാ ഗോപി തന്നെ മത്സരിക്കണമെന്നു സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കള്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രാദേശിക എതിര്‍പ്പുകള്‍ ശക്തമായതോടെ മുകുന്ദനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

Top