The Congress move to a secret understanding that the BJP and Vellapally Front : CPM

ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി – എസ്എന്‍ഡിപി യോഗം കൂട്ടുകെട്ടുമായി കോണ്‍ഗ്രസ്സ് രഹസ്യധാരണയ്ക്ക് ശ്രമിക്കുമെന്ന് സിപിഎം വിലയിരുത്തല്‍.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനുമെതിരെ ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൈംബ്രാഞ്ച് തുടരന്വേഷണവും, ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ്, എസ്എന്‍ ട്രസ്റ്റ് നിയമനത്തിലെ കോഴ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കാനുള്ള സാധ്യതയും മുന്‍നിര്‍ത്തി വെള്ളാപ്പള്ളി തന്നെ രഹസ്യധാരണയ്ക്ക് മുന്‍ കൈ എടുക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഈ നീക്കങ്ങള്‍ കൂടി മുന്നില്‍ കണ്ടാവണം സ്ഥാനാര്‍ഥി നിര്‍ണ്ണയവും തിരഞ്ഞെടുപ്പിലെ ‘അജണ്ട’ തീരുമാനിക്കലുമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണകൊണ്ട് ലഭിച്ചിട്ടില്ലെങ്കിലും എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ ഗുണം ചെയ്തുവെന്ന് ബിജെപി പ്രഖ്യാപിച്ചത് ആര്‍എസ്എസിന്റെ നിലപാടിനെ തുടര്‍ന്നാണെന്നാണ് സിപിഎമ്മിന്റെ നിഗമനം.

തിരുവനന്തപുരം, കാസര്‍ഗോഡ്,പാലക്കാട് ജില്ലകളിലെ വിജയ സാധ്യതയുള്ള സീറ്റുകളാണ് ബിജെപി മുന്നണി പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകമാനം 25 മണ്ഡലങ്ങള്‍ ലക്ഷ്യമിട്ടാണ് തന്ത്രങ്ങള്‍ മേയുന്നത്.

ബിജെപി നോട്ടമിടുന്ന മണ്ഡലങ്ങളില്‍ അപ്രസക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അവരുടെ വിജയത്തിനായി വഴി തുറക്കുക, പകരം ഇടതു വിജയം ഉറപ്പായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ വിജയം ‘ഉറപ്പാക്കുന്ന’ തരത്തില്‍ നിലപാട് സ്വീകരിക്കുക എന്ന തന്ത്രം ബിജെപി മുന്നണി സ്വീകരിക്കുമെന്ന് തന്നെയാണ് സിപിഎം നേതൃത്വം കരുതുന്നത്. ഇതിന് അടിസ്ഥാനമായ ചില വിവരങ്ങള്‍ എസ്എന്‍ഡിപി യോഗനേതൃത്വത്തിലെ ചിലരില്‍ നിന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

പരസ്യമാകാതെ രഹസ്യമായി ഈ ദൗത്യം ഇരുവിഭാഗവും തന്ത്രപരമായി നടപ്പാക്കിയാല്‍ വലിയ ഭീഷണിയാവുമെന്നതിനാല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുടക്കം മുതല്‍ തന്നെ ആഞ്ഞടിക്കാനാണ് സിപിഎം തീരുമാനം. കൊല്‍ക്കത്തയില്‍ വച്ചു ചേരുന്ന പ്ലീനത്തുനു ശേഷം ശക്തമായ പ്രചരണങ്ങളുമയി മുന്നോട്ട് പോകും.

എസ്എന്‍ഡിപി യോഗം – ബിജെപി കൂട്ടുകെട്ടുമായി കോണ്‍ഗ്രസ്സ് ‘ധാരണ’ ഉണ്ടാക്കിയാല്‍ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ വലിയരൂപത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.

യുഡിഎഫിന്റെ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി ആയാലും രമേശ് ചെന്നിത്തല ആയാലും ഇത്തരത്തില്‍ രഹസ്യ ധാരണയ്ക്ക് പച്ചക്കൊടി കാണിക്കുമെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്.

വെള്ളാപ്പള്ളിയുമായി ഇരുവര്‍ക്കുമുള്ള ബന്ധമാണ് ഇതിനാധാരം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പോലും വെള്ളാപ്പള്ളിക്കെതിരെ പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തയ്യാറായിരുന്നില്ല.

ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വി.എസ് ആയാലും പിണറായി ആയാലും വെള്ളാപ്പള്ളിയെ സംബന്ധിച്ച് അതു വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

അടുത്ത മാസം നടത്തുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തി ബിജെപി മുന്നണിയില്‍ മത്സരിക്കാനാണ് എസ്എന്‍ഡിപി യോഗം ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസ്സിന്റെ പിന്തുണ തടസ്സമില്ലാതെ നേടാന്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനമായും രഹസ്യ ധാരണയുണ്ടാക്കാനാണ് നീക്കം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് വന്ന മണ്ഡലങ്ങളിലും ഒരു ‘കൈ’ സഹായം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ തന്നെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സിപിഎം നിഗമനം.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരഞ്ഞുപിടിച്ച് സിപിഎം നേതാക്കളെ തോല്‍പ്പിക്കുന്നതില്‍ ബിജെപിക്ക് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സഹായം ലഭിച്ചത് ഗൗരവമായാണ് പാര്‍ട്ടി കാണുന്നത്.

ബിജെപി- എസ്എന്‍ഡിപി യോഗം സഖ്യത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ രഹസ്യധാരണക്കെതിരെയും ജാഗ്രത പാലിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ത്രിപുര തദ്ദേശ സ്വയംതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ഒരുമിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് സുധീന്ദ്രദാസ് ഗുപ്ത രംഗത്ത് വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുനിന്നാല്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാമെന്നും ഇക്കാര്യം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥിരീകരിച്ചു.

കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവമാണ്. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറല്‍ കോണ്‍ഗ്രസിന് എളുപ്പമല്ല. വിജയസാധ്യത കണക്കിലെടുത്ത് നീക്കുപോക്കുണ്ടാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായും ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ ഒമ്പതിന് അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനടക്കം 20 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. മോഡി അധികാരത്തിലെത്തിയശേഷം ത്രിപുരയില്‍ തങ്ങള്‍ക്ക് വോട്ടുകൂടിയെന്നാണ് ബിജെപി അവകാശവാദം.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയിലെ രണ്ട് മണ്ഡലത്തിലും ബിജെപി നാലാമതായിരുന്നു. ശരാശരി 50,000 വോട്ടാണ് രണ്ടിടത്തും ബിജെപിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

എന്നാല്‍, പിന്നീട് പ്രതാപ്ഗഡ്, സുര്‍മ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടില്‍ നല്ലൊരു പങ്ക് ബിജെപിക്ക് കിട്ടിയതോടെ ബിജെപി രണ്ടാമതെത്തി. പ്രതാപ്ഗഡില്‍ ബിജെപിക്ക് 10,239 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 5187 വോട്ട്. സുര്‍മയില്‍ ബിജെപി സ്ഥാനാര്‍ത്ഥി 7966 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 2528 വോട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ വോട്ടുനില ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ വിദൂരസാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിക്കണമെന്ന ബിജെപിയുടെ ആവശ്യത്തോട് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കും യോജിപ്പാണെന്നാണ് തൃപുരയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈയൊരു സാഹചര്യം കൂടി മുന്‍ നിര്‍ത്തിയാണ് അവിശുദ്ധ സഖ്യനീക്കത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രചാരണം ശക്തമാക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

Top