അയോധ്യ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം; എന്‍ഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

യോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് എന്‍ഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളില്‍ നിശ്ചയിച്ച പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റി.

ഇതിനിടെ, സസ്പന്‍ഷനെതിരായ പ്രതിഷേധ സമരത്തില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. എസ്എഫ്‌ഐ മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയാ പ്രസിഡന്റ് യാസിര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇതേ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചിടാന്‍ തീരുമാനിച്ചത്.

രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ ‘ഇന്ത്യ രാമ രാജ്യമല്ല’ എന്ന പ്ലക്കാര്‍ഡുയര്‍ത്തി ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്പന്‍ഡ് ചെയ്തിരുന്നത്. എന്‍.ഐ.ടി സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ സസ്പന്‍ഷന്‍ പിന്‍വലിച്ചു. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്.

Top