യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ ‘സന്തോഷം’ കോൺഗ്രസ്സ് നേതൃത്വത്തിന് !

മുസ്ലീംലീഗ് മുന്നണി മാറുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന കോൺഗ്രസ്സ് നേതൃത്വത്തിന് യൂത്ത് ലീഗ് നേതാവിന്റെ അറസ്റ്റ് ഇപ്പോൾ വലിയ ആശ്വാസമായിരിക്കുകയാണ്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് തലസ്ഥാനത്ത് വച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അറസ്റ്റിലായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇത് തികഞ്ഞ രാഷട്രീയ പക പോക്കലാണെന്നാണ് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചിരിക്കുന്നത്.

പി.കെ.ഫിറോസിന്റെ അറസ്റ്റ് തീക്കളിയെന്ന് തുറന്നടിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും രംഗത്ത് വന്നിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗുകാരെ പൊലീസ് തല്ലിച്ചതച്ചുവെന്നും പൊലീസ് നടപടിയെ ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്. തലസ്ഥാനത്തെ പൊലീസ് ലാത്തിചാർജ്ജും യൂത്ത് ലീഗ് നേതാക്കളുടെ അറസ്റ്റും മുസ്ലിം ലീഗ് അണികളെയും നേതാക്കളെയും പ്രകോപിതരാക്കി കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തന്നെയാണ് കോൺഗ്രസ്സും ആഗ്രഹിച്ചിരുന്നത്.

യു.ഡി.എഫ് മുന്നണിയിൽ നിന്നും ലീഗ് പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്ന നേതാക്കൾക്ക് ഇനി അത്തരമൊരു ആവശ്യം ഉന്നയിക്കാൻ കഴിയില്ലന്നാണ് കോൺഗ്രസ്സ് നേതൃത്വം കണക്കു കൂട്ടുന്നത്. ലീഗ് – സി.പി.എം ഭിന്നത കൂടുതൽ ശക്തമാക്കാൻ പരമാവധി ഇടപെടൽ നടത്താനാണ് യൂത്ത് കോൺഗ്രസ്സ് നേതൃത്വവും അണികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ, ഇടതുപക്ഷമാകട്ടെ യൂത്ത് ലീഗ് നേതാവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിൽ തന്നെയാണ് നിൽക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ നേതാക്കൾക്ക് ലഭിച്ച അടിയുടെ ഒരു ശതമാനം പോലും യു.ഡി.എഫിലെ ഒരു സംഘടനാ പ്രവർത്തകനും ഇടതുപക്ഷ ഭരണത്തിൽ അനുഭവിച്ചിട്ടില്ലന്നാണ് സി.പി.എം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, പി.കെ ഫിറോസ് ജയിലിൽ പോകുന്നതിൽ വിളറിപിടിക്കുന്നവർ പെൺകുട്ടികൾ ഉൾപ്പെടെയുള്ള അനവധി എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ് യു.ഡി.എഫ് ഭരണകാലത്ത് ജയിലിൽ അടച്ചിട്ടുള്ളതെന്ന കാര്യവും അവർ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യം മുസ്ലീംലീഗ് – കോൺഗ്രസ്സ് നേതൃത്വങ്ങളും തിരിച്ചറിയണം.

ഭരണകൂടത്തിനെതിരെ സമരം ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം കൃത്യമായി ഇടതുപക്ഷം പ്രതിപക്ഷത്താകുന്ന കാലഘട്ടങ്ങളിൽ നടത്തിയിട്ടുമുണ്ട്. ഇടതുപക്ഷ ഭരണകാലത്ത് അതിന് യു.ഡി.എഫ് സംഘടനകൾ തയ്യാറാകാത്തത് സംഘടന പരമായ ദൗർബല്യം കാരണം മാത്രമല്ല വിഷയ ദാരിദ്രം ഉള്ളതു കൊണ്ടു കൂടിയാണ്. എന്തിനു വേണ്ടിയാണ് സമരമെന്നത് സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്തുന്നതിൽ പ്രതിപക്ഷ സംഘടനകൾ ഇപ്പോൾ പരാജയപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് സംഘടനകൾ മാത്രമല്ല ബി.ജെ.പി സംസ്ഥാനത്ത് നടത്തിയ പ്രതിഷേധങ്ങൾ ഉൾപ്പെടെ ക്ലച്ച് പിടിക്കാത്തതും അതു കൊണ്ടാണ്.

ഇത് പുതിയ കാലമാണ്. വിവര സാങ്കേതിക വിദ്യയുടെ ഈ പുതിയ കാലത്ത് ഏത് കാര്യത്തെ കുറിച്ചും വ്യക്തമായ അറിവ് ഒരു വിരൽ തുമ്പിൽ തന്നെ ലഭിക്കുന്ന ഈ കാലത്ത് തെറ്റിധരിപ്പിക്കൽ നടപ്പുള്ള കാര്യമല്ല. സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരിക്കുന്നത്. മാധ്യമ ശ്രദ്ധയും അതു വഴി പൊതുജന ശ്രദ്ധ കിട്ടുന്നതിനും വേണ്ടിയാണ് സമരക്കാർ സംഘർഷത്തിന് തുനിഞ്ഞിരിക്കുന്നത്. സ്വാഭാവികമായും ഇതിനെതിരെ പെലീസ് നടപടിയും ഉണ്ടായി.

ലീഗ് നേതാക്കളും കോൺഗ്രസ്സ് നേതാക്കളും പ്രതികരിക്കുന്നത് കണ്ടാൽ തോന്നുക ഇത് കേരളത്തിലെ ആദ്യത്തെ പൊലീസ് നടപടിയാണെന്നാണ്. ആ ധാരണയാണ് പ്രതിപക്ഷ നേതാക്കൾ തിരുത്തേണ്ടത്. പ്രക്ഷോഭത്തിന് ഇറങ്ങുമ്പോൾ അടി കിട്ടുന്നതും അറസ്റ്റിലാകുന്നതും എല്ലാം സ്വാഭാവികമാണ്. ഇത് പിണറായി സർക്കാർ പ്ലാൻ ചെയ്ത് അടിപ്പിക്കുന്നതൊന്നുമല്ല പൊലീസിന് നേരെ പ്രകോപനം ഉണ്ടാകുമ്പോൾ അവർ അതിനെ നേരിടുന്ന സ്വഭാവത്തിലും മാറ്റമുണ്ടാകും. ഇടതുപക്ഷ സംഘടനകൾ പ്രക്ഷോഭം നടത്തുന്ന ഘട്ടത്തിലും എത്രയോ തവണ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. ഏത് സർക്കാർ ഭരിച്ചാലും കാക്കിക്ക് നൊന്താൽ അവർ പ്രതികരിക്കും. അത് ഇനിയും തുടർന്നു കൊണ്ടു തന്നെയിരിക്കാനാണ് ഇനിയും സാധ്യത.

സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശിയതാണ് തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരുന്നത്. പൊലീസിനും കടകൾക്കും നേരെ ശക്തമായ കല്ലേറാണ് ഉണ്ടായത്. ഇതേ തുടർന്നാണ് പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചത്. ചിതറിയോടിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. ഏറ്റവും ഒടുവിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറസ്റ്റിലായിരിക്കുന്നത്.

ഈ സംഭവത്തോടെ യു.ഡി.എഫ് അണികളിൽ നിന്നുതന്നെ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ഒരു ചോദ്യം സമരം ചെയ്യാനുള്ള ശേഷി പോലും കോൺഗ്രസ്സിന് നഷ്ടമായോ എന്നതാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും അവരുടെ പോഷക സംഘടനകളും നോക്കുകുത്തിയായി നിന്നടത്താണ് സർക്കാറിനെതിരെ യൂത്ത് ലീഗ് ശക്തമായ പോർമുഖം തുറന്നിരിക്കുന്നത്. സംഘടനാ പരമായി ഈ പ്രക്ഷോഭം യൂത്ത് ലീഗിന് ഗുണം മാത്രമേ ചെയ്യൂ. കാരണം ഇടതു വിരോധത്താൽ പാകപ്പെടുത്തിയ അണികളാണ് ലീഗിനുള്ളത്. അവരെ ‘വൈബ്രന്റായി’ നിലനിർത്താൻ പ്രതിഷേധങ്ങളിലൂടെ യൂത്ത് ലീഗിന് കഴിയും.

ഇടതുപക്ഷ പാർട്ടികൾക്ക് പ്രത്യേകിച്ച് സി. പി.എം. വർഗ്ഗ ബഹുജന സംഘടനകളായ ഡി.വൈ.എഫ്.ഐക്കും എസ്.എഫ്.ഐക്കും സംസ്ഥാനത്ത് ശക്തമായ അടിത്തറ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നത് ശക്തമായ പോരാട്ടങ്ങളിലൂടെയാണ്. ഏതെങ്കിലു സമരങ്ങൾ അതിന്റെ ലക്ഷ്യത്തിൽ എത്തുന്നതിൽ പരാജയപ്പെട്ടാൽ പോലും സംഘടനാപരമായി അത്തരം സമരങ്ങൾ പരാജയമായി മാറാറില്ല. അങ്ങനെ വിലയിരുത്തിയാൽ യൂത്ത് ലീഗിനും ഈ സെക്രട്ടറിയേറ്റ് മാർച്ചു കൊണ്ട് വലിയ തിരിച്ചടിയൊന്നും നേരിടേണ്ടി വരികയില്ല.

എന്നാൽ, ഇപ്പോഴത്തെ പ്രശ്നം അതല്ല അടി മേടിക്കുന്നതും ജയിലിൽ കിടക്കുന്നതും മഹാ അപരാധമായി പ്രതിപക്ഷ നേതാക്കൾ കാണുന്നതാണ് പ്രശ്നം. ജയിൽ വാസമൊന്നും ഇടതുപക്ഷ സംഘടനാ പ്രവർത്തകരെ പോലെ ലീഗ് നേതാക്കൾക്ക് വലിയ പരിചയമുള്ള കാര്യമൊന്നുമല്ല. കോൺഗ്രസ്സിന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്. അതു കൊണ്ടാണ് അവരും ഇക്കാര്യം പറഞ്ഞ് വിലപിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റസമരം കൊണ്ട് ഗ്യാസ് പോകുന്ന അവസ്ഥയാണിത്. ഈ നിലപാട് എന്തായാലും രാഷ്ട്രീയ കേരളത്തിന് യോജിച്ചതല്ല, അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top