The Congress Will Not Bow Down: Sonia Gandhi Tells Modi Government, RSS

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് സോണിയ ആരോപിച്ചു.

രാവിലെ ജന്തര്‍മന്ദറിലേക്കു നടത്തിയ മെഗാ കോണ്‍ഗ്രസ് റാലിക്കും പാര്‍ലമെന്റ് മാര്‍ച്ചിനും മുന്നോടിയായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി വിഷയത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ച്.

രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ എത്രത്തോളം ശ്രമിച്ചാലും ആ പദ്ധതി വിജയിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. എത്ര വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും തങ്ങള്‍ ഭയപ്പെടില്ലെന്നും ജീവിതം തന്നെ പഠിപ്പിച്ചത് പൊരുതാനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് മോദി സര്‍ക്കാര്‍ സകലതും തകര്‍ക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. അവര്‍ വയ്ക്കുന്ന ഓരോ ചുവടും ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. അവരുടെ ഭരണത്തില്‍ എല്ലാവരും പ്രശ്‌നങ്ങള്‍ മാത്രമാണ് അഭിമുഖീകരിക്കുന്നത്. കര്‍ഷകര്‍ ജീവനൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. പക്ഷേ, മോദി സര്‍ക്കാര്‍ അവരോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. അരുണാചലിലെയും ഉത്തരാഖണ്ഡിലെയും സര്‍ക്കാരുകളെ അസ്ഥിരമാക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയെന്നും സോണിയ ആരോപിച്ചു.

Top