ഗുജറാത്തിൽ പത്ത് തവണ എംഎൽഎ ആയിരുന്ന കോൺ​ഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് മോഹൻസിൻഹ് രത്വ ബിജെപിയിൽ ചേർന്നു. വൈകീട്ട് പാർട്ടി ആസ്ഥാനത്തുവെച്ച് മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. നിലവിൽ ഛോട്ടാ ഉദയ്പുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻസിൻഹ് രത്‍വ.

മോഹൻസിൻഹ് രത്‍വ രാജിക്കത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ​ജ​ഗദീഷ് താക്കോറിന് നേരത്തെ കൈമാറി. ആദിവാസി മേഖലയിലെ കരുത്തനായ നേതാവാണ് മോഹൻസിൻഹ് രത്‍വ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് 78 കാരനായ മോഹൻസിൻഹ് രത്‍വ അറിയിച്ചിരുന്നു. എന്നാൽ, മകൻ രാജേന്ദ്ര സിൻഹ് രത്‍വയെ മണ്ഡലത്തിലെ സ്ഥാനാർഥിയാക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. ഇതേ മണ്ഡലത്തിൽ തന്റെ മകനെ സ്ഥാനാർഥിയാക്കണമെന്ന് കോൺ​ഗ്രസ് എംപി നരൻ രത്‍വയും ആവശ്യപ്പെട്ടതോടെ പാർട്ടി പ്രതിസന്ധിയിലായിരുന്നു.

ഇയാളുടെ മകനും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സീറ്റ് തരുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും ഇദ്ദേഹം പറഞ്ഞു. എനിക്ക് പ്രായമായി. മകന്‍ എന്‍ജിനീയറാണ്. അവന് ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്. മകന് സീറ്റ് തരില്ലെന്ന് ഒരിക്കലും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ബിജെപി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിട്ടാണ് പാര്‍ട്ടിയില്‍ ചേരുന്നത്. ആദിവാസി മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മികച്ചതാണെന്നും മോഹന്‍സിന്‍ഹ് രത്‍വ പറഞ്ഞു.

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ വന്നേക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ആംആദ്മിയും ബിജെപിയുമായിയി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് പ്രചാരണത്തിൽ ഇപ്പോഴും പുറകിലാണ്. ദേശീയ നേതാക്കളെല്ലാം ജോഡോ യാത്രയുടെ തിരക്കിലായതാണ് കാരണം. എന്നാൽ അടിത്തട്ടിൽ പ്രവർത്തനം ശക്തമാണെന്നാണ് പാർട്ടി വിശദീകരണം.

Top