ഇടതുപക്ഷ സർക്കാറിന്റെ തുടർച്ച ചരിത്ര വിജയത്തോടെ ആയിരിക്കും

പിണറായി സർക്കാറിന്റെ തുടർച്ച ചരിത്ര വിജയത്തോടെ ആയിരിക്കുമെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ്.  അഴിമതിയുടെ ‘പിന്തുടർച്ചയെ’ കളമശ്ശേരിയിലെ ജനത തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എത്രത്തോളമാണ് കളമശ്ശേരി ഇടതുപക്ഷത്തിന് നല്‍കുന്ന പ്രതീക്ഷ?

നല്ല ആത്മവിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. ഒന്ന് ഒരു ഭരണതുടര്‍ച്ച ജനങ്ങള്‍ കാത്തിരിക്കുന്നുണ്ട്.രണ്ട്, ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ ഭരണതുടര്‍ച്ച എന്നുള്ളത് മതനിരപേക്ഷതയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹം ഈ മണ്ഡലത്തിലുണ്ട് എന്നതാണ്.മൂന്നാമതായി, അഴിമതിയുടെ പിന്‍തുടര്‍ച്ചയ്‌ക്കെതിരെയുള്ള ജനവികാരം ഇവിടെ വളരെ ശക്തവുമാണ്.ഈ മൂന്ന് ഘടകങ്ങള്‍ വച്ചു നോക്കുമ്പോള്‍ നല്ല നിലയില്ലുള്ള മാറ്റം ഈ മണ്ഡലത്തില്‍ കാണുന്നുണ്ട്. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായിട്ടുള്ള തരംഗമായി മാറും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഉറപ്പാണോ കളമശ്ശേരി?

അതെ ഉറപ്പാണ് എല്‍ഡിഎഫ് ഉറപ്പാണ് കളമശ്ശേരി.

പാലാരിവട്ടം കേസില്‍ ഇബ്രാഹിംകുഞ്ഞിനെ കുരുക്കിയതാണെന്ന ആരോപണം ഉണ്ട്.എങ്ങനെയാണ് ഈ ആരോപണത്തെ നോക്കി കാണുന്നത്?

ജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നവരാണല്ലോ.പാലത്തിന്റെ വിള്ളല്‍ വരുന്നു  പാലത്തിനകത്ത് ഒരു ജനാധിപത്യ ആധുനിക സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ സംഭവിച്ചിരിക്കുന്നു. പല നാള്‍ ഇങ്ങനെ ചെയ്യുന്നൊരാള്‍  ഒരു നാള്‍ ഇങ്ങനെ പെട്ടുപോകുകയാണ്.അത് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയാണുണ്ടായത്. ഇതിനെ സംബന്ധിച്ച് ഹൈക്കോടതി തന്നെ പറയുകയുണ്ടായി. ‘പഞ്ചവടിപാലമാണോ’ എന്നാണ് കോടതി ചോദിച്ചിരുന്നത്. പഞ്ചവടി പാലം എന്ന സിനിമ നമ്മള്‍ ഒരു ഭാവന മാത്രമായിട്ടാണ് കണ്ടിരുന്നത്. ഇങ്ങനെയൊന്നും നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ ഇടയില്ലാത്തതായാണ് നമ്മള്‍ കരുതിയിരുന്നത്. പക്ഷേ  അതും യാഥാര്‍ഥ്യമായി. വളരെ ഗൗരവമായിട്ടുള്ള അഴിമതി ഈ പ്രശ്‌നത്തിനകത്തും സംഭവിച്ചു. അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ  കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതോടുകൂടി മന്ത്രി ഉള്‍പ്പെടയുള്ള ആളുകള്‍ പ്രതികള്‍ ആവുകയാണുണ്ടായത്.

അതിന് ശേഷം പലതും ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ചമ്രവട്ടം വരുന്നുണ്ട്,തകര്‍ന്നുപോയ മറ്റുപാലങ്ങള്‍ വരുന്നുണ്ട്. ഇതൊക്ക അന്വേഷണ സംഘം കണ്ടെത്തിയതാണ്.അല്ലാതെ വേട്ടയാടി കണ്ടെത്തിയതൊന്നുമലല്ലോ.കേരളത്തില്‍ അതൊന്നും നടക്കുന്ന കാര്യങ്ങള്‍ അല്ലല്ലോ. കുറ്റകരമായ ഒരു തരത്തിലും മാപ്പ് നല്‍കാന്‍ കഴിയാത്ത കുറ്റം  ഒരാള്‍ ചെയ്താൽ  അതിനെ എങ്ങനെ മറികടക്കടക്കും? മലയാളത്തില്‍ ഒരു ചൊല്ല് പറയും.”നാണം കെട്ട് പണം നേടിയാല്‍ നാണകേട് ആ പണം തീര്‍ക്കും” എന്നതാണത്. ഇപ്പോൾ  അഹങ്കാരത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയാണ്. അതാണിപ്പോൾ  ഈ മണ്ഡലത്തിനകത്ത് നേരത്തെ ജനപ്രതിനിധി ആയിരുന്ന ആളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. അത് യഥാര്‍ഥത്തില്‍ നമ്മുടെ ജനങ്ങളോട് ആകെയുളള വെല്ലുവിളിയാണ് എനിക്ക് തോന്നുന്നത് .യുഡിഎഫിന് അകത്ത് ആത്മാഭിമാനമുള്ള ആളുകളെല്ലാവരും  ഈ സമീപനത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ്.

എന്താണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്ക്യം?

ഇടതുപക്ഷത്തിന്റെ ഭരണതുടര്‍ച്ച എന്തുകൊണ്ട് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നായി മാറുകയാണ്.അതില്‍ പ്രധാനപ്പെട്ടത്  കേരളത്തിനെ പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചുവെന്നതാണ്. അതില്‍ ഞാന്‍ നേരത്തെ പറഞ്ഞ കാര്യവും വളരെ പ്രധാനപ്പെട്ടതാണ്.ഇന്ത്യയില്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ശക്തികളാകെ  ഒരു ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നത് അവരുടെ മാത്രം ആവശ്യമായിട്ടല്ല. ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനെല്ലാം ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്.അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന്റെ വിജയം രാജ്യം ഏറെആഗ്രഹിക്കുന്നുമുണ്ട്. കേരളത്തിനകത്തേക്ക് വന്നുകഴിഞ്ഞാല്‍  എല്ലാ വീട്ടിലും സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. അതാണ് പ്രധാനം. അതിനകത്ത് വിഭജനങ്ങളില്ല. ജനകീയനാകാം ദരിദ്രനാവാം വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ടവനാകാം.ന്യായമായ എല്ലാ പ്രശ്‌നങ്ങളെയും സര്‍ക്കാര്‍ ഇതിനകം തന്നെ അഡ്രസ് ചെയ്തിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ഞാന്‍ സ്റ്റാര്‍ട്ടപ്പില്‍ പോയിട്ടാണ് വരുന്നത്. സ്റ്റാര്‍ട്ടപ്പിലെ ആളുകള്‍ ഈ സര്‍ക്കാര്‍ 2016ല്‍ വന്നതിനുശേഷമുള്ള മാറ്റമാണ് പറയുന്നത്. അതാകട്ടെ  വളരെ ആവേശകരമായിട്ടാണ് അവര്‍ പറയുന്നത്.

ഇരുപത് കോടിയുടെ ഉപകരണങ്ങളാണ് അവിടെ വന്നിരിക്കുന്നത്. അത്യാധുനിക റോബോട്ട്സംവിധാനങ്ങള്‍ എല്ലാം വികസിപ്പിക്കുന്നു. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പിന്തുണയും എടുത്ത് പറയേണ്ടതാണ്.ഈ കൊവിഡ് കാലഘട്ടത്തില്‍ അവര്‍ക്ക് പ്രതിസന്ധി വന്നുകഴിഞ്ഞപ്പോള്‍ വാടക ഒഴിവാക്കികൊണ്ട്പ്രത്യേക ഗ്രാന്റൊക്കെ നല്‍കിക്കൊണ്ട് സര്‍ക്കാരെടുത്ത സമീപനം പുതിയ യൗവ്വനത്തെയും സര്‍ക്കാരിനോട് അടുപ്പിച്ചിട്ടുണ്ട്.അതുപോലെ ഇപ്പുറത്താണെങ്കില്‍  സാധാരണ ജനവിഭാഗങ്ങള്‍ ഈ സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയും ആഗ്രഹിക്കുന്നു. മൂന്നാമതായി പൊതുവിദ്യാഭ്യാസം  പൊതു ആരോഗ്യം  എല്ലാവര്‍ക്കും ഗുണമേന്മയുള്ള സംവിധാനങ്ങളും ഒരുക്കുന്നു. അതുകൊണ്ട്  കേരളത്തിനകത്തെ മഹാഭൂരിപക്ഷം ജനങ്ങളും നിലവിൽ ഭരണതുടര്‍ച്ച ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. സാധാരണ ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച് വരുന്ന ഒരു പരിമിധി സാമൂഹിക ക്ഷേമത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ വികസന കാര്യത്തില്‍ കേന്ദ്രീകരിക്കുന്നില്ല എന്നതായിരുന്നു.

എന്നാല്‍ ഈ സര്‍ക്കാര്‍ ബാലന്‍സിങ് ആയിരുന്നു. അസാധ്യമാണെന്ന കരുതിയിരുന്ന ഗെയ്ല്‍ പദ്ധതി ,ദേശീയപാത വികസനം ഇത്തരതിലുള്ള കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിഞ്ഞു.തിരുവനന്തപുരം-എറണാകുളം യാത്രകള്‍ അതിവേഗത്തിലാകുന്നത് ഈ മേല്‍പ്പാലങ്ങള്‍ ബൈപ്പാസുകള്‍ മുതല്ലായവയെല്ലാം യാഥാര്‍ത്യമായതുകൊണ്ടാണ്. അസാധ്യമല്ല ഒന്നും എന്ന്  നിശ്ചയദാര്‍ഡ്യത്തോടെ കാണിച്ച് കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു.എല്ലാ വിഭാഗത്തിലും ഈ സര്‍ക്കാര്‍ എത്തുന്നു. ഏറ്റവും ഒടുവിലെ ബഡ്ജറ്റില്‍ തോമസ് ഐസക്ക് പ്രഖ്യാപിച്ചൊരു കാര്യം, കളമശ്ശേരി മണ്ഡലത്തിലും ഭാവിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. അഭ്യസ്തവിദ്യരായ വീട്ടമമ്മാര്‍ക്കെല്ലാം തൊഴില്‍ നല്‍കും എന്നുള്ളതാണ് അത്.കേരളത്തിലെ വിട്ടമമ്മാരില്‍ ഭൂരിഭാഗംപേരും പ്രൊഫഷണല്‍ ബിരുദ്ധമോ ബിരുദ്ധാനന്തര ബിരുദ്ധമോ ഉള്ളവരാണ്.എന്നാല്‍ അവര്‍ വീട്ടമ്മമാരായി ഒതുങ്ങികൂടാന്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ക്ക് ജോലി ചെയ്യാനുള്ള സാധ്യതയാണ് ഈ കണക്റ്റിവിറ്റി.

കെഫോണ്‍ വരുന്നു വീടിനകത്തുതന്നെ അതിവേഗ ഇന്റര്‍നെറ്റ് വരുന്നു.ഇതിലൂടെ ലോകത്തിലെ ഏത് കമ്പനിയുടെയും എബ്ലോയിയാകാന്‍ അവര്‍ക്ക് കഴിയും.അല്ലെങ്കില്‍  കളമശ്ശേരിയില്‍ രണ്ടോ മൂന്നോ വര്‍ക്ക് സ്‌റ്റേഷനുകള്‍ വരുന്നു അവിടെ അതിവേഗ കണക്റ്റിവിറ്റിയും മറ്റ് സൗകര്യങ്ങളെല്ലാം ഒരുക്കുന്നു വീട്ടിലെ സ്ത്രീകള്‍ വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് നേരെ അങ്ങോട്ട് പോകുന്നു ഇത്തരമൊരു സംവിധാനം വിപ്ലവകരമായ മാറ്റമാണുണ്ടാക്കുക. ഇത് സ്ത്രീ പദവിയില്‍ തന്നെ വലിയ മാറ്റമുണ്ടാക്കും.ഇപ്പോഴത്തെ പ്രകടനപത്രിക നോക്കൂ. വീട്ടമ്മമാർക് വരെ പെന്‍ഷന്‍ കൊടുക്കുകയാണ്. എനിക്ക് തോന്നുന്നു  ലോകത്തുതന്നെ അത്യപൂര്‍വ്വമായ കാര്യമണിത്. വീട്ടമ്മ ചെയ്യുന്നത് ജോലിയാണോ എന്നത്  വളരെ ഗൗരവ്വമേറിയൊരു അടിസ്ഥാന പ്രശ്‌നമാണ്.

അതില്‍ അങ്ങനെയല്ല എന്നാണ് കരുതിയിരുന്നതെങ്കില്‍  ഈ മൂന്നണി പറയുന്നു ഇതൊരു ജോലി തന്നെയാണെന്നാണ്.വ്യത്യസ്ത ജോലിയാണ് അവര്‍ ചെയ്യുന്നത്. അതിനുള്ള അംഗീകാരമായിട്ടാണ് പെന്‍ഷന്‍ കൊടുക്കുമെന്ന പുതിയ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളീയ സമൂഹം ഈ സര്‍ക്കാരിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. അത് അവര്‍ക്കുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.അവര്‍ക്കുള്ള നേരനുഭവങ്ങളാണ് രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്നത്.ആ നേരനുഭവങ്ങളാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച വേണമെന്ന പൊതുവികാരത്തെയും ശക്തിപ്പെടുത്തിയിട്ടുള്ളത്.

ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സര്‍വ്വേ ഫലങ്ങള്‍ എല്ലാം തന്നെ ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്.എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ടുളെ തള്ളികൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്നെ രംഗത്തുവന്നിട്ടുള്ളത്.എന്താണ് അതിനെ കുറിച്ച് പറയാനുള്ളത്.?

സര്‍വ്വേകളില്‍ സാധാരണഗതിയില്‍ പല അഭിപ്രായങ്ങളും വരാറുണ്ട്.നമ്മുക്ക് ജനങ്ങളുടെ പള്‍സ് അറിയാന്‍ കഴിയും. ഞാന്‍ കഴിഞ്ഞ ദിവസം വീടുകയറുമ്പോള്‍ എനിക്കത് നേരിട്ട് ബോധ്യപ്പെട്ടു. സാധാരണ ആറര മണിക്ക് സ്ത്രീകള്‍ വീടുകളില്‍ സീരിയലുകള്‍ കാണാറാണ് പതിവുള്ളത്.ഞാന്‍ അന്ന് വീട്ടില്‍ കയറിയ ദിവസം  മുഖ്യമന്ത്രിയുടെ പത്രസമ്മേളനമുള്ള ദിവസമായിരുന്നു. എല്ലാ വീടുകളിലും കുടുംബസമ്മേതം മുഖ്യമന്ത്രിയുടെ പത്രസമ്മേളനമാണ് കാണുന്നത്.അത് കാണിക്കുന്നത്  മുഖ്യമന്ത്രിയുടെ വാക്കുകളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു വിശ്വാസമുണ്ട് എന്നതാണ്.അല്ലെങ്കില്‍ അവര്‍ക്കൊരു ആത്മവിശ്വാസം അദ്ദേഹം പകരുന്നുണ്ട്. തങ്ങള്‍ക്കൊപ്പമുണ്ട് എന്ന ഒരു വിശ്വാസം  തങ്ങളെ സംരക്ഷിക്കുന്നൊരു സംവിധാനം ഉണ്ട് എന്നൊരു ധാരണ. ഒന്നിലും ഭയപ്പെടേണ്ടതില്ല എന്ന ആത്മധൈര്യം  അത് ഈ സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും കേരളീയ സമൂഹത്തിന് നല്‍കുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇവിടെ  ജനങ്ങളുടെ ഒരു വികാരമാണ് പ്രതിഫലിക്കുന്നത്. സര്‍വ്വേകള്‍ വേറൊരു തരത്തില്‍ എല്ലാവരും നടത്തികൊണ്ടിരിക്കുന്നുണ്ട്.

പക്ഷേ  പൊതുവേ താഴെ തലങ്ങളില്ലെല്ലാം പ്രതിഫലിക്കുന്നത് ജനവികാരമാണ്. അതാണ് തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്. അതു തന്നെയാണ് യഥാര്‍ത്ഥ സര്‍വ്വേയും.എല്ലാതരത്തിലും വളഞ്ഞിട്ടാക്രമിക്കുന്ന സന്ദര്‍ഭത്തിലാണ്  അനുഭവങ്ങളാണ് രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്നതെന്ന് ശരിയായി പ്രഖ്യാപിച്ചുകൊണ്ട്  കേരളത്തിലെ ജനങ്ങള്‍ ആദ്യമായി ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേരത്തെ പ്രതിപക്ഷത്തിലിരിക്കുമ്പോള്‍ കിട്ടിയതിനേക്കാളും വലിയ വിജയം  തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ നല്‍കിയിരിക്കുന്നത്.അപ്പോള്‍ അതിനെയാണ് യഥാര്‍ത്ഥ സര്‍വ്വേ ആയി നാം കാണേണ്ടത്. ഇപ്പോള്‍ അതിനേക്കാളും വലിയ പിന്തുണ ഇടതുപക്ഷ മുന്നണിക്ക് ലഭിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു  ഈ സര്‍ക്കാരിന്റെ തുടര്‍ച്ച ഒരു ചരിത്ര വിജയത്തോടെ ആയിരിക്കും.കഴിഞ്ഞ തവണത്തേക്കാളും വലിയ ഭൂരിപക്ഷത്തോട് കൂടെയുള്ള ഭരണതുടര്‍ച്ച  പിണറായി സര്‍ക്കാരിന് ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസില്ലാത്ത കേരളം ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടോ?

കോണ്‍ഗ്രസ് ഇതോടുകൂടി ആകെ തകരുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിന് തന്നെയാണ് അതിന് ഉത്തരവാദിത്വമുള്ളത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മറ്റൊരു വഴിയുണ്ടെന്ന് പി.സി ചാക്കോ കാണിക്കുകയുണ്ടായി. അത് ബി.ജെ.പിയിലേക്ക് പോകേണ്ടതില്ല  ഇടതുപക്ഷത്തിന്റെ ഭാഗമാകാം എന്നതാണ്. അതിനകത്ത് അങ്ങനെ വരാന്‍ പറ്റാത്ത ബി.ജെ.പി മനസ്സുള്ള കുറെ പേരുണ്ട്.അതിൽ   പ്രധാനപ്പെട്ട പല നേതാക്കൻമാരുമുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പിയാകുമോ എന്നാണ് പലരും ചോദിക്കുന്നത്. ചിലര്‍ ആകുമായിരിക്കും എന്നാല്‍ കോണ്‍ഗ്രസ് ജയിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ ബി.ജെ.പി ആയാണ് മാറുക.കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍  ഒന്നോ രണ്ടോ വ്യക്തികള്‍ ബി.ജെപിയിലേക്ക് പോകാം.

എന്നാല്‍ കോണ്‍ഗ്രസ് ജയിച്ചു കഴിഞ്ഞ് സര്‍ക്കാര്‍ രൂപികരിക്കപ്പെട്ടാല്‍  ബി.ജെ.പി സര്‍ക്കാരിലേക്ക് കാര്യങ്ങളെത്തും. ഇതാണ് നമ്മളെ മണിപ്പൂര്‍ അരുണാചല്‍ പ്രദേശ്,മധ്യപ്രദേശ്,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പഠിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ലെഫറ്റണന്‍ഡ് ആയിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. കെ.സി വേണുഗോപാലിനേക്കാളും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു സിന്ധ്യ.അദ്ദേഹം ഉള്‍പ്പടെയുള്ളവരാണ് ബി.ജെ.പി സര്‍ക്കാരിനെ മധ്യപ്രദേശില്‍ സമ്മാനിച്ചിരിക്കുന്നത്. അതുതന്നെയാണ് കര്‍ണാടകയിലും കണ്ടത്.അതുതന്നെയാണ് പുതുച്ചേരിയുടെ അടുത്തെത്തിയും നില്‍ക്കുന്നത്. കോൺഗ്രസ്സ് ജയിച്ചാലാണ് ഏറ്റവും വലിയ അപകടം.ജയിച്ചു കഴിഞ്ഞാലാണ് അവർ ബി.ജെ.പി സര്‍ക്കാരിലേക്ക് എത്തുക.കോണ്‍ഗ്രസ് തോല്‍ക്കുന്നതുകൊണ്ട് നമ്മുടെ സംസ്ഥാനത്തെ മതനിരപേക്ഷതയ്‌ക്കൊന്നും സംഭവിക്കില്ല. അത് ബി.ജെ.പിക്ക് വളക്കൂറുണ്ടാക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്ന ഒരു തീരുമാനത്തിലേക്കാകും ഒടുവിൽ എത്തുക.

മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ സിപിഎം എന്ത് നിലപാടായിരിക്കും സ്വീകരിക്കുക?

ഓരോ പാര്‍ട്ടിയും സ്വീകരിക്കുന്ന നിലപാടുകളുണ്ട്.ആ സമീപനങ്ങള്‍ പ്രധാനമാണ്.ഹാദിയ- സോഫിയ പ്രശ്‌നത്തില്‍  മുസ്ലീം ലീഗ് വളരെ അപകടകരമായ നിലപാടാണ് സ്വീകരിച്ചത്. മുസ്ലീം ലീഗിന് പിന്നില്‍ അണിനിരന്നിരിക്കുന്നവർക്കും  കാര്യങ്ങള്‍ ഇപ്പോൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. മുസ്ലീം ലീഗ് സംരക്ഷിക്കുന്നത് മുസ്ലീം ജനസാമാന്യത്തിന്റെ താല്‍പ്പര്യങ്ങളല്ല. മുസ്ലീം ലീഗ് സംരക്ഷിക്കുന്നത് ഒരു വിഭാഗം സമ്പന്നരുടെ താല്‍പ്പര്യങ്ങൾ മാത്രമാണ്. അല്ലെങ്കില്‍ അഹമ്മദ് കബീറിനെ പോലെ പരിണിതപ്രജ്ഞനായ ചിന്തകനായിട്ടുള്ള കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ ഈ രൂപത്തില്‍ ആ പാര്‍ട്ടിയില്‍ എങ്ങനെ അവഗണിക്കപ്പെട്ടു എന്നതിന് ലീഗ് നേതൃത്വം മറുപടി പറയണം. അഴിമതിയുടെ പിന്തുടര്‍ച്ചയ്ക്ക് ലീഗ് എന്തിനു സ്ഥാനാര്‍ത്തിത്വം നല്‍കി. ഇതെല്ലാം ലീഗിനകത്തുള്ളവരും ചിന്തിക്കില്ലേ ?

സമ്പന്ന നേതൃത്വ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ഒന്നായി ലീഗ് നേതൃത്വം മാറിയിരിക്കുന്നു. മഹാഭൂരിപക്ഷം വരുന്ന മുസ്ലീം ജനവിഭാഗത്തിന്റെയോ  നമ്മുടെ നാടിന്റെ പൊതുതാല്‍പ്പര്യങ്ങളെയോ സംരക്ഷിക്കുന്ന പാര്‍ട്ടി അല്ലാതെയായി ലീഗ് ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്. ആ പാര്‍ട്ടിക്ക് അകത്തുതന്നെ  ഇത്തരം പ്രവണതയ്ക്ക് എതിരെയുള്ള എതിര്‍പ്പും ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. കളമശ്ശേരി സ്ഥാനാര്‍ത്ഥിത്വം പോലും  യുഡിഎഫിനകത്തുള്ള  ആത്മാഭിമാനമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. കാരണം എങ്ങനെയാണ് ഒരാള്‍ ഒഴിവാക്കപ്പെട്ടത്? എങ്ങനെയാണ് ഒഴിവാക്കപ്പെട്ടിട്ടും അതിന്റെ പിന്തുടര്‍ച്ച വരുന്നത് ? ഒരു പിന്തുടര്‍ച്ച എന്നത്  രാഷ്ട്രീയത്തില്‍ അത് സംബന്ധിച്ച് വ്യത്യസ്തതകള്‍ ഉണ്ടാകാം. അത്തരമൊരു പിന്തുടര്‍ച്ച അഴിമതിയുടെ പിന്തുടര്‍ച്ചയായി മാറുന്നുവെന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. വളരെ തെറ്റായ സംസ്‌ക്കാരത്തെയാണ് യുഡിഎഫും മുസ്ലിം ലീഗും പ്രതിനിധാനം ചെയ്യുന്നത്.അതിനര്‍ഥം എനിക്ക് തോന്നുന്നു  ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്നതിന് അപ്പുറത്തേക്ക്  ഈ തെറ്റായ സംസ്‌ക്കാരത്തിന് എതിരെ നില്‍ക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ പൊതു സ്ഥാനാര്‍ഥിയെന്ന നിലയിലേക്ക് മാറാന്‍  എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയെ എങ്ങനെയാണ് നോക്കികാണുന്നത്?

ബി.ജെ.പിക്ക് കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.കേരളത്തില്‍ ഒരു മതനിരപേക്ഷമായ അടിത്തറയുണ്ട്.അതിന് പറ്റുന്ന നിലപാടുകളല്ല ആ പാര്‍ട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.’ഞങ്ങളൊക്കെ ആര്‍എസ്എസ്സിന്റെ വോട്ടുകള്‍ വാങ്ങി ജയിച്ചോളും’ എന്ന് ലീഗിലെ ചില നേതാക്കമാര്‍ പറയുന്നതായും വാര്‍ത്തയുണ്ട്. അത്തരത്തിലുള്ള വോട്ട് വാങ്ങിയും മറിച്ചും ശീലമുള്ള ആളാണ് നേരത്തെ ഈ മണ്ഡലത്തിലുണ്ടായിരുന്നത്. അങ്ങനെയുള്ള ആ കൂട്ടായ്മകള്‍ക്ക് ഇവര്‍ ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല.അവര്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍  അവര്‍ക്ക് അതിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്ക് എത്ര വോട്ട പിടിക്കാന്‍ കഴിയും? കളമശ്ശേരിയില്‍ തന്നെ കഴിഞ്ഞ തവണത്തെക്കാളും വോട്ട് പിടിക്കാന്‍ സാധികുമോ  മുതലായ പല പ്രശ്‌നങ്ങളും പല മണ്ഡലങ്ങളിലുമായി ഉയര്‍ന്നുവരുന്നുണ്ട്.

ആര്‍.എസ്.എസ് സൈദ്ധാന്തികനായിട്ടുള്ള ബാലശങ്കര്‍ ബിജെപി -സിപിഎം ഡീലുണ്ടെന്ന ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ?

എനിക്ക് തോന്നുന്നു കേരളത്തിലെ സര്‍ക്കാരിന്റെ നേട്ടം ഭരണതുടര്‍ച്ച ഇത് ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ശ്രമം പല തലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ഇതൊന്നും കണക്കിലെടുക്കുമെന്ന് എനിക്ക്തോന്നുന്നില്ല. ബാലശങ്കറിന്റെ ആരോപണത്തിന് മറുപടി പോലും അര്‍ഹിക്കുന്നില്ല.കേരളത്തിന്റെ ബിജെപിയുടെ പ്രതീകമായി ജനങ്ങള്‍ കാണുന്നത് ഒ.രാജഗോപാലിനെയാണ്. എത്രയോ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു അദ്ദേഹത്തിന് ഒരു പൊതുസ്വീകാര്യത ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് വോട്ട മറച്ചതിന്റെ ഫലമായാണ് അദ്ദേഹത്തിന് ഇപ്പോള്‍ എം.എല്‍.എ ആവാന്‍ കഴിഞ്ഞത്. അദ്ദേഹം പറഞ്ഞിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ബ.ജെ.പിയുടെ വോട്ട് ലീഗിന് വരെ മറച്ചിട്ടുണ്ടെന്നാണ്. കേരളീയ സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നം ശരിക്കും ഇതാണ്.

ഈ തെരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി അടക്കമുള്ള അരാഷ്ട്രീയ സംഘടനകള്‍ മത്സരരംഗത്തുണ്ട്.എങ്ങനെയാണ് ഇതിനെ നോക്കികാണുന്നത്?

അവര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പല പ്രശ്‌നങ്ങളുമുണ്ടായിരിക്കാം. എന്നാൽ  അത് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്തെല്ലാം നിലപാടുകള്‍ ഓരോ പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്നു.ഇവർക്കാർക്കും ഒരു വിഷയത്തിലും വ്യക്തമായ നിലപാടില്ല എന്നതും ശ്രദ്ധേയമാണ്.നിലപാടുകളാണ് രാഷ്ട്രീയത്തില്‍ പ്രധാനം. നിലപാടിലാത്ത അവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.അത് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മകളുടെ ഭര്‍ത്താവ് അടക്കം ട്വന്റി ട്വന്റിയുടെ ഭാഗമായിട്ടുണ്ട്.ഇത് എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുക?

അത് അവരുടെ വ്യക്തി സ്വാതന്ത്രമായാണ് ഞാന്‍ കാണുന്നത്.അവര്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിന്നിരുന്നവരാണ്.ഇപ്പോൾ  കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഒട്ടും നില്‍ക്കാന്‍ പറ്റാതെയായിക്കാണും.കേരളത്തില്‍ കോണ്‍ഗ്രസ്സില്ലെന്ന് പിസി ചാക്കോ തന്നെ പറയുകയുണ്ടായി.അത് പലരും പ്രകടിപ്പിക്കുന്നുമുണ്ട്. വളരെ അടുപ്പം ഉള്ളതു കൊണ്ട് അവര്‍ക്കും ഇക്കാര്യം തോന്നിക്കാണും.അതുകൊണ്ട് മറ്റൊന്നിലും പോകണ്ട ട്വന്റി ട്വന്റിയിൽ പോകാമെന്ന് കരുതിയിരിക്കാം.

തലശ്ശേരി,ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിട്ടുണ്ട്. അവിടങ്ങളില്‍ ബിജെപിയുടെ വോട്ട് വേണ്ട് എന്ന നിലപാട് സിപിഎം സ്വീകരിക്കുമോ?

നേരത്തെ തന്നെ അതിനെ സംബന്ധിച്ച് സിപിഎമ്മിന് സുദൃഡമായ ഒരു നിലപാടുണ്ട്.ഇവിടെ കാണെണ്ട പ്രശ്‌നം ഇത് യാദൃശ്ചികമാണോ എന്നതാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലലോ ഗൗരവമായാണ് ഇതിനെ നാം കാണേണ്ടത്.അവിടെയുള്ള ധാരണകള്‍ പ്രത്യേകം തന്നെ മനസ്സിലാക്കേണ്ടതാണ്.

 

 

രാജീവ് പാര്‍ലിമെന്റിലേക്ക് തിരികെ വരണമെന്ന് കേന്ദ്ര മന്ത്രിമാര്‍ വരെ തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ? എന്ത് തോന്നി ഇത് കേട്ടപ്പോള്‍?

നമ്മളെ ഒരു ചുമതല എല്‍പ്പിക്കുമ്പോള്‍ അതിന് അനുസൃതമായി ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്എന്റെ
രീതി.  പരിമിധികളുണ്ടാകും. അവിടേക്ക് ചെല്ലുമ്പോള്‍ എനിക്ക് ആറ് വര്‍ഷമെ മുന്‍പിലുള്ളുവെന്ന് എപ്പോഴും ഓർത്തിരുന്നു. ഈ ആറുവര്‍ഷം എങ്ങനെ പരമാവധി ഫലപ്രധമായി പ്രവര്‍ത്തിക്കാം അത് എങ്ങനെ സമൂഹത്തിന് ഗുണം ചെയ്യാം  എന്നതു മാത്രമാണ് ചിന്തിച്ചത്. പുതിയ കണ്‍സെപ്റ്റ് കൊണ്ടുവരാനും പരമാവധി ശ്രമിക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങളെയാണ് മറ്റു രാഷ്ടീയ പാർട്ടികളുടെ നേതാക്കളും അനുമോദിച്ചത്. ഏത് മേഖലയിലായാലും ഇനിയും ഇത്തരം പ്രവർത്തനങ്ങൾ പിന്തുടരുക തന്നെ ചെയ്യും.

അഭിമുഖം തയ്യാറാക്കിയത്
അഡ്വ.മനീഷ രാധാകൃഷ്ണൻ

Top