അസമയത്ത് നാരങ്ങ ചോദിച്ച് അയല്‍വാസിയുടെ വാതിലില്‍ മുട്ടുന്നത് അപഹാസ്യമെന്ന് കോടതി

മുംബൈ: നാരങ്ങ ചോദിച്ച് അസമയത്ത് അയല്‍വാസിയുടെ വാതിലില്‍ മുട്ടിയതിന് സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെതിരെ ചുമത്തിയ കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സഹപ്രവര്‍ത്തകയും ആറ് വയസ്സുള്ള മകളും മാത്രം താമസിക്കുന്ന വീട്ടിലെത്തിയ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. 2021 ഏപ്രില്‍ 19 നായിരുന്നു സംഭവം. അര്‍ദ്ധരാത്രിയില്‍ കോണ്‍സ്റ്റബിള്‍ വീടിന്റെ വാതിലില്‍ മുട്ടുകയും തനിച്ചായിരുന്ന സ്ത്രീ അസമയത്ത് കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാറിനെ കണ്ട് ഭയന്നുവെന്നും താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാള്‍ തിരികെ പോയതെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

തുടര്‍ന്ന് യുവതി പരാതി നല്‍കിയതോടെ ഉന്നത ഉദ്യോഗസ്ഥന്‍ വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ഇത് പീഡനത്തിന് തുല്യമാണെന്നും വളരെ മോശം പെരുമാറ്റമാണെന്നും സേനയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുന്ന സമയം കോണ്‍സ്റ്റബിള്‍ മദ്യം കഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷയായി കുമാറിന്റെ ശമ്പളം മൂന്ന് വര്‍ഷത്തേക്ക് കുറച്ചിരിക്കുകയാണ്. ഈ കാലയളവില്‍ അയാള്‍ക്ക് ഇന്‍ക്രിമെന്റും ലഭിക്കില്ല. എന്നാല്‍ താന്‍ നാരങ്ങ ചോദിക്കാന്‍ വേണ്ടി മാത്രമാണ് വാതിലില്‍ മുട്ടിയതെന്നായിരുന്നു കുമാറിന്റെ ന്യായീകരണം. 2021-ല്‍ കേസില്‍ കീഴ് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വയറുവേദനയ്ക്ക് മരുന്നുണ്ടാക്കാനെന്ന കാരണം പറഞ്ഞ് നാരങ്ങ ആവിശ്യപ്പെട്ടുകൊണ്ട് ഒരു സ്ത്രീ മാത്രമുള്ള വീട്ടില്‍ അസമയത്ത് പോകുന്നത് അസംബന്ധമാണെന്നാണ് ജസ്റ്റിസുമാരായ നിതിന്‍ ജംദാര്‍, എംഎം സതയെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചേരാത്ത പ്രവര്‍ത്തിയാണിതെന്നും തന്റെ സഹപ്രവര്‍ത്തകന്‍ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നുവെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നിട്ടും ഈ പ്രവൃത്തി ചെയ്തതിനെ കോടതി വിമര്‍ശിച്ചു. കുമാറിന്റെ പെരുമാറ്റം സിഐഎസ്എഫ് പോലുള്ള സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് യോജിച്ചതല്ല. കുമാറിന്റെ ഉദ്ദേശം ശരിയാണെന്ന് കണ്ടെത്താനായില്ല. സംഭവം ആരോപിക്കപ്പെടുന്ന സമയത്ത് ഡ്യൂട്ടിയില്‍ ഇയാള്‍ ഇല്ലാതിരുന്നതിനാല്‍ നടന്നത് തെറ്റായ പെരുമാറ്റമല്ലെന്ന കുമാറിന്റെ വാദം അംഗീകരിക്കാനും ബെഞ്ച് വിസമ്മതിച്ചു. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം അദ്ദേഹം സത്യസന്ധത പാലിക്കണമെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചേരാത്ത പ്രവര്‍ത്തി ചെയ്യരുതെന്നും ബെഞ്ച് വ്യക്തമാക്കി.

Top