പോക്‌സോ കേസിൽ 20 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച് കോടതി

ഡൽഹി: പോക്‌സോ കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയായ രാജ്കുമാര്‍ മൗര്യയെ കോടതി ശിക്ഷിച്ചത്. 20 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് പ്രതാപ്ഘട്ടിലെ കോടതി കേസിലെ വിധി പറഞ്ഞത്.

2022 ജൂണ്‍ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സുകാരിയും സഹോദരനും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സഹോദരനെ ബന്ദിയാക്കിയ ശേഷമായിരുന്നു അതിക്രമം.

സംഭവത്തില്‍ പ്രതാപ്ഘട്ട് നഗര്‍ കോട്ട് വാലി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.

കേസിന്റെ വിചാരണയ്ക്കിടെ താന്‍ നിരപരാധിയാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരായിരുന്നു. തുടര്‍ന്നാണ് 20 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ച പോക്‌സോ കേസുകളിലൊന്ന് കൂടിയാണിത്.

Top