ജനങ്ങളുടെ ദുരിതം കണ്ട് സമരത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനും തയ്യാര്‍

 

നിലമ്പൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന മലയാളികള്‍ക്ക് വഴിക്കടവ് ആനമറി ചെക്‌പോസ്റ്റില്‍ രജിസ്‌ട്രേഷന് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ദുരിതം പരിഹരിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യമുടക്കമുള്ളവ ഒരുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. ഇന്റര്‍നെറ്റടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലാത്ത രജിസ്‌ട്രേഷന്‍ കേന്ദ്രത്തിനു മുന്നില്‍ വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷൗക്കത്ത്.

ഏറെക്കാലത്തെ മുറവിളിക്കുശേഷമാണ വഴിക്കടവ് ആനമറി ചെക്‌പോസ്റ്റ് വഴി അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് പ്രവേശനം അനുവദിച്ചത്. മുമ്പ് മുത്തങ്ങയും വാളയാറും വഴി മാത്രമായിരുന്നു പ്രവേശനം. വഴിക്കടവ് വഴി ചരക്കുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടിരുന്നത്. ഇത് അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വലിയ പ്രസായസവും സാമ്പത്തി ബാധ്യതയുമാണുണ്ടാക്കിയത്.

ഗൂഡല്ലൂരിലും നാടുകാണിയിലുമുള്ള മലയാളികള്‍ക്കുപോലും മുത്തങ്ങും വാളയാറും വഴി ചുറ്റി വളഞ്ഞ് മാത്രമേ നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. പ്രതിഷേധം ശക്തമായതോടെയാണ് നാടുകാണി വഴി രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം അനുവദിച്ചത്. എന്നാല്‍ റവന്യൂ വകുപ്പ് രജിസേട്രഷന്‍ കൗണ്ടറില്‍ ആവശ്യമായ കംപ്യൂട്ടറുകളോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ പോലും ലഭ്യമാക്കിയിരുന്നില്ല. മൊബൈല്‍ ഫോണില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷനെടുത്താണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്റര്‍നെറ്റ് തടസം കാരണം സ്ത്രീകളടക്കം മണിക്കൂറുകളാണ് രജിസ്‌ട്രേഷനുവേണ്ടി വഴിക്കടവ് ആനമറിയില്‍ കുടുങ്ങിയത്. ഈ ദുരിതം കണ്ടറിഞ്ഞാണ് പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്റര്‍നെറ്റ് കണക്ഷനടക്കമുള്ള സൗകര്യങ്ങളൊരുക്കാനുള്ള സന്നദ്ധത അറിയിച്ചത്.

 

 

എന്നാല്‍ ഈ സഹായ വാഗ്ദാനം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കളക്ടറാണ്. കോണ്‍ഗ്രസിന്റെ സഹായവാഗ്ദാനം സ്വീകരിക്കുകയോ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളടക്കമുള്ളവ സജ്ജമാക്കുകയോ ചെയ്തില്ലെങ്കിലും ജനങ്ങളുടെ ദുരിതം ഇനിയും രൂക്ഷമാകും.

 

കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മയില്‍ വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി മാത്യു ആധ്യക്ഷം വഹിച്ചു. എ.ഗോപിനാഥ്, ഡാനിഷ് വഴിക്കടവ്, കുഞ്ഞു പുളിക്കലകത്ത്, സുനില്‍ കാരക്കോട് പ്രസംഗിച്ചു. പടം- വഴിക്കടവ് ആനമറി ചെക്‌പോസ്റ്റിലെ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിന് മുന്നില്‍ സമരത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനുള്ള സന്നദ്ധത ജീവനക്കാരെ അറിയിച്ചു .

Top