ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം എന്തിനെന്ന് കോടതി

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം എന്തിനെന്ന് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ്. എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത്? സുപ്രിം കോടതി ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് മാത്രം വധശിക്ഷ നല്‍കാനാണ് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം. പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തില്‍ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയര്‍ത്താന്‍ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു.

പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. എല്ലാ തെളിവുകളും കോടതി പരിശോധിച്ചതാണെന്നും കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പെട്ടെന്നുള്ള വികാരത്തിന് പുറത്ത് നടന്ന കൊലപാതകം അല്ല ടിപി ചന്ദ്രശേഖരന്റേത്. ഒരാളുടെ മാത്രം ബുദ്ധിയില്‍ ആലോചിച്ചു നടത്തിയ കൊലപാതകം അല്ല ഇതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോര്‍ട്ട്. ദീര്‍ഘകാലം തടവില്‍ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ വീട്ടിലായിരുന്നു എന്നും രാമചന്ദ്രന്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ കോടതി തീരുമാനം എടുക്കുക.

Top