റോഡ് നിര്‍മ്മാണം ചൈനക്ക് തന്നെ തിരിച്ചടി, വിശ്വാസം തകര്‍ക്കുന്ന നടപടിയെന്ന് വികാരം

ന്യൂഡല്‍ഹി: എഴുപത് ദിവസത്തോളം നീണ്ടു നിന്ന ദോക് ലാം മേഖലയിലെ സംഘര്‍ഷത്തിന് ശേഷം പിന്‍മാറിയ ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത് അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു.

ഇന്ത്യയുമായി പരസ്പരം ഉണ്ടാക്കിയ ധാരണ പ്രകാരം ഇരു സേനകളും പിന്‍മാറിയ സ്ഥലത്തിന് അടുത്ത് തന്നെ വീണ്ടും റോഡ് നിര്‍മ്മാണം ചൈന തുടങ്ങിയത് മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ വിലയിരുത്തല്‍.

ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ‘ജന്റില്‍മാന്‍ എഗ്രിമെന്റിന്’ വിരുദ്ധമാണെന്നും ഇങ്ങനെയായാല്‍ ചൈനയെ എങ്ങനെ ഇനി വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നുമുള്ള ചോദ്യം അന്താരാഷ്ട്ര സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ വന്‍ശക്തികള്‍ ചൈനയുടെ നീക്കത്തെ ഗൗരവമായാണ് കാണുന്നത്.

ഇത് ചൈനയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ സേനക്ക് മുന്നില്‍ മുട്ടുമടക്കി ദോക് ലാമില്‍ നിന്നും പിന്‍മാറേണ്ടി വന്നത് ചൈനീസ് സേനക്കുള്ളില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയതിനു ശേഷം അവരുടെ സേനക്കൊപ്പം മല ഇറങ്ങിയത് ലോകത്തിനു മുന്നില്‍ നാണക്കേടിയെന്നും സേനയുടെ മനോവീര്യം തകര്‍ക്കാനാണ് നടപടി വഴിഒരുക്കിയതെന്നുമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നത്.

ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും പങ്കെടുക്കേണ്ടതുള്ളത് കൊണ്ടും ബ്രിക്‌സിലെ ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യക്കൊപ്പമായതുകൊണ്ടുമാണ് തല്‍ക്കാലം വിട്ടുവീഴ്ചക്ക് തയ്യാറായതെന്നായിരുന്നു ഇതിനു ചൈനീസ് സൈന്യത്തിന് ഭരണകൂടം നല്‍കിയ വിശദീകരണം.

തുടര്‍ന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം ചേര്‍ന്ന് നിന്ന് ശക്തമായി മുന്നോട്ട് പോകേണ്ട ആവശ്യകത ചൈന മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സമാധാന ശ്രമങ്ങള്‍ക്കെല്ലാം നേരെ വിപരീതമായാണ് ഇപ്പോള്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കരസേന മേധാവിയും മുന്നറിയിപ്പു നല്‍കിയതോടെ ഏതു നിമിഷവും ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ചൈന മേഖലയില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഇത് മുന്‍കൂട്ടി കണ്ടാണ് വലിയ സന്നാഹം ഒരുക്കി റോഡ് നിര്‍മ്മാണം ധ്രുതഗതിയില്‍ നടത്തുന്നത്.

ഭൂട്ടാനുമായുള്ള സൈനിക ഉടമ്പടി പ്രകാരം ഏത് സാഹചര്യത്തിലും ഭൂട്ടാനില്‍ പ്രവേശിക്കാനും അവരുടെ അതിര്‍ത്തി സന്ദര്‍ശിക്കാനും ഇന്ത്യക്ക് അധികാരമുണ്ട്.

ഭൂട്ടാന്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സ്ഥലം കാക്കാന്‍ ഇന്ത്യന്‍ സേനയെയാണ് ഭൂട്ടാന്‍ ഭരണകൂടവും ജനതയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ഇന്ത്യയിലേക്ക് എളുപ്പത്തില്‍ കയറാന്‍ ദോക് ലാം മേഖല കൈവശം വയ്‌ക്കേണ്ടത് ചൈനക്ക് ആവശ്യമാണ്. ഈ നീക്കം തടുക്കേണ്ടത് ഇന്ത്യക്കും അനിവാര്യമായതിനാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് അതിര്‍ത്തിയില്‍. ഇതിനിടെയാണിപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയിലും ചൈനയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നത്.

ദോക് ലാമിന് പത്തു കിലോമീറ്റര്‍ അകലെ നടക്കുന്ന ചൈനീസ് റോഡ് നിര്‍മ്മാണം മുന്‍പ് തര്‍ക്കം നടന്ന സ്ഥലത്തേക്ക് എത്തിയാല്‍ അതിക്രമിച്ച് കയറി തടുക്കാനാണ് ഇന്ത്യന്‍ സേനയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു സേനാ വിഭാഗങ്ങളോടും പൂര്‍ണ്ണ സജ്ജമായി നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്.

Top