കോണ്‍ഗ്രസ്സിന് ഇനി ഘടകകക്ഷികള്‍ ഇല്ലാത്ത ഏഴു ജില്ലകള്‍ മുന്നില്‍ . . . !

തെക്കന്‍ കേരളത്തില്‍ ഇനി ഇടതുപക്ഷവുമായി കോണ്‍ഗ്രസ്സിന് ഒറ്റക്ക് ഏറ്റുമുട്ടേണ്ടി വരും. ശക്തിയുള്ള ഒരു ഘടക കക്ഷിയും തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിനില്ല. കേരള കോണ്‍ഗ്രസ്സിലെ ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെ ചുവപ്പിനാണിപ്പോള്‍ മേധാവിത്വം കൂടിയിരിക്കുന്നത്. ജോസഫ് വിഭാഗത്തിന് ശക്തി ഉണ്ടെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും അംഗീകരിക്കുന്നില്ല. കെ.മുരളീധരന്റെ നിലപാടില്‍ തന്നെ ഇക്കാര്യം വ്യക്തവുമാണ്. ജോസ് വിഭാഗത്തെ പറഞ്ഞ് വിട്ടത് ശരിയായില്ലെന്ന നിലപാടിലാണ് അദ്ദേഹം ഉറച്ച് നില്‍ക്കുന്നത്. കോണ്‍ഗ്രസ്സിലെ നിരവധി നേതാക്കള്‍ക്കും ഇപ്പോള്‍ ഈ തിരിച്ചറിവുണ്ടായിട്ടുണ്ട്.

യു.ഡി.എഫ് നേതൃത്വത്തെയാണ് ഇവരെല്ലാം പ്രതിക്കൂട്ടിലാക്കുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഏറെ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. ജോസ് വിഭാഗം കൂടി എത്തിയതോടെ നിലവില്‍ നാല് കേരള കോണ്‍ഗ്രസ്സുകളാണ് ഇടതുപക്ഷത്തുള്ളത്. ഇതില്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്സ് (ബി)യും ഉള്‍പ്പെടും. യു.ഡി.എഫില്‍ പി.ജെ.ജോസഫ് വിഭാഗം കഴിഞ്ഞാല്‍ പിന്നെ കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം മാത്രമാണുള്ളത്. ഈ പാര്‍ട്ടിക്ക് പിറവത്ത് മാത്രമാണ് അല്‍പ്പമെങ്കിലും സ്വാധീനം ഉള്ളത്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ട് ഷെയറാണ് ജോസ് വിഭാഗത്തിന്റെ വരവോടെ ഇടതു പക്ഷത്തിന് ഇനി ലഭിക്കാന്‍ പോകുന്നത്.

ജോസ് ഇടതുപക്ഷത്തേക്ക് പോകുമ്പോള്‍ ആ വിഭാഗത്തിലെ എം.എല്‍.എമാരും എം.പിയും യു.ഡി.എഫിലേക്ക് വരുമെന്നായിരുന്നു കോണ്‍ഗ്രസ്സ് കണക്ക് കൂട്ടിയിരുന്നത്. ആ പ്രതീക്ഷയാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റ്യനെ പോലും അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. ജോസ് പോയാല്‍ നേതാക്കളെ ഒപ്പം കൂട്ടുമെന്ന് ഉറപ്പ് നല്‍കിയവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. യു.ഡി.എഫ് അണികളും ഇപ്പോള്‍ വലിയ നിരാശയിലാണ്. അനുകുലമായ സാഹചര്യം നേതാക്കള്‍ തന്നെ ഇല്ലാതാക്കിയതായാണ് പ്രവര്‍ത്തകരുടെ പൊതു വികാരം.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 91 സീറ്റുകളാണ് ലഭിച്ചിരുന്നത്. യുഡിഎഫിന് ആകെ ലഭിച്ചിരുന്നത് 47 സീറ്റുകളായിരുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളാണ് ഇടതുപക്ഷം പിടിച്ചെടുത്തിരുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, പാല മണ്ഡലങ്ങളില്‍ അട്ടിമറി വിജയമാണ് ഇടതുപക്ഷം നേടിയിരുന്നത്. വേങ്ങര യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ അരൂരില്‍ മാത്രമാണ് അവര്‍ക്ക് അട്ടിമറി വിജയം നേടാനായിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 43.48% വോട്ട് വിഹിതമാണ്. യുഡിഎഫിന് 38.81%വും എന്‍ഡിഎയ്ക്ക് 14.96%വും ലഭിക്കുകയുണ്ടായി.

2019ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 47.23 ശതമാനമാണ്. 20-ല്‍ 19 സീറ്റും അവര്‍ നേടുകയും ചെയ്തു. 8.64 ശതമാനമായിരുന്നു വര്‍ധന. ബി.ജെ.പിക്ക് 4.07 ശതമാനത്തിന്റെ വര്‍ധനവും ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. 15.53 ശതമാനമായിരുന്നു ബി.ജെ.പിയുടെ ആകെ വോട്ട് വിഹിതം. ഇടതുപക്ഷത്തിന് ലോകസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 35.10 ശതമാനം വോട്ടുകളാണ്. 6.88 ശതമാനത്തിന്റെ കുറവാണ് ഈ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും ന്യൂനപക്ഷ ഏകീകരണവുമാണ് യു.ഡി.എഫിന് ലോകസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിരുന്നത്. കേരളത്തില്‍ നിന്നും ഒരു ‘പ്രധാനമന്ത്രി’ എന്ന ബോധവും വോട്ടര്‍മാരില്‍ യു.ഡി.എഫ് ബോധപൂര്‍വ്വം സൃഷ്ടിച്ചു. ശബരിമല വിഷയവും അവര്‍ക്ക് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. മുസ്ലീം ന്യൂനപക്ഷങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷത്തോടൊപ്പമാണ് അണിചേര്‍ന്നിരിക്കുന്നത്. മനുഷ്യ ശൃംഖല തന്നെ അതിന് ഉദാഹരണമാണ്. 80 ലക്ഷത്തോളം പേരാണ് ഈ ശൃംഖലയില്‍ കണ്ണികളായിരിക്കുന്നത്. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ പേര്‍ അണിചേര്‍ന്ന പ്രക്ഷോഭവും ഇതു തന്നെയാണ്. എസ്.എഫ്.ഐ മുതല്‍ ഡി.വൈ.എഫ്.ഐ വരെ എല്ലാ വര്‍ഗ്ഗ ബഹുജന സംഘടനകളെയും തെരുവിലിറക്കാനും സി.പി.എമ്മിനു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം മലബാറില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാനാണ് സാധ്യത.

ദളിത്, ഈഴവ, മുസ്ലീം വോട്ടുകളില്‍ വലിയ നിലപാട് മാറ്റം തന്നെ ഇത്തവണ ഉണ്ടാകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. വോട്ടിങ്ങില്‍ ചെറിയ വ്യതിയാനം ഉണ്ടായാല്‍ പോലും സീറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമാണുണ്ടാവുക. 2011-ല്‍ വി.എസ് സര്‍ക്കാറിന് ഭരണ തുടര്‍ച്ച നഷ്ടമായത് തലനാരിഴയ്ക്കാണ്.അന്ന് 72 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. 68 സീറ്റുകള്‍ ഇടതുപക്ഷത്തിനും നേടാന്‍ കഴിഞ്ഞിരുന്നു. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നത്. എന്നാല്‍ 2021-ല്‍ കേരള കോണ്‍ഗ്രസ്സ് കൂടി ഇല്ലാത്ത സാഹചര്യത്തില്‍ യു.ഡി.എഫ് വലിയ ഭീഷണിയാണ് നേരിടേണ്ടി വരിക.

ഈ തിരിച്ചറിവ് തന്നെയാണ് മുരളീധരന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2000 വോട്ട് മറിഞ്ഞാല്‍ തന്നെ 20 മണ്ഡലങ്ങളിലെ ഫലമാണ് മാറിമറിയുക. ഇവിടെയാണ് ജോസ്.കെ മാണി വിഭാഗം നിര്‍ണായകമാകാന്‍ പോകുന്നത്. തെക്കന്‍ കേരളത്തില്‍ ആര്‍.എസ്.പി മാത്രമാണ് യു.ഡി.എഫിന് പേരിനെങ്കിലും പറ്റുന്ന ഒരു ഘടക കക്ഷി. അവര്‍ക്കാകട്ടെ കൊല്ലം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ മാത്രമാണ് സ്വാധീനമുള്ളത്. ജോസ് വിഭാഗം മുന്നണി വിട്ടത് ആര്‍.എസ്.പിയുടെയും ചങ്കിടിപ്പിച്ചിട്ടുണ്ട്.

തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ഏഴു ജില്ലകളില്‍ ഫലത്തില്‍ ഒറ്റക്ക് മത്സരിക്കേണ്ട ഗതികേടാണ് കോണ്‍ഗ്രസ്സിനുള്ളത്. ഇതില്‍ തൊടുപുഴയില്‍ മാത്രമാണ് പി.ജെ. ജോസഫിന് സ്വാധീനമുള്ളത്. കടുതുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ കാര്യവും ഇപ്പോഴത്തെ സാഹചര്യത്തില്‍ പരുങ്ങലിലാണ്. മലബാറിലെ മലയോര ജില്ലകളായ വയനാട്ടിലും കണ്ണൂരിലും ചില മണ്ഡലങ്ങളിലും ജോസ് വിഭാഗം കേരള കോണ്‍ഗ്രസ്സ് നിര്‍ണ്ണായക ഘടകമാണ്.

കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് യഥാര്‍ത്ഥത്തില്‍ ശക്തമായ യു.ഡി.എഫ് സംവിധാനമുള്ളത്. അതാകട്ടെ മുസ്ലീം ലീഗ് മുന്നണിയിലുള്ളതു കൊണ്ട് മാത്രവുമാണ്. മലബാറില്‍ ഇടതുപക്ഷം ശക്തമായതിനാല്‍ ഇവിടെയും ശക്തമായ പോരാട്ടമാണ് നടക്കുക. ലോകസഭ തിരഞ്ഞെടുപ്പ് ‘ഫലം’ മുന്‍ നിര്‍ത്തി ലീഗ് പോലും മലബാറില്‍ മനക്കോട്ട കെട്ടാത്തതും അതു കൊണ്ടാണ്. ഉള്ള സീറ്റുകള്‍ നിലനിര്‍ത്തുക ഭരണം കിട്ടിയില്ലെങ്കില്‍ പ്രധാന പ്രതിപക്ഷമാകുക എന്നതാണ് ലീഗിന്റെ നിലവിലെ ലക്ഷ്യം. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ അത് പ്രതിപക്ഷ രാഷ്ട്രീയത്തില്‍ കൂടിയാണ് വലിയ മാറ്റങ്ങളാണുണ്ടാക്കാന്‍ പോകുന്നത്.

Top