സജി ചെറിയാന് ആശ്വാസം; കേസ് അവസാനിപ്പിക്കുന്നതിനെതിരായ ഹര്‍ജി കോടതി തള്ളി

പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ചുവെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ തടസ്സഹർജി കോടതി തള്ളി. അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ടിനെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

സജി ചെറിയാനെതിരെയുള്ള ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ട് പ്രകാരം ചുമത്തിയിട്ടുള്ള വകുപ്പുകൾ നിലനിൽക്കുകയില്ല. അതുകൊണ്ട് കേസ് നടപടികൾ അവസാനിപ്പിച്ച് എഫ്‌ഐആർ റദ്ദാക്കണമെന്നാണ് പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയെ സമർപ്പിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരൻ ഹർജി നൽകിയത്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ വെച്ച് ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇതിനെതിരെയുള്ള പരാതിയിൽ കീഴ് വായ്പൂർ പൊലീസാണ് സജി ചെറിയാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സജി ചെറിയാൻ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

Top