പ്രതിസന്ധിയിൽ ‘കൈവിടുന്ന’ ചരിത്രം കോൺഗ്രസ്സ് വീണ്ടും ആവർത്തിക്കുന്നു !

കൊലയാളി വൈറസിന്റെ രാജ്യത്തെ ഹോട്ട് സ്പോട്ടാണ് മഹാരാഷ്ട്ര.

ഈ സംസ്ഥാനത്ത് എന്നല്ല, രാജ്യത്തെ തന്നെ ഈ അവസ്ഥയിലേക്ക് മാറ്റിയതില്‍ കേന്ദ്ര സര്‍ക്കാറിനാണ് പ്രധാന പങ്ക്. രണ്ടാമതേ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വിമാന യാത്രക്കാരെ ക്വാറന്റെന്‍ ചെയ്ത് തുടങ്ങണമായിരുന്നു.


വിദേശത്ത് നിന്ന് വരുന്നവരെ, ‘രാജ്യം’ തിരിച്ച് ആദ്യം നടത്തിയ പരിശോധന തന്നെ, പാളുകയാണുണ്ടായത്. വൈറസിന് അതിരുകളില്ലന്ന് ഓര്‍ക്കാതെ പോയത് കേന്ദ്ര സര്‍ക്കാറാണ്. ദീര്‍ഘവീക്ഷണവും പ്രായോഗിക നടപടികളും അന്ന് സ്വീകരിക്കാത്തതിനാണ് രാജ്യം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

പ്രവാസികളെ കൊണ്ടുവരുന്നതിന് മുന്‍പ്, മെഡിക്കല്‍ സംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് അയക്കണമായിരുന്നു. അവിടെ ക്വാറന്റൈന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരെ മാത്രമായിരുന്നു കൊണ്ടു വരേണ്ടിയിരുന്നത്. എന്നാല്‍ അനര്‍ഹര്‍ അടക്കമാണ് ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുന്നത്. ഇതും ഗുരുതര വീഴ്ചയാണ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ, അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ, അവരുടെ നാടുകളില്‍ എത്തിക്കണമായിരുന്നു.എന്നാല്‍ അതും ഇവിടെ നടപ്പായിരുന്നില്ല.

ലോക്ക് ഡൗണിന് ശേഷമുള്ള ഇവരുടെ യാത്രകളാണ് സ്ഥിതി കൈവിട്ടു പോകാന്‍ കാരണമായിരിക്കുന്നത്.

രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെട്ട സംസ്ഥാനത്ത്,
കുടുതല്‍ ജാഗ്രത വേണമായിരുന്നു. ഈ മഹാനഗരത്തില്‍ വൈറസിന്റെ ഉറവിടമായ ധാരാവിയില്‍ മാത്രം, 10 ലക്ഷത്തിലേറെ പേരാണ് താമസിക്കുന്നത്. സാമുഹിക അകലം എന്നത് ഈ മേഖലയെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത കാര്യമാണ്.

മാറി മാറി ഭരിച്ച, മഹാരാഷ്ട്രയിലെ ഒരു ഭരണകൂടവും ഈ അവസ്ഥ മാറ്റാന്‍ ശ്രമിച്ചിട്ടില്ല, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണ്.

പാവപ്പെട്ട ചേരി നിവാസികളെ പുനരധിവസിപ്പിക്കാന്‍, ഒരു പദ്ധതിയും മാറി വന്നിരുന്ന സര്‍ക്കാറുകള്‍ക്കുണ്ടായിരുന്നില്ല. ആരോഗ്യ രംഗവും കുത്തഴിഞ്ഞ് കിടക്കുകയാണ്. വിദ്യാഭ്യാസ നിലവാരത്തിലും മഹാരാഷ്ട്ര ഏറെ പിന്നോട്ടാണ്.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യം അംഗീകരിക്കേണ്ടത് കോണ്‍ഗ്രസ്സാണ്. കാരണം, ഏറ്റവും കൂടുതല്‍ കാലം ഈ സംസ്ഥാനവും രാജ്യവും ഭരിച്ചത്, ആ പാര്‍ട്ടിയാണ്.

എന്നാല്‍ പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും, കാലുവാരല്‍ രാഷ്ട്രിയമാണ് കോണ്‍ഗ്രസ്സിപ്പോള്‍ കളിക്കുന്നത്. കുറ്റമെല്ലാം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയില്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് അവരുടെ ശ്രമം.എന്‍.സി.പി നേതാവ് ശരദ് പവാറും, സമാന നിലപാടാണിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

‘സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്നു എന്നേയുള്ളെന്നും, സുപ്രധാന തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ്’ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ തകരുന്നതിന്റെ സൂചനയാണിത്.

മെയ് 25ന് ശരദ്പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്. ഇതോടെ ആറു മാസം മാത്രം പ്രായമുള്ള മഹാവികാസ് അഘാടി സര്‍ക്കാരാണ് ആടിയുലയുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍,മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്, കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും മനംമാറ്റത്തിന് കാരണം. കൂട്ട് ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരുന്ന വഞ്ചനാപരമായ നിലപാടാണിത്.

സ്വന്തം സര്‍ക്കാരിനും പിന്തുണയ്ക്കുന്ന സര്‍ക്കാരിനും തമ്മില്‍, വലിയ വ്യത്യാസമുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. മഹാരാഷ്ട്രയില്‍ മാത്രം കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പുകമറയാണിത്.

ബി.ജെ.പിയ്ക്കാണ് ഈ നിലപാട് സഹായകരമാകുക. മഹാരാഷ്ട്ര ഭരിക്കുന്നത് ശിവസേനയും കോണ്‍ഗ്രസ്സും എന്‍.സി.പിയും ഉള്‍പ്പെട്ടെ മുന്നണിയാണ്.

ഭരണ പാളിച്ചക്ക് മൂന്ന് പാര്‍ട്ടികള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്.എല്ലാ പാപങ്ങളും ഉദ്ധവിന്റെ തലയില്‍ കെട്ടിവച്ച്, കോണ്‍ഗ്രസ്സിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയുകയില്ല.

അധികാരത്തിനു വേണ്ടി ആശയങ്ങള്‍ ചവറ്റുകൊട്ടയിലെറിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.

മുഖ്യമന്ത്രി കസേരയിലിരുന്ന അശോക് ചവാന്‍, ഇപ്പോള്‍ വെറുമൊരു മന്ത്രിയായിരിക്കുന്നത്, അധികാര കൊതി ഒന്നു കൊണ്ടു മാത്രമാണ്. ഇദ്ദേഹം മുന്‍ മുഖ്യമന്ത്രിയായിരുന്നു എന്ന് പലര്‍ക്കും മനസ്സിലായത് തന്നെ കോവിഡ് പിടിപെട്ടപ്പോള്‍ മാത്രമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ അധികാര മോഹത്തിന്, ഒന്നാംന്തരമൊരു ഉദാഹരണമാണിത്.

ജനരോഷം എതിരായതോടെയാണ് മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.അപഹാസ്യമായ നിലപാടാണിത്. കാവി രാഷ്ട്രീയത്തോട് സന്ധി ചെയ്യാന്‍, സോണിയ എടുത്ത തീരുമാനം തന്നെയാണ്, അവരെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുന്നത്.ശിവസേനയെ സംബന്ധിച്ച്, അധികാരത്തിനു വേണ്ടി ബി.ജെ.പി യോട് വീണ്ടും കൂട്ട് കൂടാന്‍, ഒരു മടിയുമുണ്ടാവില്ല. പ്രത്യയശാസ്ത്രപരമായി തന്നെ ഇരു പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണുള്ളത്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനെയും എന്‍.സി.പിയെയും പിളര്‍ത്തിയാണെങ്കിലും ബി.ജെ.പി സര്‍ക്കാറുണ്ടാക്കും.ഈ രണ്ട് സാധ്യതയും ഒരിക്കലും തള്ളിക്കളയാന്‍ കഴിയുകയില്ല.

ഈ കോവിഡ് കാലത്ത് പോലും, മഹാരാഷ്ട്രയില്‍ താമരക്ക് വളമിടുന്ന പണിയാണ് കോണ്‍ഗ്രസ്സ് ചെയ്ത് കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഇന്ത്യ ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയണം.

കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധക്കോട്ടയില്‍, വിള്ളല്‍ വീഴ്ത്താന്‍ ശ്രമിച്ചതിന് പിന്നിലും ഖദറിന്റെ കയ്യൊപ്പുണ്ട്. വാളയാറില്‍ നാം കണ്ടതും അതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് കൊണ്ടു വരുന്നവരും ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ പാലിക്കാത്ത അവസ്ഥയുമുണ്ട്. ഗുരുതരമായ തെറ്റാണിത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളാണ് ഇവിടെ പാലിക്കപ്പെടേണ്ടത്. കോവിഡില്‍ ആരും തന്നെ രാഷ്ട്രീയം കളിക്കരുത്.

നിലവില്‍, വീടുകളില്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റൈന്‍ പോലും പലയിടത്തും പ്രഹസനമാവുകയാണ്. ഇക്കാര്യത്തിലും ജാഗ്രതാപരമായ നിലപാടുകള്‍ ആവശ്യമാണ്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തന്നെ സ്വയം ചാടിപ്പോകുന്ന അവസ്ഥയാണുള്ളത്.ദ്രോഹികള്‍ എന്നു മാത്രമേ ഇക്കൂട്ടരെയും വിളിക്കാന്‍ കഴിയുകയൊള്ളൂ.

സാമൂഹിക അകലം പാലിക്കാതെ, പുറത്തിറങ്ങി നടക്കുന്നവരുടെ എണ്ണവും, രോഗ വ്യാപ്തി കൂട്ടുന്നതാണ്.

മരണത്തെ മാടി വിളിക്കുന്ന ഏര്‍പ്പാടാണിത്. കോവിഡ് കുട്ടികളെയും, പ്രായമായവരെയും, മാത്രമേ ബാധിക്കൂ എന്ന് ആരും തന്നെ കരുതേണ്ടതില്ല. ആരോഗ്യമുള്ള എത്രയോ ചെറുപ്പക്കാര്‍ ഇതിനകം തന്നെ മരണപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

മരണ നിരക്ക് കുറവായതിലും ആളുകള്‍ അഹങ്കരിക്കേണ്ടതില്ല. രോഗികളുടെ എണ്ണം കൂടിയാല്‍, ചികിത്സ പോലും നല്‍കാന്‍ കഴിയുകയില്ല. മരണനിരക്ക് വര്‍ദ്ധിക്കുന്നതും അപ്പോഴാണ്.ഇന്ത്യയില്‍ കോവിഡ് രോഗികള്‍, മെയ് 26 ലെ കണക്ക് പ്രകാരം, ഒന്നര ലക്ഷം കടന്നു കഴിഞ്ഞു. മരണമാകട്ടെ 5000 എത്താന്‍ അധികദൂരവുമില്ല. ഭയപ്പെടുത്തുന്ന അവസ്ഥയാണിത്.പ്രതിദിനം ആറായിരത്തിലേറെ രോഗികളും, 130 ലേറെ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതും ഇപ്പോള്‍ കൂടി വരികയാണ്.

സ്വയം സൂക്ഷിച്ചാല്‍ മാത്രമേ ഈ മഹാമാരിയില്‍ നിന്നും രക്ഷപെടാന്‍ കഴിയുകയുള്ളൂ. അക്കാര്യം പുറത്ത് കറങ്ങി നടക്കുന്നവരും, ഓര്‍ക്കുന്നത് നല്ലതാണ്.

Top