കോണ്‍ഗ്രസില്‍ ചേര്‍ന്നു;മധ്യസ്ഥ സമിതിയില്‍ നിന്ന് ജഡ്ജി പുറത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ജഡ്ജിയെ സുപ്രീം കോടതി മഹാരാഷ്ട്രയില്‍ നിയമിച്ച മധ്യസ്ഥ സമിതിയില്‍ നിന്ന് ഒഴിവാക്കി. മുന്‍ മുംബൈ ഹൈക്കോടതി ജഡ്ജി അഭയ് എം തിപ്‌സെയെയാണ് പാനലില്‍ നിന്ന് ഒഴിവാക്കിയത്. ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച തിപ്‌സെക്ക് രാഹുല്‍ ഗാന്ധി നേരിട്ടാണ് പാര്‍ട്ടി അംഗത്വം നല്കിയത്.

മഹാരാഷ്ട്രാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ സമിതിയിലെ നീതി ന്യായ രംഗത്തു നിന്നുള്ള അംഗമാണ് തിപ്‌സെ. തിപ്‌സെ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വിവരത്തോട് പുഞ്ചിരിയോടെയാണ് സുപ്രീംകോടതി ബെഞ്ച് പ്രതികരിച്ചത്.

സര്‍ക്കാര്‍ ബാങ്കിന് നല്‍കാനുള്ള കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചകള്‍ക്കാണ് കഴിഞ്ഞ ഏപ്രിലില്‍ കോടതി പ്രത്യേക സമിതിയെ നിയമിച്ചത്. റിട്ട.ജഡ്ജിക്ക് പുറമേ റിസര്‍വ്വ് ബാങ്ക് നിയമിച്ച അംഗങ്ങളാണ് സമിതിയിലുള്ളത്. പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് എസ്.ജെ വസിഫ്ദാറിനെയാണ് തിപ്‌സെക്ക് പകരം സമിതിയിലേക്ക് സുപ്രീം കോടതി നിയോഗിച്ചത്.

Top