സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ അപേക്ഷ തള്ളി കോടതി

 

 

സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി. റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ചെന്നൈ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് അല്ലിയാണ് അപേക്ഷ തള്ളിയത്.

സെന്തില്‍ ബാലാജിയുടെ ബിനാമി ഇടപാട് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചിരുന്നു. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട മൂന്നു ഹര്‍ജികളില്‍ വധം കേള്‍ക്കുകയായിരുന്നു കോടതി. 25 കോടി രൂപയുടെ ബിനാമി ഇടപാട് കണ്ടെത്തിയതായി ഇഡി കോടതിയെ അറിയിച്ചു. അനുരാധ എന്ന സ്ത്രീ ബാങ്ക് ലോണ്‍ എടുത്ത് 3.75 ഏക്കര്‍ ഭൂമി 40 കോടി രൂപയ്ക്ക് വാങ്ങി. ഈ സ്ഥലം പിന്നീട് 10.88 ലക്ഷം രൂപയ്ക്ക് സെന്തില്‍ ബാലാജിയുടെ ബന്ധു ലക്ഷ്മിക്ക് വിറ്റു. ബാങ്ക് ലോണ്‍ അടച്ചു തീര്‍ത്തത് ലക്ഷ്മിക്ക് സ്ഥലം കൈമാറുന്നതിന് തൊട്ട് മുന്‌പെന്നും കണ്ടെത്തല്‍. ഇതിനായുള്ള പണം സെന്തില്‍ ബാലാജി അനധികൃതമായി സമ്പാദിച്ചതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തതിനെക്കാള്‍ വലിയ സംഖ്യ നിക്ഷേപമുണ്ട് എന്ന നിരീക്ഷണനും കോടതിയെ ഇഡി അറിയിച്ചു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടിയും ഭാര്യ മേഘലയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപയും കണ്ടെത്തി. ഇത് ഇന്‍കം ടാക്‌സിന് നല്‍കിയ വിവരങ്ങളെക്കാള്‍ വലിയ തുകയാണ്. 2022-ല്‍ അദ്ദേഹത്തിന് പലതവണ സമന്‍സ് അയച്ചു. എന്നാല്‍ ഹാജരായില്ല. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി.

കൈക്കൂലി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് ആരോഗ്യ മന്ത്രി സെന്തില്‍ ബാലാജിയെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 28 വരെയാണ് റിമാന്‍ഡ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആണ് ഇന്നലെ ഇ ഡി മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെന്തില്‍ ബാലാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയാണ് സെന്തില്‍ ബാലാജിയെ ചെന്നൈ സെഷന്‍സ് കോടതി ജഡ്ജ് അല്ലി റിമാന്‍ഡ് ചെയ്തത്. തുടര്‍ന്നാണ്, സെന്തില്‍ ബാലാജിയ്ക്ക് ജാമ്യം അനുവദിയ്ക്കണമെന്ന് ഹര്‍ജി ഡിഎംകെ സമര്‍പ്പിച്ചത്.

S

 

Top