ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം ഇരുപത്തിയാറിന് വിധി പറയും.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ജാമ്യം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകര്‍ക്ക് വീഴ്ച്ച ഉണ്ടായെന്നും പബ്ലിക് പ്രോസികൂട്ടാര്‍ പി പി ഹാരിസ് വാദിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദവാദം കേള്‍ക്കുന്നതിനായി ഇരുപത്തിയാറാം തീയതിയിലേക്ക് മാറ്റി. അധികാരമില്ലത്ത ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇരുപത്തിയാറാം തീയതി വിധി പറയും.

ഈ കേസ് തീര്‍ന്നാല്‍ മാത്രമേ ഷാന്‍ വധക്കേസിന്റെ വിചാരണ ആരംഭിക്കാനാകുള്ളു. 2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബറില്‍ ഷാനിനെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷാന്റെ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപി നേതാവായ രണ്‍ജിത്ത് ശ്രീനിവാസനും വധിക്കപ്പെട്ടു. ഈ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഈ മാസം ആദ്യം മാവേലിക്കര കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ പ്രതികള്‍ ഈ മാസം അവസാനം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

Top