മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തി; പി രാജീവ്

കൊച്ചി: സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വിഷയത്തില്‍ മോശമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായത്. കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണോ സെമിനാറില്‍നിന്ന് പിന്‍മാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും പി രാജീവ് പറഞ്ഞു.

പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്റെ തോന്നല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു .ലീഗ് ക്ഷണം നിരസിച്ചുവെന്നതില്‍ യുക്തിയില്ലെന്ന് സിപിഎം നേതാവ് പി മോഹനനും പ്രതികരിച്ചു. സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പി രാജീവിന്റെ പ്രതികരണം.

അതേസമയം പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാട് ഉണ്ടെന്നും എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും പലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കണമെന്നും യുഡിഎഫ് കക്ഷി എന്ന നിലയില്‍ സിപിഎം സെമിനാറില്‍ ലീഗിന് പങ്കെടുക്കാനാകില്ലെന്നുമാണ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം. സിപിഎം ക്ഷണത്തിന് നന്ദിയുണ്ട്. സിപിഎം റാലിയില്‍ മതസംഘടനകല്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top