The conflict between the journalist and lawyers, the High Court Complex

കൊച്ചി: ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.
ഗവ.പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലിയാണ്‌ സംഘര്‍ഷമുണ്ടായത്.

ധനേഷ് മാത്യൂവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയ സ്ഥലത്തേക്ക് കാറോടിച്ചു കയറ്റാനും അഭിഭാഷകര്‍ ശ്രമിച്ചു. സംഘര്‍ഷത്തിന് അയവില്ലാതെ വന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

ഇത് കോടതി പരിസരമാണെന്നും ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു അഭിഭാഷകര്‍ കൈയ്യേറ്റത്തിന്‌ മുതിര്‍ന്നത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

സംഘര്‍ഷത്തിനിടെ ഏഷ്യാനെറ്റ് , മീഡിയ വണ്‍ ചാനലുകളുടെ ക്യാമറാമാന്‍മാരായ രാജേഷ് തകഴി, മോനിഷ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് അഭിഭാഷകരെ ശാന്തരാക്കിയത്.

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയ സ്ഥലത്തേക്ക് അഭിഭാഷകര്‍ കാറോടിച്ച് കയറ്റി. സംഘര്‍ഷത്തിന് അയവില്ലാതെ വന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു

സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് സംഘടിച്ചെത്തിയ അഭിഭാഷകര്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.

വനിതാ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍, കൈയ്യേറ്റത്തിനും മുതിര്‍ന്നു. അക്രമത്തിനു ശേഷം അഭിഭാഷകര്‍ ഹൈക്കോടതിയില്‍ അഭയം തേടുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി .ഇരു ഭാഗത്തേയും വിരട്ടി ഓടിച്ചു. എന്നാല്‍, അക്രമികളെ ആരേയും അറസ്റ്റു ചെയ്യാന്‍ പൊലീസിനായില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശും സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

അക്രമം നടത്തിയ അഭിഭാഷകരെ ന്യായീകരിക്കാനാകില്ല. പ്രശ്‌നത്തില്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രശ്‌നത്തില്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള പത്ര പ്രവര്‍ത്തക യുണിയന്‍ അറിയിച്ചു.

കൊച്ചി കോണ്‍വെന്റ് റോഡില്‍വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് പൊലീസ് ഗവ.പ്ലീഡറായ ധനേഷിനെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കുകയും അതിലുറച്ചുനില്‍ക്കുകയും ചെയ്‌തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്നുമാണ് അഭിഭാഷകരുടെ വാദം.

Top