75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യമൊരുങ്ങി; കനത്ത സുരക്ഷയില്‍ തലസ്ഥാനം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 75 വയസ്സ്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് നാടൊരുങ്ങി. കനത്ത സുരക്ഷയിലാണ് രാജ്യനഗരി. ഇന്ന് രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും.

ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം. ചെങ്കോട്ട പുറത്തുനിന്നു കാണാന്‍ കഴിയാത്ത വിധം ഒരാഴ്ചമുമ്പു തന്നെ കണ്‍ടെയ്‌നറുകളും ലോഹപ്പലകയും നിരത്തി മറച്ചിരുന്നു. പുരാതന ഡല്‍ഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച ഡല്‍ഹി പോലീസ് മുദ്രവെച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ രണ്ടു പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പരിസരങ്ങളിലെ 350 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിച്ചു വരുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളും 70 സായുധ വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യമുനയില്‍ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നു. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ സര്‍വസജ്ജമാണ് സുരക്ഷാസേന. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തി.

Top