ഷാന്‍ വധക്കേസ്: കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി കോടതി

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി റോയ് വര്‍ഗ്ഗീസ് തളളി.മണ്ണഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലപ്പുഴ ഡിവൈ.എസ്.പി യാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മണ്ണഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പകരം ആലപ്പുഴ ഡിവൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത് തെറ്റായ നടപടി ക്രമമാണെന്ന് ആരോപിച്ചാണ് പ്രതിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ ഏത് ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് അധികാരമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.പി. ഹാരിസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്തമാസം 23-ന് വാദം നടക്കും.ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്,അവലൂക്കുന്ന് സ്വദേശി വിഷ്ണു,കാട്ടൂര്‍ സ്വദേശി അഭിമന്യൂ,പൊന്നാട് സ്വദേശി സനന്ദ്,ആര്യാട് വടക്ക് സ്വദേശി അതുല്‍,കോമളപുരം സ്വദേശി ധനീഷ്,മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്,പൊന്നാട് സ്വദേശി പ്രണവ്,കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്,കൊക്കോതമംഗലം സ്വദേശി മുരുകേശന്‍,കാട്ടൂര്‍ സ്വദേശി രതീഷ് എന്നീ 11 പേരാണ് ഷാന്‍ വധക്കേസിലെ പ്രതികള്‍. ഇവരെല്ലാം ഇപ്പോള്‍ജാമ്യത്തിലാണ്. ഇതില്‍ 11-ാം പ്രതി കാട്ടൂര്‍ സ്വദേശി രതീഷ് ഒഴികെയുളള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ജാമ്യം അനുവദിച്ചത് തെറ്റായ നടപടിക്രമമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. രതീഷിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

Top