ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് പ്രവേശിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമില്ല, അഞ്ച് ദിവസം ക്വാറന്റീന്‍

ജിദ്ദ: ഇന്ത്യയില്‍ നിന്നു നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമില്ല. എന്നാല്‍, നാട്ടില്‍ നിന്നു ഒരു ഡോസോ, രണ്ട് ഡോസോ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒറ്റ ഡോസ് പോലും ഇതുവരെ എടുക്കാത്തവര്‍ക്കുമെല്ലാം സൗദിയിലെത്തിയാല്‍ അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരിക്കും.

നിലവില്‍ സൗദിയില്‍ നിന്നു രണ്ട് ഡോസുകള്‍ എടുത്തവര്‍ക്കും നേരത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയിരുന്നവര്‍ക്കും മാത്രമേ ക്വാറന്റീന്‍ നിബന്ധനയില്‍ നിന്നും ഒഴിവുണ്ടാവൂ. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളവര്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീനു വേണ്ടി അംഗീകരിച്ചിട്ടുള്ള ഹോട്ടലിലോ അഞ്ച് ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടാതെ, ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കോവിഡ് പി.സി.ആര്‍ പരിശോധനക്ക് വിധേയരാവണം.

എന്നാല്‍, സൗദിയില്‍ നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുകയും തങ്ങളുടെ തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമേ വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രവേശനം അനുവദിക്കൂ. അതിനാല്‍ നാട്ടില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ തവക്കല്‍ന ആപ്പില്‍ സ്റ്റാറ്റസ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഇതുവരെ സൗദിയില്‍ അംഗീകാരം ലഭിക്കാത്തതിനാല്‍ കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തവര്‍ക്ക് ഈ വിധം തവക്കല്‍ന ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല.

Top