കോൺഗ്രസ് പട്ടികയിൽ പിന്നാക്ക – ദളിത് വിഭാ​ഗങ്ങളിൽ നിന്ന് 24 പേർ, 12 പേർ 50-ൽ താഴെ പ്രായമുള്ളവർ

കോൺ​ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാ‍ർത്ഥി പട്ടിക പ്രഖ്യാപിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ഏഴ് സംസ്ഥാനങ്ങളിലെ 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ പ്രമുഖ നേതാക്കളായ രാഹുൽ ​ഗാന്ധി, ഭൂപേഷ് ബാ​ഗൽ, കെ സി വേണു​ഗോപാൽ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.

39 സ്ഥാനാർത്ഥികളിൽ 15 പേർ ജനറൽ വിഭാ​ഗത്തിൽ നിന്നുള്ളവരാണ്. 24 പേർ എസ് സി, എസ് ടി, ഒബിസി വിഭാ​ഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. 12 പേർ 59 വയസ്സിന് താഴെയുള്ളവരാണ്. 50നും 60നും ഇടയിൽ പ്രായമുള്ളവർ 8 പേർ. 61-നും 70-നും ഇടയിൽ പ്രായമുള്ളവർ 12 പേർ. 71-നും 76-നും ഇടയിൽ പ്രായമുള്ളവർ 7 പേരാണ്.

കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Top