ചർച്ചയിൽ ധാരണ; രാജസ്ഥാനിൽ ഗെലോട്ടും സച്ചിനും ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് ഹൈക്കമാൻഡ്

ന്യൂഡൽഹി: രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഒന്നിച്ചു മുന്നോട്ടു നീങ്ങുമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വേണുഗോപാൽ. ഗെലോട്ടിനും സച്ചിനുമൊപ്പമാണ് വേണുഗോപാൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

‘‘അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഒരുമിച്ചു മുന്നോട്ടു പോകും. ഇരുവരും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. രാജസ്ഥാനിൽ ഞങ്ങൾ തന്നെ വിജയിക്കും. രാജസ്ഥാനിൽ ഭരണം നിലനിർത്തും. എല്ലാ കാര്യങ്ങളിലും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും”– വേണുഗോപാൽ പറഞ്ഞു. നാലു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് നിർണായക പ്രസ്താവന.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരുതീർക്കാൻ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് ചർച്ച നടന്നത്. ഖർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർ രണ്ടു മണിക്കൂർ ഗെലോട്ടുമായി ചർച്ച നടത്തി. തുടർന്ന് സച്ചിൻ പൈലറ്റും ഖർഗെയുടെ വസതിയിൽ എത്തുകയായിരുന്നു. രാഹുൽ യുഎസ് സന്ദർശനത്തിനു തിരിക്കുന്നതിനു മുൻപു പ്രശ്നം പരിഹരിക്കാനാണു ഹൈക്കമാൻഡ് ശ്രമിച്ചത്. വർഷാവസാനം സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഇരു നേതാക്കൾക്കുമിടയിൽ അനുരഞ്ജനമുറപ്പിക്കാൻ നീക്കം നടന്നത്.

Top