ജി എസ് ടിക്കായി വ്യവസായമേഖല തയ്യാറെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്

gst

ജൂലൈ 1 മുതല്‍ നടപ്പിലാക്കുന്ന ചരക്കു സേവന നികുതിക്ക് ഇന്ത്യന്‍ വ്യവസായ മേഖല തയ്യാറെന്ന് വ്യക്തമാക്കി ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി ഐ ഐ).

നിലവില്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി കേന്ദ്ര, സംസ്ഥാനങ്ങള്‍ ചുമത്തുന്ന നിരവധി നികുതികള്‍ക്ക് പകരമായാണ് ജിഎസ്ടി നടപ്പിലാക്കുന്നത്.

കൂടിയാലോചനകള്‍ക്കും സഹകരണ സമീപനങ്ങള്‍ക്കും ശേഷം ജി എസ് ടി അന്തിമരൂപത്തിലെത്തിയിരിക്കുകയാണ്.

അതിന്റെ അവതരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സി ഐ ഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.

പുതിയ ചട്ടങ്ങള്‍ അനുസരിക്കുവാന്‍ സംരംഭങ്ങളെ പ്രാപ്തരാക്കുന്നതിന് രാജ്യത്തുടനീളം 100 വര്‍ക്‌ഷോപ്പുകള്‍ സി ഐ ഐ സംഘടിപ്പിക്കും.

ഏകദേശം 5,000 സംരംഭങ്ങള്‍ ഇത്തരം വര്‍ക്ഷോപ്പുകളില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പങ്കെടുക്കുന്നവര്‍ക്ക് ജി എസ് ടി സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതിന് ഒരു ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്. ജി എസ് ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യവസായ മേഖലയെ അറിയിക്കാന്‍ ബോധവല്‍ക്കരണ പരിപാടിയും ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും സി ഐ ഐ തങ്ങളുടെ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യം സ്വാതന്ത്ര്യം നേടിയശേഷം നടപ്പാകുന്ന ഏറ്റവും പ്രധാനപ്പെട്ട നികുതി പരിഷ്‌കരണമാണ് ജി എസ് ടി എന്നും ബാനര്‍ജി വ്യക്തമാക്കി.

Top