നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മറ്റന്നാളത്തേക്ക് മാറ്റി. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പെരുന്നാള്‍ കണക്കിലെടുത്ത് കടകള്‍ എല്ലാ ദിവസവും തുറക്കുന്നതടക്കമുള്ള ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം കടകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ തീരുമാനം പ്രഖ്യാപിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും.

കോവിഡ് മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് മുതല്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ പ്രതിഷേധം മാറ്റിവെക്കുകയായിരുന്നു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നകാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.

 

Top