കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോടതി. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി വിമര്‍ശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനില്‍ക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവര്‍ എവിടെയെന്നും കോടതി ചോദിച്ചു.
പൊലീസ് ഉപദ്രവിച്ചതായി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ വെളിപ്പെടുത്തി. പ്രതികളെ ഉപദ്രവിക്കാന്‍ പൊലീസ് ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പ്രതികളെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ പരാതി വിശദമായി എഴുതി നല്‍കാനും കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് അകത്തേക്ക് ഷൂ വീണില്ലല്ലോ എന്നും പിന്നെങ്ങനെ വധശ്രമം നിലനില്‍ക്കുമെന്നും പൊലീസിനോട് കോടതി ചോദിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്തായിരുന്നു കോടതി സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതും പൊലീസിനെ വിമര്‍ശിച്ചതും.