ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോര്‍പ്പറേഷന്‍. ചര്‍ച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോര്‍പ്പറേഷന്‍ നിലപാട്. അതേ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരണം.

കോര്‍പ്പറേഷന്‍ പങ്കാളിത്തോട് കൂടിയാണ് ഇ ബസ് പദ്ധതി. നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും കോര്‍പ്പറേഷന് അതൃപ്തിയുണ്ട്. മേയര്‍ ഉടന്‍ നിലപാട് ഗതാഗതമന്ത്രിയെ അറിയിക്കും. മന്ത്രിയുടെ പരിഷ്‌കാരങ്ങളില്‍ കോര്‍പ്പറേഷന് പുറമെ വട്ടിയൂര്‍കാവ് എംഎല്‍എക്കും നേരത്തെ തന്നെ എതിര്‍പ്പുണ്ടായിരുന്നു. അതേ സമയം നിരക്ക് കൂട്ടിയത് ലാഭം കൂട്ടാനാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. റൂട്ട് പുനക്രമീകരണവും നഷ്ടം കുറക്കാനാണെന്നും പറയുന്നു

ഇലക്ട്രിക് ബസ്സുകള്‍ ലാഭത്തിലല്ലെന്ന നിലപാടാണ് കെബി ഗണേഷ് കുമാറിന്. ഇതിന്റെ തുടര്‍ച്ചയായാണ് തലസ്ഥാനത്തെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടിയത്. പത്ത് രൂപ നിരക്കില്‍ നേരത്തെ ഒരു ട്രിപ്പ് മുഴുവന്‍ സഞ്ചരിക്കാമായിരുന്നു. ജനപ്രിയ ഓര്‍ഡിനറി സര്‍വ്വീസ് സിറ്റി ഫാസ്റ്റാക്കി മിനിമം നിരക്ക് 12 ആക്കിയത്. കഴിഞ്ഞ ദിവസമാണ് തീരുമാനം വന്നത്.എട്ട് സര്‍ക്കിളുകളില്‍ നിന്ന് രണ്ടു ബസ്സുകള്‍ വീതം ഇതിനകം പിന്‍വലിച്ചു. ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാര്‍ വലഞ്ഞു. സിറ്റി സര്‍വ്വീസുകള്‍ ഫാസ്റ്റാക്കി നഗരത്തിന് പുറത്തേക്കും മാറ്റി. ഇ ബസ്സുകളുടെ സമയ ദൈര്‍ഘ്യം 15 മിനുട്ടില്‍ നിന്ന് 25 മിനുട്ടാക്കി.

Top