കൂറുമാറ്റ നിരോധന നിയമം: മതിയായ കാരണമുണ്ടെങ്കില്‍ വൈകിയ പരാതിയും പരിഗണിക്കാം; ഹൈക്കോടതി

കൊച്ചി: കൂറുമാറ്റ നിരോധന നിയമ പ്രകാരം പരാതി നല്‍കാന്‍ സമയപരിധിയുണ്ടെങ്കിലും മതിയായ കാരണമുണ്ടെങ്കില്‍ വൈകിക്കിട്ടുന്ന പരാതിയും തെരഞ്ഞെടുപ്പ് കമീഷന് പരിഗണിക്കാമെന്ന് ഹൈകോടതി.ആദ്യം നല്‍കിയ പരാതി പരാതിക്കാര്‍ പിന്‍വലിച്ചാല്‍ ഉടന്‍ സമാനമായ പരാതി ലഭിച്ചാല്‍ സമയ പരിധിയില്‍ ഇളവനുവദിക്കാന്‍ കമീഷന് കഴിയുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. അടിമാലി പഞ്ചായത്തിലെ സി.പി.ഐ അംഗമായിരിക്കെ യു.ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റായ സനിത സജി നല്‍കിയ ഹരജി തള്ളിയാണ് ഉത്തരവ്.

ഹരജിക്കാരി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനെത്തുടര്‍ന്ന് സി.ഡി. ഷാജി, ഷെര്‍ളി മാത്യു എന്നീ പഞ്ചായത്ത് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കി. പ്രസിഡന്റായി ഏഴുമാസത്തിനുശേഷം സനിത സി.പി.എമ്മിലെത്തിയതോടെ ആദ്യം പരാതി നല്‍കിയ രണ്ടുപേരും പിന്‍വലിച്ചു.തൊട്ടുപിന്നാലെ 252 ദിവസം വൈകിയത് മാപ്പാക്കണമെന്ന അപേക്ഷ സഹിതം സി.പി.ഐ ജില്ല സെക്രട്ടറി സലിം കുമാറും മറ്റൊരു അംഗമായ സൗമ്യ അനിലും പരാതി നല്‍കി.

252 ദിവസം പരാതി വൈകിയെങ്കിലും ന്യായമായ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടി കാലതാമസം വകവെച്ചുനല്‍കിയ കമീഷന്‍ പരാതി പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് ചോദ്യം ചെയ്ത് സനിത സജി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഉത്തരവിലെ നിരീക്ഷണങ്ങള്‍ പരിഗണിക്കാതെ കമീഷന് മുന്നിലുള്ള പരാതി തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചു.

Top