മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത് നൽകി കോൺഗ്രസ് നേതാവ്

തിരുവനന്തപുരം:മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത്.കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആണ് അനുമതി തേടിയത്. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി. ഇ മെയിലിൽ നൽകിയ കത്തിന് പിന്നാലെ രാജ് ഭവനിൽ നേരിട്ടും കത്ത് നല്കി. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു.

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല, വിജിലൻസിന് പരാതി നല്‍കിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർക്ക് നൽകിയ കത്തുകളും മുഖ്യമന്ത്രിക്ക് കുരുക്കാക്കാനാണ് കോൺഗ്രസ് നീക്കം. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ്‌ നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ആവശ്യം.

 

Top