എത്ര വലിയ വെല്ലുവിളിയും നേരിടാന്‍ രാജ്യം സജ്ജം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

പത്ത് ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിലും പങ്കുചേര്‍ന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. രാജ്യത്തെ ലിക്വിഡ് ഓക്‌സിജന്‍ നിര്‍മാണം 10 മടങ്ങ് വര്‍ധിപ്പിച്ചതായും ദിനംപ്രതി 20 ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന്‍ കീ ബാത്തില്‍ ചുഴലിക്കാറ്റ്, കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്നേക്ക് കേന്ദ്രസര്‍ക്കാര്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയെന്നും കടന്നുപോയ ഏഴ് വര്‍ഷവും ടീം ഇന്ത്യ എന്ന നിലയില്‍ ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനായെന്നും മോദി പറഞ്ഞു. ദേശസുരക്ഷ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Top