കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിര്‍ണ്ണായകമാണ് ഇന്നത്തെ യോഗം.

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതുവരെ സോണിയ ഗാന്ധി തുടരട്ടെയെന്നാണ് നിലപാട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൂര്‍ണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയര്‍ത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തില്‍ നിര്‍ദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കല്‍ തുടങ്ങി അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയില്‍ സമ്മേളനങ്ങള്‍ നിശ്ചയിക്കാം എന്ന നിര്‍ദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിര്‍ദ്ദേശത്തെ വിമതരും എതിര്‍ക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നത്.

Top