ലീഗിനെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെത് ; ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ലീഗിനെ അങ്ങേയറ്റം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഏറെക്കാലമായി ഇതു തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തില്‍ യു.ഡി.എഫിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ഇ.പിയുടെ വിമര്‍ശനം. തദ്ദേശതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അഞ്ചിടങ്ങളില്‍ ജയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ദയനീയമായി തോറ്റു. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ ഏതെങ്കിലും ഒരു സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുമോ ലീഗിന്റെ പിന്തുണയിലാണ് ജയിച്ചുവരുന്നത്. ആ പരിഗണനയെങ്കിലും ലീഗിന് കൊടുക്കണ്ടേ, ഇ.പി. ഉന്നയിച്ചു.

അവഗണന, പരിഹാസം, അങ്ങേയറ്റത്തെ ഇടിച്ചുതാഴ്ത്തല്‍ തുടങ്ങിയവയെല്ലാം കാണുമ്പോള്‍ സ്വാഭാവികമായും ലീഗിന്റെ അണികളില്‍ വികാരം ഉണ്ടാകും. അത് കോണ്‍ഗ്രസിനെതിരായി വരുന്നു. ലീഗ് നേതൃത്വം വിചാരിച്ചാല്‍പോലും ആ അണികളുടെ വികാരം ഇല്ലാതാക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനെ പോലെത്തന്നെ സീറ്റ് നേടാനുള്ള അര്‍ഹത യുഡിഎഫില്‍ ലീഗിനുണ്ട്, ഇ.പി. ജയരാജന്‍ പറഞ്ഞു. അതേസമയം, സിപിഎമ്മിനോട് ലീഗിന് ശത്രുതാപരമായ നിലപാടൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, മൂന്നാംസീറ്റ് ആവശ്യത്തില്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ‘മൂന്നാം സീറ്റുമായി ബന്ധപ്പെട്ട തീരുമാനത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. തീരുമാനത്തിന്റെ കാര്യത്തില്‍ വളരെ കൃത്യമായ ധാരണയുണ്ട്. തീരുമാനം ഇല്ലാതെ പറ്റില്ല. ഇത് വലിയൊരു പ്രശ്‌നമായി തുടരുകയാണ്. അതുകൊണ്ടുതന്നെയാണ് നിലപാട് മാറ്റില്ലെന്ന് ആവര്‍ത്തിച്ചുപറയുന്നത്’, ഇി.ടി പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് എന്ന വിഷയം ഇതുവരെ തങ്ങളുടെ മുമ്പില്‍ എത്തിയിട്ടില്ലെന്നും നേതൃത്വം ആലോചിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുസ്ലിം ലീഗുമായുള്ള സീറ്റ് തര്‍ക്കം ഡല്‍ഹിക്ക് വിടാതെ കേരളത്തില്‍ത്തന്നെ തീര്‍ക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അനൗദ്യോഗിക ആശയവിനിമയത്തിലൂടെ ധാരണയിലെത്താനും ഞായറാഴ്ച കൊച്ചിയില്‍ യു.ഡി.എഫ്. നേതൃയോഗം ചേര്‍ന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുമാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നടത്തുന്ന സമരാഗ്‌നി യാത്രയ്ക്ക് ആറ്റുകാല്‍ പൊങ്കാല കാരണം ഞായാറാഴ്ച ഇടവേളയുണ്ട്.

Top