ബി.ജെ.പിക്ക് രാഷ്ട്രീയ ‘ആയുധം’ നൽകി കോൺഗ്രസ്സ്, പ്രതിപക്ഷത്തിന് ആശങ്ക

ബി.ജെ.പിക്ക് രാഷ്ട്രീയ ആയുധം നല്‍കുന്നതില്‍ എക്കാലത്തും വലിയ പങ്കു വഹിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആ ചരിത്രമാണ് പഞ്ചാബിലും ഇപ്പോള്‍ അവര്‍ത്തിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ നരേന്ദ്രമോഡിയെ പഞ്ചാബില്‍ വഴി തടഞ്ഞ സംഭവം, നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കിയാണ് ബി.ജെ.പി കടന്നാക്രമണം തുടങ്ങിയിരിക്കുന്നത്. പാക്ക് അതിര്‍ത്തിക്ക് സമീപം പ്രധാനമന്ത്രിയെ കുടുക്കിയത് ഉയര്‍ത്തി കാട്ടി, ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും മുതല്‍, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വരെ രംഗത്തു വന്നു കഴിഞ്ഞു.

”ജീവനോടെ ബാക്കിയാക്കിയതിന് കോണ്‍ഗ്രസിന്റെ പഞ്ചാബ് മുഖ്യമന്ത്രി ഛന്നിക്ക് നന്ദി അറിയിച്ച നരേന്ദ്രമോഡിയുടെ പ്രസ്താവനയും” യു.പി, പഞ്ചാബ് തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടു തന്നെയാണ്. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ ഒരു വിഭാഗം കര്‍ഷകര്‍ തടയാനിടയായത് പഞ്ചാബ് സര്‍ക്കാരിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. പ്രധാനമന്ത്രിയെ തടഞ്ഞത് നേട്ടമാകുമെന്ന് കരുതുന്ന കോണ്‍ഗ്രസിന് കര്‍ഷകരെ മുന്‍ നിര്‍ത്തിയുള്ള ഈ കളിയില്‍ ചുവട് പിഴച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയെ തടഞ്ഞതില്‍ ന്യായീകരണവുമായെത്തുന്ന കോണ്‍ഗ്രസിന് സ്വന്തം പാളയത്തില്‍ നിന്നു തന്നെ ശക്തമായ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. പഞ്ചാബ് മുന്‍ പി.സി.സി പ്രസിഡന്റും തെരഞ്ഞെടുപ്പ് സമിതി തലവനുമായ സുനില്‍ജാക്കര്‍ സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു എന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജാക്കര്‍ തുറന്നടിച്ചിരിക്കുന്നത്. ”പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടത് ജനാധിപത്യത്തിന്റെകൂടി ആവശ്യമായിരുന്നുവെന്ന” ജാക്കറിന്റെ ട്വീറ്റ് പൊള്ളിക്കുന്നത് കോണ്‍ഗ്രസ് നിലപാടിനെയാണ്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും വെറും 10 കിലോമീറ്റര്‍ മാത്രം അകലെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന ക്യാപ്റ്റന്‍ അമരീന്ദര്‍സിങിന്റെ പ്രതികരണം സോഷ്യല്‍ മീഡിയകളിലും വ്യാപകമായാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. പഞ്ചാബിന്റെ മനസ് അറിഞ്ഞുള്ള പ്രതികരണമാണിത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രികൂടിയായ അമരീന്ദര്‍സിങ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ച്, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പഞ്ചാബിലെ ഫിറോസ്പുരിലെ യോഗത്തില്‍ പങ്കെടുത്താല്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ പ്രധാന്യവും രാഷ്ട്രീയ നേട്ടവുമാണ് പ്രധാനമന്ത്രിയെ ഒരു വിഭാഗം കര്‍ഷകര്‍ തടഞ്ഞതിലൂടെ ബി.ജെ.പിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കര്‍ഷക സമരം പൊളിക്കാന്‍ ഒപ്പം കൂടിയ ചില കരിങ്കാലികള്‍ക്കും ഇതില്‍ പങ്കുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തിയതും ഇത്തരക്കാരാണ്. അതും കര്‍ഷക സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നത്. എന്നിട്ടും കര്‍ഷകര്‍ അദ്ദേഹത്തെ തടഞ്ഞത് ജനവികാരം മോഡിക്ക് അനുകൂലമാക്കാനാണ് ഇടയാക്കുക.

ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍, ഇതിന്റെ നേട്ടം കൊയ്യാനാകുമെന്നാണ് ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്. നിലവില്‍ പ്രധാനമന്ത്രിയെ തടഞ്ഞത് വൈകാരിക വിഷയമാക്കി ഉയര്‍ത്തികാട്ടുകയാണ് ബി.ജെ.പി ചെയ്യുന്നത്. അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യമായതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറെ പ്രതിരോധത്തിലാണ്. ആം ആദ്മി പാര്‍ട്ടിയും പഞ്ചാബില്‍ ശക്തമായ സാന്നിധ്യമായി വളര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസ്, അമരീന്ദര്‍സിങ് ബി.ജെ.പി സഖ്യം, ആം ആദ്മി പാര്‍ട്ടി, അകാലിദള്‍ എന്നിങ്ങനെ ശക്തമായ ചതുഷ്‌കോണ മത്സരത്തിന് അരങ്ങൊരുങ്ങിയ പഞ്ചാബില്‍ ബി.ജെ.പി മുന്നണിക്ക് പ്രതീക്ഷ പകരുന്നതാണ് പ്രധാനമന്ത്രിയെ തടഞ്ഞതിലൂടെ ലഭിച്ച മേല്‍ക്കൈ. ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചാലും മുഖ്യ പ്രതിപക്ഷമാകാന്‍ ഒരു പക്ഷേ ബി.ജെ.പി മുന്നണിക്ക് കഴിഞ്ഞേക്കും.

അമരീന്ദര്‍ സിങ് കൈവിട്ടതോടെ ദുര്‍ബലമായ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതോടെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. കേന്ദ്ര ഭരണം പിടിച്ചിട്ടും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ ഭരണം പിടിക്കാന്‍ കഴിയാതിരുന്നത് ബി.ജെ.പിയുടെ വമ്പന്‍ പരാജയമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബാലാകോട്ട് മിന്നലാക്രമണം പ്രചരണായുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി പഞ്ചാബില്‍ വന്‍ വിജയം പ്രതീക്ഷിച്ചെങ്കിലും പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്ത പാരമ്പര്യമുള്ള മുന്‍ സൈനിക ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ കരുത്തില്‍ കോണ്‍ഗ്രസ് പഞ്ചാബ് കോട്ട കാക്കുകയാണ് ഉണ്ടായത്.

എന്നാല്‍ ഇപ്പോള്‍, പ്രധാനമന്ത്രിയെ തടഞ്ഞതിനെതിരെ ഉയരുന്ന വികാരവും അമരീന്ദര്‍ സിങിന്റെ പിന്തുണയും ബി.ജെ.പിയുടെ പഞ്ചാബ് പ്രതീക്ഷക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്. പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞത് ബി.ജെ.പിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുക യു.പിയിലാണ്. ‘പ്രധാനമന്ത്രിയെ പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് 10 കിലോ മീറ്റര്‍ അകലെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പ്രചരണം ‘ യു.പിയില്‍ ബി.ജെ.പിക്ക് കരുത്തായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വെല്ലുവിളികളെ എളുപ്പത്തില്‍ മറികടക്കാനും ഇതുവഴി ബി.ജെ.പിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മതേതര ചേരിയെ ആണ് യഥാര്‍ത്ഥത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ദുര്‍ബലമാക്കിയിരിക്കുന്നത്. ഇതിന് കോണ്‍ഗ്രസ്സ് നേതൃത്വം മറുപടി പറഞ്ഞേ പറ്റൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ ലീഗ് പതാക കണ്ട് രാഹുല്‍ മത്സരിക്കുന്നത് പാക്കിസ്ഥാനിലാണോ എന്നാണ് അമിത്‌ ഷായും യോഗിയും എല്ലാം ചോദ്യം ഉയര്‍ത്തിയിരുന്നത്. ഇതോടെയാണ് നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേതിയില്‍ പോലും രാഹുല്‍ പരാജയപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നത്. ജാതി, മത സമവാക്യങ്ങളും വൈകാരിക വിഷയങ്ങളും വോട്ടാകുന്ന യു.പിയില്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പ്രചരണം ബി.ജെ.പി തുരുപ്പ് ചീട്ടാക്കുന്നതും ബോധപൂര്‍വ്വമാണ്. ഇപ്പോഴും രാജ്യത്ത് കൂടുതല്‍ ജനപിന്തുണയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ്.

ഒരേസമയം രാഷ്ട്രീയ നേട്ടത്തിനൊപ്പം കര്‍ഷക സമരത്തെ അമര്‍ച്ച ചെയ്യാനുള്ള ആയുധം കൂടിയാണ് പ്രധാനമന്ത്രിയെ തടഞ്ഞതിലൂടെ ബി.ജെ.പിക്ക് നിലവില്‍ വീണു കിട്ടിയിരിക്കുന്നത്. കര്‍ഷകരോട് കോണ്‍ഗ്രസ്സ് ചെയ്ത വലിയ ദ്രോഹമാണിത്. പഞ്ചാബില്‍ ബി.ജെ.പിയുടെ ഒരു റാലിയും അനുവദിക്കില്ലെന്ന ഭാരതീയ കിസാന്‍ യൂണിയന്റെ ഏക്ത ഉഗ്രഹന്‍ വിഭാഗത്തിന്റെ പ്രഖ്യാപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചിട്ടും ബി.ജെ.പിക്കെതിരെ പഞ്ചാബില്‍ രാഷ്ട്രീയ നീക്കം നടത്തുന്നതിനോട് കര്‍ഷക സംഘടനകളില്‍ വലിയ വിഭാഗത്തിനും ശക്തമായ എതിര്‍പ്പാണുള്ളത്. കുളം കലക്കി മീന്‍ പിടിക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ തിരിച്ചടിക്കുകയാണ് ചെയ്യുക.

EXPRESS KERALA VIEW

Top